ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് പ്ലേ ഓഫിന് തൊട്ടരികിലെത്തി നില്‍ക്കുകയാണ്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് റണ്‍സിന്റെ വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്.
പഞ്ചാബ് ഉയര്‍ത്തിയ 220 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. നേഹല്‍ വധേര, ശശാങ്ക് സിങ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും ഹര്‍പ്രീത് ബ്രാറിന്റെ മികച്ച ബൗളിങ് പ്രകടനത്തിന്റെയും കരുത്തിലാണ് പഞ്ചാബ് വിജയം പിടിച്ചടക്കിയത്.
ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം തവണ ചെയ്‌സിങ്ങില്‍ പരാജയപ്പെടുന്ന ടീമെന്ന അനാവശ്യ നേട്ടമാണ് ഇതില്‍ ആദ്യം. ഇത് എട്ടാം തവണയാണ് രാജസ്ഥാന്‍ ഈ സീസണില്‍ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പരാജയപ്പെടുന്നത്.
2012ലും 2013ലും എട്ട് തവണ ചെയ്‌സിങ്ങില്‍ പരാജയപ്പെട്ട പൂനെ വാറിയേഴ്‌സിനൊപ്പമാണ് രാജസ്ഥാന്‍ മോശം റെക്കോഡില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം തവണ ചെയ്‌സിങ്ങിനിടെ പരാജയപ്പെട്ട ടീമുകള്‍
(ടീം – പരാജയം – സീസണ്‍ എന്നീ ക്രമത്തില്‍)
പൂനെ വാറിയേഴ്‌സ് ഇന്ത്യ – 8 – 2012
പൂനെ വാറിയേഴ്‌സ് ഇന്ത്യ – 8 – 2013
രാജസ്ഥാന്‍ റോയല്‍സ് – 8 – 2025*
ദല്‍ഹി ഡെയര്‍ഡെവിള്‍സ് – 7 – 2013
ദല്‍ഹി ക്യാപ്പിറ്റല്‍സ് – 7 – 2023
ഇത് അഞ്ചാം തവണയാണ് രാജസ്ഥാന്‍ ഹോം കണ്ടീഷനില്‍ പരാജയപ്പെടുന്നത്. ഒരു ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ ഏറ്റവുമധികം ഹോം ഡിഫീറ്റുകള്‍ ഏറ്റുവാങ്ങിയതും ഈ സീസണിലാണ്. 2023ലും രാജസ്ഥാന് അഞ്ച് തവണ സ്വന്തം തട്ടകത്തില്‍ കാലിടറിയിരുന്നു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബിന് നാല് ഓവര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ടോപ് ഓര്‍ഡറിനെ നഷ്ടപ്പെട്ടിരുന്നു. പ്രിയാന്‍ഷ് ആര്യ (ഏഴ് പന്തില്‍ ഒമ്പത്), മിച്ചല്‍ ഓവന്‍ (രണ്ട് പന്തില്‍ പൂജ്യം). പ്രഭ്സിമ്രാന്‍ സിങ് (പത്ത് പന്തില്‍ 21) എന്നിവരാണ് പുറത്തായത്.
നാലാം ഓവറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനെ ഒപ്പം കൂട്ടി നേഹല്‍ വധേര സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ടീം സ്‌കോര്‍ 101ല്‍ നില്‍ക്കവെ ശ്രേയസിനെ പുറത്താക്കി റിയാന്‍ പരാഗാണ് കൂട്ടുകെട്ട് പൊളിച്ചത്. 25 പന്തില്‍ 30 റണ്‍സുമായി ശ്രേയസ് ജെയ്സ്വാളിന് ക്യാച്ച് നല്‍കി മടങ്ങി.
പിന്നാലെയെത്തിയ ശശാങ്ക് സിങ്ങിനൊപ്പവും വധേര അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 159ല്‍ നില്‍ക്കവെ 37 പന്തില്‍ 70 റണ്‍സുമായി വധേര മടങ്ങി. സീസണിലെ രണ്ടാം അര്‍ധ സെഞ്ച്വറിയാണ് താരം തന്റെ പേരില്‍ കുറിച്ചത്.
