ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ അവസാന മത്സരത്തിനിറങ്ങുകയാണ്. ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം തന്നെ പുറത്തായ രാജസ്ഥാന് തലയുയര്‍ത്തി മടങ്ങണമെങ്കില്‍ ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.
ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍. ഈ മത്സരത്തില്‍ പരാജയപ്പെടുന്ന ടീം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇക്കാരണം കൊണ്ടുതന്നെ വിജയം മാത്രമാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്.
ഐ.പി.എല്‍ റിറ്റെന്‍ഷന്‍ മുതല്‍ തന്നെ രാജസ്ഥാന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചിരുന്നു. ലേലത്തില്‍ ടീമിന്റെ തീരുമാനങ്ങള്‍ വീണ്ടും പിഴച്ചതോടെ സീസണിലെ ഏറ്റവും മോശം ടീമായും രാജസ്ഥാന്‍ മാറിയിരുന്നു.
രാജസ്ഥാന്റെ മാച്ചുകളിലെ പ്രധാന ആകര്‍ഷണം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് കൂടിയാണ്. കളിക്കളത്തില്‍ മത്സരം നടക്കുന്നതിനിടെ ഡഗ് ഔട്ടില്‍ തന്റെ നോട്ടുപുസ്തകത്തില്‍ കാര്യമായി കുത്തിക്കുറിക്കുന്ന ദ്രാവിഡിനെയാണ് ആരാധകര്‍ എല്ലായ്‌പ്പോഴും കാണാറുള്ളത്.
ഇതോടെ ദ്രാവിഡ് എന്താണ് ഇങ്ങനെ എഴുതുക്കൂട്ടുന്നത് എന്നായി ആരാധകരുടെ ചര്‍ച്ച. ടീമിലെ കുഞ്ഞനായ വൈഭവ് സൂര്യവംശിയുടെ ഹോം വര്‍ക്കുകള്‍ ചെയ്യുകയാണ് എന്നുവരെ ട്രോളന്‍മാര്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ താന്‍ എന്താണ് എഴുതുന്നത് എന്നതിനെ കുറിച്ച് വ്യക്തമാക്കുകയാണ് ദ്രാവിഡ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ടി-20യിലും ഏകദിനത്തിലും സ്‌കോറുകള്‍ കുറിച്ചുവെക്കുന്നതില്‍ എനിക്ക് പ്രത്യേക രീതിയുണ്ട്. ഇത് കൃത്യമായി ഗെയിമിനെ അവലോകനം ചെയ്യാന്‍ എന്നെ സഹായിക്കുന്നു.
ശരിക്കും പറയട്ടെ, ഇത് അത്ര ബുദ്ധിമുട്ടേറിയതോ സങ്കീര്‍ണമോ ആയ കാര്യമല്ല, ഇത് റോക്കറ്റ് സയന്‍സൊന്നുമല്ല, ഞാന്‍ എന്തോ വലിയ കാര്യമൊന്നുമല്ല കുറിച്ചുവെക്കുന്നത്.
എന്നെ സംബന്ധിച്ച് സ്‌കോര്‍ ബോര്‍ഡ് നോക്കാതെ തന്നെ ഗെയിമിനെ അവലോകനം ചെയ്യാന്‍ ഇത് സഹായിക്കുന്നു. മത്സരശേഷം ആ മാച്ച് അവലോകനം ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു ഓവറിലോ അല്ലെങ്കില്‍ മത്സരത്തിന്റെ ഏതെങ്കിലും ഒരു പ്രത്യേക സന്ദര്‍ഭത്തിലോ എന്ത് സംഭവിച്ചുവെന്ന് കൃത്യമായി മനസിലാക്കാന്‍ എനിക്ക് സാധിക്കും.
എനിക്ക് സ്‌കോര്‍ കുറിച്ചുവെക്കുന്നതില്‍ ഒരു പ്രത്യേക ഫോര്‍മാറ്റുണ്ട്. സാധാരണ സ്‌കോര്‍ കാര്‍ഡിനേക്കാള്‍ അല്‍പ്പം വ്യത്യസ്തമാണത്.
ഇതിലൂടെ എനിക്ക് കുറച്ചുകൂടി മികച്ച രീതിയില്‍ ഗെയിമിനെ അവലോകനം ചെയ്യാന്‍ സാധിക്കും. പ്രധാനമായി ഇത് എന്നെ മത്സരത്തില്‍ സജീവമായി നിര്‍ത്താന്‍ സഹായിക്കുന്നു. രണ്ടാമതായി വീണ്ടും ഈ നോട്ടുകള്‍ നോക്കി മത്സരം അവലോകനം ചെയ്യാനും സാധിക്കും,’ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
Content Highlight: IPL 2025: Rahul Dravid explains what he is writing during Rajasthan Royal’s match