കാത്തിരിപ്പിനും കണ്ണീരിനും വിരാമമിട്ട് പതിനെട്ടാം സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കന്നി കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയാണ് മോഹ കപ്പ് ടീം സ്വന്തമാക്കിയത്.
സീസണ്‍ അവസാനിച്ചതോടെ ടൂര്‍ണമെന്റിലെ അവാര്‍ഡുകളും വിതരണം ചെയ്തിരുന്നു. അതില്‍ ആരാധകര്‍ ഏറ്റവും ആവേശത്തോടെ ഉറ്റുനോക്കിയ സൂപ്പര്‍ സ്ട്രൈക്കര്‍ അവാര്‍ഡ് നേടിയത് രാജസ്ഥാന്‍ റോയല്‍സിന്റെ 14കാരന്‍ താരം വൈഭവ് സൂര്യവംശിയാണ്. 206.55 എന്ന സൂപ്പര്‍ സ്‌ട്രൈക്ക് റേറ്റ് നേടിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
പതിനെട്ടാം സീസണില്‍ രാജസ്ഥാന് വേണ്ടി ഏഴ് മത്സരങ്ങളിലാണ് സൂര്യവംശി കളത്തിലിറങ്ങിയത്. 122 പന്തുകള്‍ നേരിട്ട താരം 252 റണ്‍സാണ് അടിച്ചെടുത്തിട്ടുണ്ട്. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നിക്കോളാസ് പൂരന്‍ (196.25), സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ അഭിഷേക് ശര്‍മ (193.39) എന്നിവരെ മറികടന്നാണ് സഞ്ജുവിന്റെ ടീമിലെ കൗമാര താരം അവാര്‍ഡ് നേടിയത്.
സീസണിന്റെ പകുതിയില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പരിക്കേറ്റ് മത്സരങ്ങള്‍ നഷ്ടമായപ്പോള്‍ ടീമിനായി ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച താരം വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു. കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെ 20 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 34 റണ്‍സെടുത്തതാണ് തന്റെ വരവറിയിച്ചത്.
പിങ്ക് ആര്‍മിക്ക് വേണ്ടി കളിച്ച മൂന്നാം മത്സരത്തില്‍ തന്നെ അതിവേഗ സെഞ്ച്വറി നേടി സൂര്യവംശി ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 38 പന്തില്‍ 101 റണ്‍സ് നേടി ടി – 20 ക്രിക്കറ്റിലും ഐ.പി.എല്ലിലും സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായിരുന്നു. കൂടാതെ, ടൂര്‍ണമെന്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് വൈഭവ് സ്വന്തമാക്കി.
സെഞ്ച്വറിക്ക് പുറമെ ഒരു അര്‍ധ സെഞ്ച്വറിയും സൂര്യവംശി നേടിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ പകുതി മത്സരങ്ങളില്‍ കളിച്ചിട്ടുള്ളെങ്കിലും 24 സിക്സും 18 ഫോറും അടിച്ചു കൂട്ടിയിട്ടുണ്ട്.
Content Highlight: IPL 2025: Rajasthan Royals young player Vaibhav Suryavanshi won the Tata Curvv Super Striker Award in ongoing season