രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ ടീമിനെ നയിക്കില്ല എന്ന മാനേജ്മെന്റ് വ്യക്തമാക്കിയിരിക്കുകയാണ്. വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനുമുള്ള ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്സലന്‍സ് (എന്‍.സി.എ) ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ഈ മത്സരങ്ങളില്‍ പ്യുവര്‍ ബാറ്ററായാകും സഞ്ജു കളത്തിലിറങ്ങുക.
💪 Update: Sanju will be playing our first three games as a batter, with Riyan stepping up to lead the boys in these matches! 💗 pic.twitter.com/FyHTmBp1F5
നേരത്തെ സഞ്ജുവിന് ക്യാപ്റ്റന്‍സിയേറ്റെടുക്കാന്‍ സാധിക്കാതെ വന്നാല്‍ യശസ്വി ജെയ്‌സ്വാളിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് ആരാധകര്‍ വിശ്വസിച്ചിരുന്നത്. ഇന്ത്യന്‍ ടീമിലെ ദി നെക്സ്റ്റ് ബിഗ് തിങ് എന്നും ജനറേഷണല്‍ ടാലെന്റ് എന്നും വിശേഷിക്കപ്പെട്ട ജെയ്‌സ്വാളിനെ രാജസ്ഥാന്‍ എല്ലായ്‌പ്പോഴും പിന്തുണച്ചിരുന്നു. ടീമിന്റെ അടുത്ത ക്യാപ്റ്റന്‍ ജെയ്‌സ്വാള്‍ ആകുമെന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
എന്നാല്‍ സഞ്ജുവിന് ക്ലിയറന്‍സ് ലഭിക്കാതെ വന്ന സാഹചര്യത്തില്‍ ടീം പരാഗില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.
ഇപ്പോള്‍ എന്തുകൊണ്ട് പരാഗിന് ക്യാപ്റ്റന്‍സി നല്‍കി എന്ന വ്യക്തമാക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആഭ്യന്തര തലത്തില്‍ അസമിനെ നയിച്ച പരിചയ സമ്പത്ത് അടക്കം ചൂണ്ടിക്കാണിച്ചാണ് രാജസ്ഥാന്‍ പരാഗിനെ ക്യാപ്റ്റന്‍സിയേല്‍പ്പിച്ചിരിക്കുന്നത്.
‘രാജസ്ഥാന്‍ റോയന്‍സിന്റെ നായകസ്ഥാനത്തേക്ക് റിയാനെ കൊണ്ടുവരുന്ന ഈ തീരുമാനം അവന്റെ ക്യാപ്റ്റന്‍സിയിലുള്ള കഴിവില്‍ ഫ്രാഞ്ചൈസി എത്രത്തോളം വിശ്വസിക്കുന്നു എന്ന് അടിവരയിടുന്നതാണ്. ആഭ്യന്തര തലത്തില്‍ അസമിന്റെ ക്യാപ്റ്റനായികരിക്കെ മികച്ച പ്രകടനമാണ് അവന്‍ പുറത്തെടുത്തത്.
വര്‍ഷങ്ങളായി റോയല്‍സിനൊപ്പം നിര്‍ണായകസാന്നിധ്യമായ അവന് ടീമിന്റെ ഡൈനാമിക്‌സിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഇത് ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ക്യാപ്റ്റന്റെ റോളിലേക്ക് ചുവടുവെക്കാന്‍ അവനെ സജ്ജനാക്കുന്നു,’ റോയല്‍സ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് റിയാന്‍ പരാഗ് ആദ്യമായി രാജസ്ഥാനെ നയിക്കുക. എതിരാളികളുടെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. അടുത്ത രണ്ട് മത്സരങ്ങളും സ്വന്തം തട്ടകത്തിലാണ് രാജസ്ഥാന്‍ കളിക്കുക.
ഹോം ഗ്രൗണ്ടെന്നാല്‍ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമല്ല, അസം, ഗുവാഹത്തിയിലെ ബര്‍സാപര അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് രാജസ്ഥാന്‍ ഈ മത്സരങ്ങള്‍ കളിക്കുക. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടാണിത്.
2023 മുതലാണ് രാജസ്ഥാന്‍ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തെ തങ്ങളുടെ രണ്ടാം ഹോം സ്റ്റേഡിയമായി പരിഗണിക്കാന്‍ തുടങ്ങിയത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിക്കറ്റിന് കൂടുതല്‍ വേരോട്ടമുണ്ടാക്കുക എന്ന ലക്ഷ്യവും കൂടി ഇതിന് പിറകിലുണ്ടായിരുന്നു.
അതേസമയം, ഏപ്രില്‍ അഞ്ചിന് പഞ്ചാബ് കിങ്സിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു ക്യാപ്റ്റനായി മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിന്റെ ഹോം സ്റ്റേഡിയമായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.