ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന്റെ ആവേശം അവസാനിക്കും മുമ്പേ ഇന്ത്യ വീണ്ടും ക്രിക്കറ്റ് ചൂടിലേക്ക് മടങ്ങുകയാണ്. ഒരേ മനസോടെ ഇന്ത്യയുടെ കിരീടവിജയത്തിനായി ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ക്രിക്കറ്റ് ആരാധകര്‍ മാര്‍ച്ച് 22 മുതല്‍ ചേരി തിരിഞ്ഞ് പരസ്പരം പോരടിച്ചുതുടങ്ങും.
2008ല്‍ ആരംഭിച്ച് ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിക്കാന്‍ പോന്ന ശക്തിയായി വളര്‍ന്ന ഐ.പി.എല്‍ എന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അതിന്റെ 18ാം എഡിഷനിലെത്തി നില്‍ക്കുകയാണ്.
ഓപ്പണിങ് മാച്ച് മാത്രമല്ല, കിരീടപ്പോരാട്ടവും ഈഡന്‍ ഗാര്‍ഡന്‍സില്‍ തന്നെയാണ് നടക്കുക.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ടൂര്‍ണമെന്റിന്റെ ഓപ്പണിങ് മാച്ചില്‍ ഏറ്റുമുട്ടുന്നത്.
ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ആദ്യ മത്സരമായ 2008 സീസണിന്റെ ഉദ്ഘാടന മത്സരത്തിലാണ് ഇരുവരും ഇതിന് മുമ്പ് സീസണിലെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയത്. കൊടുങ്കാറ്റിനെ തോല്‍പിച്ച ബ്രണ്ടന്‍ മക്കെല്ലത്തിന്റെ പ്രകടനവും ബ്ലാക് ആന്‍ഡ് ഗോള്‍ഡ് ജേഴ്‌സിയില്‍ കൊല്‍ക്കത്തയുടെ ആദ്യ വിജയവും ഒരു ക്രിക്കറ്റ് ആരാധകനും മറക്കില്ല.
ഈ സീസണിലേതടക്കം ഇത് അഞ്ചാം തവണയാണ് ആര്‍.സി.ബി ഒരു സീസണിന്റെ ഉദ്ഘാടന മത്സരത്തിനൊരുങ്ങുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാകട്ടെ ഇത് ഏഴാം തവണയാണ് ഉദ്ഘാടന മത്സരം കളിക്കുന്നത്.
ഏറ്റവുമധികം തവണ ഐ.പി.എല്ലിന്റെ ഓപ്പണിങ് മാച്ച് കളിച്ചതിന്റെ റെക്കോഡ് മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പേരിലാണ്. ഒമ്പത് തവണ. എട്ട് തവണ ടൂര്‍ണമെന്റ് ഓപ്പണിങ് മാച്ചിന്റെ ഭാഗമായ സി.എസ്.കെയുടെ ചിരവൈരികളായ മുംബൈ ഇന്ത്യന്‍സാണ് രണ്ടാമത്.
നിലവിലുള്ളതില്‍ മൂന്ന് ടീമുകള്‍ മാത്രമാണ് ഇതുവരെ ഐ.പി.എല്ലിന്റെ ഓപ്പണിങ് മാച്ച് കളിക്കാത്തത്. ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്സ് (കിങ്സ് ഇലവന്‍ പഞ്ചാബ്) എന്നിവര്‍ക്ക് പുറമെ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് ഇനിയും ഒറ്റ ഓപ്പണിങ് മാച്ചിന്റെ പോലും ഭാഗമാകാത്തത്.
ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ ചാമ്പ്യന്‍മാരായിട്ടും രണ്ടാം സീസണില്‍ രാജസ്ഥാന് ഉദ്ഘാടന മത്സരത്തിന്റെ ഭാഗമാകാന്‍ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.