ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ രണ്ട് പന്ത് അവശേഷിക്കെ രണ്ട് വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്. ഇതോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകളും മങ്ങിയിരിക്കുകയാണ്.
ആവേശം നിറഞ്ഞ മത്സരത്തിലെ ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് ചെന്നൈക്ക് വിജയം നേടാന്‍ സാധിച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് ഉയര്‍ത്തിയത്. എന്നാല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു ചെന്നൈ.
മത്സരത്തില്‍ ചെന്നൈക്ക് വേണ്ടി ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. നാല് ഓവര്‍ എറിഞ്ഞ് 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് രവീന്ദ്ര ജഡേജ നേടിയത്. മാത്രമല്ല ബാറ്റിങ്ങിലും താരം നിറം മങ്ങി. 10 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 19 റണ്‍സാണ് താരം നേടിയത്. എന്നിരുന്നാലും ഒരു തകര്‍പ്പന്‍ നേട്ടം കൈവരിക്കാന്‍ ജഡേജയ്ക്ക് സാധിച്ചിരിക്കുകയാണ്.
ചെന്നൈക്ക് വേണ്ടി ഐ.പി.എല്ലില്‍ നിന്നും മാത്രമായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയെ മറികടന്നാണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത്.
ചെന്നൈക്ക് വേണ്ടി ഐ.പി.എല്ലില്‍ നിന്നും മാത്രമായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരം, വിക്കറ്റും
രവീന്ദ്ര ജഡേജ – 141*
ഡ്വെയ്ന്‍ ബ്രാവോ – 140
രവിചന്ദ്രന്‍ അശ്വിന്‍ – 95
ദീപക് ചഹര്‍ – 76
ആല്‍ബി മോര്‍ക്കല്‍ – 76
മത്സരത്തില്‍ ഇമ്പാക്ട് ആയി ഇറങ്ങിയ ശിവം ദുബെയും ധോണിയും തമ്മിലുള്ള കൂട്ടുകെട്ട് ടീമിനെ വിജയത്തില്‍ എത്തിക്കുമെന്ന് കരുതിയെങ്കിലും 40 പന്തില്‍ മൂന്ന് സിക്സറും രണ്ട് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടി ശിവം മടങ്ങി. വൈഭവ് അറോറയായിരുന്നു താരത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. അവസാനഘട്ടത്തില്‍ എം.എസ്. ധോണിയുടെ ചെറുത്തുനില്‍പ്പും അന്‍ഷുല്‍ കാംബോജിന്റെ ബൗണ്ടറി നേടിയുള്ള ഫിനിഷിങ്ങും ചെന്നൈയെ സീസണിലെ മൂന്നാം വിജയത്തില്‍ എത്തിച്ചു. ധോണി 18 പന്തില്‍ 17 റണ്‍സായിരുന്നു നേടിയത്.
മറുപടി ബാറ്റിങ്ങില്‍ ചെന്നൈക്ക് വലിയ തിരിച്ചടിയായിരുന്നു തുടക്കത്തില്‍ ലഭിച്ചത്.
ഓപ്പണര്‍മാരായ ആയുഷ് മാഹ്ത്രെ, ഡെവോണ്‍ കോണ്‍വേ എന്നിവരെ പൂജ്യം റണ്‍സിന് കൂടാരം കയറ്റിയാണ് കൊല്‍ക്കത്ത ബൗളിങ് തുടങ്ങിയത്. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചത് മൂന്നാമനായി ഇറങ്ങിയ അരങ്ങേറ്റക്കാരന്‍ ഉര്‍വില്‍ പട്ടേലാണ്. 11 പന്തിയില്‍ നിന്ന് നാല് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 31 റണ്‍സ് നേടിയാണ് താരം പുറത്തായത്.
ഹര്‍ഷിത് പട്ടേല്‍ ആണ് ഉര്‍വിലിന്റെ വിക്കറ്റ് നേടിയത്. ശേഷം രവീന്ദ്ര ജഡേജ 19 റണ്‍സിന് വരുണ്‍ ചക്രവര്‍ത്തിയുടെ ഇരയായപ്പോള്‍ കളത്തില്‍ ഇറങ്ങിയ ഡെവാള്‍ഡ് ബ്രവിസ് ആണ് ടീമിനുവേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത്. 25 പന്തില്‍ നിന്ന് നാല് സിക്സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് ആണ് താരം നേടിയത്.
Content Highlight: IPL 2025: Ravindra Jadeja Achieve Great Record In IPL For CSK