ഐ.പി.എല്ലില്‍ മൂന്നാം വിജയം ലക്ഷ്യമിട്ട് സഞ്ജുവിന്റെ സംഘമിന്ന് സ്വന്തം തട്ടകമായ സവായ് മാന്‍സിങ്ങില്‍ ഇറങ്ങും. റിഷബ് പന്തിന്റെ കീഴിയിലെത്തുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് മത്സരത്തിലെ എതിരാളികള്‍. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ വഴങ്ങിയാണ് രാജസ്ഥാന്‍ റോയല്‍സ് ജയ്പ്പൂരിലെത്തുന്നത്. വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. നിലവില്‍ ലഖ്നൗ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തും രാജസ്ഥാന്‍ എട്ടാം സ്ഥാനത്തുമാണ്.
ഏപ്രില്‍ 16 ന് ജയ്പ്പൂരില്‍ നടന്ന ആദ്യ മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ജയത്തിന്റെ വക്കോളമെത്തിയ മത്സരത്തില്‍ ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ സൂപ്പര്‍ ഓവറിലാണ് പരാജയപ്പെട്ടത്. ആദ്യ ഇന്നിങ്‌സിലെ അവസാന ഓവറിലും സൂപ്പര്‍ ഓവറിലും രാജസ്ഥാന്‍ താരങ്ങള്‍ കാണിച്ച മണ്ടത്തരങ്ങള്‍ കാരണമാണ് അനായാസം ജയിക്കാമായിരുന്ന മത്സരത്തില്‍ തോല്‍വി വഴങ്ങിയത്.
മത്സരത്തില്‍ നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കവേ പരിക്കേറ്റ് മടങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തോല്‍വിയില്‍ ഏറെ നിരാശനായിരുന്നു. മത്സരത്തിന് ശേഷം ഡഗ്ഗ് ഔട്ടില്‍ നിരാശനായിരിക്കുന്ന സഞ്ജുവിന്റെ ഫോട്ടോയും ഒരു ടീം യോഗത്തില്‍ ക്യാപ്റ്റന്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്ന ഒരു വീഡിയോയും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ രാജസ്ഥാന്‍ ക്യാമ്പില്‍ പ്രശ്‌നങ്ങളുണ്ടെന്നും നായകനും കോച്ച് രാഹുല്‍ ദ്രാവിഡും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നുമുള്ള തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ ഇത്തരം പ്രചാരണങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. താനും സഞ്ജുവുമായി പ്രശ്‌നങ്ങളുണ്ടെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ക്യാപ്റ്റന്‍ ടീമിന്റെ വളരെ അവിഭാജ്യ ഘടകമാണെന്നും ദ്രാവിഡ് പറഞ്ഞു.
ടീം നല്ല രീതിയിലാണ് മുന്നോട്ട് പോവുന്നതെന്നും താരങ്ങള്‍ എത്ര കഠിനമായാണ് പ്രവര്‍ത്തിക്കുന്നത് എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ദ്രാവിഡ്.
‘ഈ റിപ്പോര്‍ട്ടുകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല. സഞ്ജുവും ഞാനും ഒരേ നിലപാടിലാണ്.
അദ്ദേഹം ഞങ്ങളുടെ ടീമിന്റെ വളരെ അവിഭാജ്യ ഘടകമാണ്. ഓരോ തീരുമാനത്തിലും ചര്‍ച്ചയിലും അദ്ദേഹം പങ്കാളിയാണ്.
ചിലപ്പോള്‍ മത്സരങ്ങള്‍ തോല്‍ക്കുകയും കാര്യങ്ങള്‍ ശരിയായി നടക്കാതിരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരും. ഞങ്ങളുടെ പ്രകടനങ്ങളില്‍ അത് ഞങ്ങള്‍ ഏറ്റെടുക്കാം. പക്ഷേ ഈ അടിസ്ഥാനരഹിതമായ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.
ടീം നല്ല രീതിയിലാണ് മുന്നോട്ട് പോവുന്നത്. ടീമിനകത്ത് നല്ല മനോഭാവമാണുള്ളത്. താരങ്ങള്‍ എത്ര കഠിനമായാണ് പ്രവര്‍ത്തിക്കുന്നത് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. കളിക്കാര്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയാത്തപ്പോള്‍ അവര്‍ക്ക് എത്രമാത്രം വേദന തോന്നുന്നു എന്നതാണ് ആളുകള്‍ക്ക് മനസിലാകാത്ത ഒരു കാര്യം,’ ദ്രാവിഡ് പറഞ്ഞു.