വധേര പുറത്തായെങ്കിലും ശശാങ്ക് തന്റെ വെടിക്കെട്ട് തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 219 റണ്‍സ് സ്വന്തമാക്കി. ശശാങ്ക് 30 പന്തില്‍ 59 റണ്‍സ് നേടിയപ്പോള്‍ അസ്മത്തുള്ള ഒമര്‍സായ് ഒമ്പത് പന്തില്‍ പുറത്താകാതെ 21 റണ്‍സും നേടി.
രാജസ്ഥാനായി തുഷാര്‍ ദേശ്പാണ്ഡേ രണ്ട് വിക്കറ്റെടുത്തപ്പോള്‍ റിയാന്‍ പരാഗ്, ക്വേന മഫാക്ക, ആകാശ് മധ്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് ഗംഭീര തുടക്കമാണ് യശസ്വി ജെയ്സ്വാളും വൈഭവ് സൂര്യവംശിയും ചേര്‍ന്ന് സമ്മാനിച്ചത്. മൂന്ന് ഓവറില്‍ തന്നെ ടീം സ്‌കോര്‍ 50 കടത്തിയ ഇരുവരുടെയും കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പവര്‍പ്ലേ ടോട്ടലും അടിച്ചെടുത്തിരുന്നു.
— Rajasthan Royals (@rajasthanroyals) May 18, 2025
അഞ്ചാം ഓവറിലെ അഞ്ചാം പന്തിലാണ് രാജസ്ഥാന്‍ റോയല്‍സിന് ആദ്യ വിക്കറ്റായി വൈഭവ് സൂര്യവംശിയെ നഷ്ടമാകുന്നത്. ടീം സ്‌കോര്‍ 76ല്‍ നില്‍ക്കവെ 15 പന്തില്‍ 40 റണ്‍സുമായി താരം തിരിച്ചുനടന്നു. നാല് വീതും ഫോറും സിക്സറുമായി 266.67 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
വണ്‍ഡൗണായെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണെ ഒപ്പം കൂട്ടി യശസ്വി ജെയ്സ്വാള്‍ ടീം സ്‌കോര്‍ നൂറ് കടത്തി. അധികം വൈകാതെ തന്റെ അര്‍ധ സെഞ്ച്വറിയും ജെയ്സ്വാള്‍ പൂര്‍ത്തിയാക്കി.
25 പന്തില്‍ 50 റണ്‍സടിച്ചാണ് ജെയ്സ്വാള്‍ മടങ്ങിയത്. ഒമ്പത് ഫോറും ഒരു സിക്സറും അടക്കം 200.00 സ്ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. സീസണില്‍ താരത്തിന്റെ ആറാം ഫിഫ്റ്റിയാണിത്.
ക്യാപ്റ്റന്‍ സഞ്ജു സാംസണും (16 പന്തില്‍ 20), റിയാന്‍ പരാഗിനും (11 പന്തില്‍ 13) കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ല. ഷിംറോണ്‍ ഹെറ്റ്മെയര്‍ (12 പന്തില്‍ 11) വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ ധ്രുവ് ജുറെല്‍ ഒരറ്റത്ത് പ്രതീക്ഷയായി നിലയുറപ്പിച്ചു.
— Rajasthan Royals (@rajasthanroyals) May 18, 2025
അവസാന ഓവറിലെ മൂന്നാം പന്തില്‍ വിജയിക്കാന്‍ 20 റണ്‍സ് വേണമെന്നിരിക്കെ ധ്രുവ് ജുറെലിനെയും രാജസ്ഥാന് നഷ്ടമായി. 31 പന്തില്‍ 53 റണ്‍സ് നേടിയാണ് ജുറെല്‍ തിരിച്ചുനടന്നത്. നാല് സിക്സറും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഒടുവില്‍ രാജസ്ഥാന്‍ 209ന് പോരാട്ടം അവസാനിപ്പിച്ചു.
പഞ്ചാബിനായി ഇംപാക്ട് പ്ലെയറായെത്തിയ ഹര്‍പ്രീത് ബ്രാര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അസ്മത്തുള്ള ഒമര്‍സായിയും മാര്‍കോ യാന്‍സെനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlight: IPL 2025: Rajasthan Royals tops the list of most defeats while chasing in an IPL season