റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഏറെ പ്രകതീക്ഷയോടെ കാത്തിരുന്നെങ്കിലും ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. അഞ്ച് ഓവര്‍ മത്സരം നടത്താനുള്ള അവസാന സമയം 10.40വരെ നല്‍കിയെങ്കിലും മഴ മാറാത്ത സാഹചര്യത്തില്‍ ഫീല്‍ഡ് അമ്പയര്‍ മത്സരം ഉപേക്ഷിച്ചതായി അറിയിക്കുകയായിരുന്നു.
ഇതോടെ ടൂര്‍ണമെന്റിന്റെ 18ാം സീസണില്‍ നിന്ന് ഡിഫന്റിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്തായിരിക്കുകയാണ്. ബെംഗളൂരുവിനും കൊല്‍ക്കത്തയ്ക്കും ഈ മത്സരം ഒരുപോലെ നിര്‍ണായിരുന്നു. ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനിക്കുന്നതിന് മുമ്പുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫിലേക്ക് എത്താനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നുള്ളൂ.
അതിനായി ടീമിന് ഈ മത്സരത്തില്‍ നിന്ന് രണ്ട് പോയിന്റുകള്‍ നേടേണ്ടത് ഏറെ നിര്‍ണായമായിരുന്നു. പക്ഷെ മഴ കാരണം മത്സരം നടക്കാതെ വന്നതോടെ ഇരുവരും ഓരോ പോയിന്റ് വീതം പങ്കിടുകയായിരുന്നു.
അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയുമുള്‍പ്പെടെ 17 പോയിന്റാണ് ടീമിന്. കൊല്‍ക്കത്ത 13 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ 12 പോയിന്റുമായി ആറാം സ്ഥാനത്താണ്.
എന്നാല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ബെംഗളൂരുവിന് കഴിഞ്ഞെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാന്‍ ടീമിന് കഴിയില്ല. നിലവില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ അതിന്റെ അവസാനഘട്ടത്തോട് അടുക്കുമ്പോള്‍ പ്ലേ ഓഫിലേക്ക് എത്താന്‍ പോരാടിക്കൊണ്ടിരിക്കുകയാണ് ആദ്യ അഞ്ച് ടീമുകളും.