ഒടുവില്‍ ഫിനിഷര്‍മാര്‍ കളി ഫിനിഷ് ചെയ്തു; വിജയത്തോടെ പടിയിറക്കം, ചരിത്ര നേട്ടങ്ങള്‍ പിറന്ന മത്സരത്തില്‍ ഹല്ലാ ബോല്‍ പാടി റോയല്‍സ്
IPL
ഒടുവില്‍ ഫിനിഷര്‍മാര്‍ കളി ഫിനിഷ് ചെയ്തു; വിജയത്തോടെ പടിയിറക്കം, ചരിത്ര നേട്ടങ്ങള്‍ പിറന്ന മത്സരത്തില്‍ ഹല്ലാ ബോല്‍ പാടി റോയല്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th May 2025, 11:05 pm

ഐ.പി.എല്‍ 2025ലെ തങ്ങളുടെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന് പിങ്ക് ആര്‍മി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി.

സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം 17 പന്ത് ശേഷിക്കെ രാജസ്ഥാന്‍ മറികടന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്സിന് 15 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. രണ്ടാം ഓവറിലെ നാലാം പന്തില്‍ ഡെവോണ്‍ കോണ്‍വേയെ സൂപ്പര്‍ കിങ്സിന് നഷ്ടമായിരുന്നു. എട്ട് പന്തില്‍ പത്ത് റണ്‍സ് നേടിയാണ് കോണ്‍വേ പുറത്തായത്.

അതേ ഓവറിലെ ആറാം പന്തില്‍ ഉര്‍വില്‍ പട്ടേലിന്റെ വിക്കറ്റും ധോണിപ്പടയ്ക്ക് നഷ്ടമായി. സില്‍വര്‍ ഡക്കായാണ് യുവതാരം മടങ്ങിയത്.

മൂന്നാം വിക്കറ്റില്‍ ആര്‍. അശ്വിനെ കൂട്ടുപിടിച്ച് ആയുഷ് മാഹ്ത്രെ സ്‌കോര്‍ ഉയര്‍ത്തി. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും സൂപ്പര്‍ കിങ്സിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ടീം സ്‌കോര്‍ 68ല്‍ നില്‍ക്കവെ സൂപ്പര്‍ കിങ്സിന് മൂന്നാം വിക്കറ്റും നഷ്ടമായി. 5.5 ഓവറില്‍ ആയുഷ് മാഹ്ത്രെയെ ക്വേന മഫാക്കയുടെ കൈകളിലെത്തിച്ച് മുന്‍ സൂപ്പര്‍ കിങ്സ് താരമായ തുഷാര്‍ ദേശ്പാണ്ഡേയാണ് മടക്കിയത്. 20 പന്തില്‍ 43 റണ്‍സ് നേടിയാണ് സൂപ്പര്‍ കിങ്സിന്റെ വണ്ടര്‍കിഡ് തിരിച്ചുനടന്നത്.

അശ്വിന്‍ എട്ട് പന്തില്‍ 13 റണ്‍സ് നേടിയപ്പോള്‍ ഒറ്റ റണ്‍സ് മാത്രമാണ് ജഡ്ഡുവിന് നേടാനായത്.

എന്നാല്‍ ശിവം ദുബെയെ ഒരറ്റത്ത് നിര്‍ത്തി ഡെവാള്‍ഡ് ബ്രെവിസ് സ്‌കോര്‍ ബോര്‍ഡിന് ജിവന്‍ നല്‍കി. 35 പന്തില്‍ 42 റണ്‍സുമായാണ് ബ്രെവിസ് തകര്‍ത്തടിച്ചത്. മൂന്ന് സിക്സറും രണ്ട് ഫോറുമായി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കവെ ആകാശ് മധ്വാള്‍ താരത്തെ പുറത്താക്കി.

ശിവം ദുബെയും ധോണിയും സെന്‍സിബിള്‍ ഇന്നിങ്‌സ് പുറത്തെടുത്തു. ധോണി 17 പന്തില്‍ റണ്‍സും ശിവം ദുബെ 32 പന്തില്‍ 39 റണ്‍സും നേടി മടങ്ങി. ആകാശ് മധ്വാളാണ് ഇരുവരെയും മടക്കിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ സി.എസ്.കെ 187 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

രാജസ്ഥാന്‍ റോയല്‍സിനായി ആകാശ് മധ്വാളും യുദ്ധ്‌വീര്‍ സിങ്ങും മൂന്ന് വിതം വിക്കറ്റുകളും വാനിന്ദു ഹസരങ്ക, തുഷാര്‍ ദേശ്പാണ്ഡേ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വെടിക്കെട്ട് തുടക്കമാണ് യശസ്വി ജെയ്‌സ്വാള്‍ നല്‍കിയത്. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറികളുമായി ജെയ്‌സ്വാള്‍ കളം നിറഞ്ഞാടി.

നാലാം ഓവറിലെ നാലാം പന്തിലാണ് ജെയ്‌സ്വാളിനെ രാജസ്ഥാന് നഷ്ടമാകുന്നത്. ടീം സ്‌കോര്‍ 37ല്‍ നില്‍ക്കവെ 19 പന്തില്‍ 36 റണ്‍സുമായി ജെയ്‌സ്വാള്‍ മടങ്ങി. അന്‍ഷുല്‍ കാംബോജാണ് വിക്കറ്റ് വീഴ്ത്തിയത്.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണെ ഒപ്പം കൂട്ടി വൈഭവ് സൂര്യവംശി തകര്‍ത്തടിച്ചു. രണ്ടാം വിക്കറ്റില്‍ 98 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

14ാം ഓവറിലെ രണ്ടാം പന്തില്‍ ആര്‍. അശ്വിന്‍ സൂപ്പര്‍ കിങ്‌സിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. ടീം സ്‌കോര്‍ 135ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റായി സഞ്ജുവിനെ അശ്വിന്‍ മടക്കി. 31 പന്തില്‍ 41 റണ്‍സാണ് താരം സ്വന്തമാക്കിയത്.

അതേ ഓവറില്‍ വൈഭവിനെയും പുറത്താക്കി അശ്വിന് രാജസ്ഥാന്റെ നെറുകില്‍ അടുത്ത പ്രഹരവുമേല്‍പ്പിച്ചു. 33 പന്തില്‍ 57 റണ്‍സുമായാണ് വൈഭവ് കളം വിട്ടത്.

സെറ്റ് ബാറ്റര്‍മാര്‍ രണ്ട് പേരും കളംവിട്ടതോടെ രാജസ്ഥാന്‍ സമ്മര്‍ദത്തിലായി. റിയാന്‍ പരാഗ് നാല് പന്തില്‍ മൂന്ന് റണ്‍സിന് പുറത്തായതോടെ ആ സമ്മര്‍ദം ഇരട്ടിയായി.

എന്നാല്‍ ഫിനിഷര്‍മാരായ ധ്രുവ് ജുറെലും ഷിംറോണ്‍ ഹെറ്റ്‌മെയറും ചേര്‍ന്ന് രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ജുറെല്‍ 12 പന്തില്‍ 31 റണ്‍സും ഹെറ്റ്‌മെയര്‍ അഞ്ച് പന്തില്‍ 12 റണ്‍സും നേടി.

സൂപ്പര്‍ കിങ്‌സിനായി ആര്‍. അശ്വിന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അന്‍ഷുല്‍ കാംബോജും നൂര്‍ അഹമ്മദും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

 

Content Highlight: IPL 2025: Rajasthan Royals defeated Chennai Super Kings