കൊല്‍ക്കത്തയ്ക്ക് എട്ടിന്റെ പണി, ബെംഗളൂരിനും നിര്‍ണായകം; കളി നടന്നില്ലെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെ...
2025 IPL
കൊല്‍ക്കത്തയ്ക്ക് എട്ടിന്റെ പണി, ബെംഗളൂരിനും നിര്‍ണായകം; കളി നടന്നില്ലെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെ...
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th May 2025, 10:23 pm

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് ഐ.പി.എല്‍ പുനരാരംഭിക്കുന്നത്. എന്നാല്‍ ബെംഗളൂരുവില്‍ മഴ തുടരുന്ന പശ്ചാതലത്തില്‍ ടോസ് വൈകുകയാണ്. മാത്രമല്ല മത്സരം ഒഴിവാക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് ഓവര്‍ മത്സരം നടത്താനുള്ള അവസാന സമയം 10.40വരെയാണ്.

നിലവില്‍ ബെംഗളൂരുവിനും കൊല്‍ക്കത്തയ്ക്കും ഈ മത്സരം ഒരുപോലെ നിര്‍ണായകമാണ്. ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനിക്കുന്നതിന് മുമ്പുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫിലേക്ക് എത്താനുള്ള സാധ്യതകള്‍ തുറക്കൂ.

അതിനായി ടീമിന് ഈ മത്സരത്തില്‍ നിന്ന് രണ്ട് പോയിന്റുകള്‍ നേടേണ്ടത് ഏറെ നിര്‍ണായകമാണ്. എന്നാല്‍ മഴ കാരണം മത്സരം നടന്നില്ലെങ്കില്‍ ഇരുവരും ഓരോ പോയിന്റ് വീതം പങ്കിട്ടാല്‍ കൊല്‍ക്കത്ത ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്യും.

അതേസമയം കന്നി കിരീടം ചൂടാന്‍ സ്വപ്‌നം കാണുന്ന ബെംഗളൂരുവിന് പ്ലേ ഓഫ് ഉറപ്പിക്കാനും ഒന്നാം സ്ഥാനത്ത് എത്താനും ഇന്നത്തെ മത്സരത്തില്‍ വിജയം സ്വന്തമാക്കേണ്ടത് അനിവാര്യമാണ്.

നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരാണ്. 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയുമായി ടീമിന് 16 പോയിന്റുണ്ട്. കൊല്‍ക്കത്ത 12 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ 11 പോയിന്റുമായി ആറാം സ്ഥാനത്താണ്.

മത്സരം നടന്നില്ലെങ്കില്‍ ലഭിക്കുന്ന ഒരു പോയിന്റിന്റെ പിന്‍ബലത്തില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് ബെംഗളൂരു എത്തുമെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാന്‍ ടീമിന് കഴിയില്ല. നിലവില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ അതിന്റെ അവസാനഘട്ടത്തോട് അടുക്കുമ്പോള്‍ ആദ്യ ആറ് സ്ഥാനത്തുള്ള ടീമുകളും പ്ലേ ഓഫിലേക്ക് എത്താന്‍ പോരാടിക്കൊണ്ടിരിക്കുകയാണ്.

Content Highlight: IPL 2025: RCB VS KKR Match Update: Toss Delayed Due To Rain