ബുംറയുടെ പ്രകടനം അഥവാ 'ചീറ്റ് കോഡ്'; തുറന്നുപറഞ്ഞ് അശ്വിന്‍
IPL
ബുംറയുടെ പ്രകടനം അഥവാ 'ചീറ്റ് കോഡ്'; തുറന്നുപറഞ്ഞ് അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 31st May 2025, 9:38 pm

ഐ.പി.എല്ലിലെ കിരീടനേട്ടം ആറായി ഉയര്‍ത്താനുള്ള തേരോട്ടത്തില്‍ ഒരു വലിയ പടി കൂടി മുംബൈ ഇന്ത്യന്‍സ് മുമ്പോട്ട് വെച്ചിരിക്കുകയാണ്. എലിമിനേറ്ററില്‍ കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ രണ്ടാം ക്വാളിഫയറിന് ടിക്കറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് 208ല്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, റിച്ചാര്‍ഡ് ഗ്ലീസണ്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരുടെ മികച്ച ബൗളിങ് പ്രകടനത്തിന്റെ കരുത്തിലാണ് പള്‍ട്ടാന്‍സ് ടൈറ്റന്‍സിനെ വിജയലക്ഷ്യം കടക്കാന്‍ അനുവദിക്കാതെ തളച്ചിട്ടത്.

ഏത് മത്സരത്തിലേതെന്ന പോലെയും ജസ്പ്രീത് ബുംറ മാജിക് പിറവിയെടുത്ത മത്സരം കൂടിയായിരുന്നു എലിമിനേറ്റര്‍. നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 27 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ തിളങ്ങിയത്. ഒരു വിക്കറ്റും നേടി. ആ വിക്കറ്റാകട്ടെ ടൈറ്റന്‍സിന്റെ നെടുംതൂണായിരുന്ന സായ്-സുന്ദര്‍ കൂട്ടുകെട്ട് പൊളിച്ച വാഷിങ്ടണ്‍ സുന്ദറിന്റേതും.

എലിമിനേറ്ററിലെ മികച്ച പ്രകടനത്തിന് പിന്നാലെ ബുംറയെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ലെജന്‍ഡുമായ ആര്‍. അശ്വിന്‍. ബുംറയുടെ പ്രകടനം മികച്ചുനിന്നുവെന്നും ഓവറില്‍ 12ഉം 13 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ഏഴും എട്ടും റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തതെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അശ്വിന്‍ പറഞ്ഞു.

‘ജസ്പ്രീത് ബുംറയുടെ ഓവര്‍ ഇല്ലായിരുന്നെങ്കില്‍ ഈ മത്സരം കൂടുതല്‍ ടൈറ്റ് ആകുമായിരുന്നു. റിക്വയേര്‍ഡ് റണ്‍ റേറ്റ് 12ഉം 13ഉം 14ഉം വേണ്ടിയിരുന്നപ്പോള്‍ തന്റെ അവസാന രണ്ട് ഓവറുകളില്‍ ഏഴോ എട്ടോ റണ്‍സ് മാത്രമാണ് അവന്‍ വിട്ടുകൊടുത്തത്.

രാഹുല്‍ തെവാട്ടിയ അവനെതിരെ ഒരു സിക്‌സര്‍ നേടി. അടുത്ത രണ്ട് പന്തില്‍ വെറും ഒറ്റ റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ ഇതിന് മറുപടി നല്‍കിയത്. അത് അവന്റെ കഴിവിനെ അടയാളപ്പെടുത്തുന്നതാണ്.

മോഡേണ്‍ ഡേ ടി-20യില്‍ ജസ്പ്രീത് ബുംറയെന്നത് ഒരു ചീറ്റ് കോഡാണെന്ന് ടി-20 ലോകകപ്പിനിടെ ഞാന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. നിങ്ങളെപ്പോഴെങ്കിലും റോഡ് റാഷോ എന്‍.എഫ്.എസോ പോലുള്ള ഗെയ്മുകള്‍ കളിച്ചിട്ടുണ്ടോ, അതാണ് ഞാന്‍ ചീറ്റ് കോഡ് കൊണ്ട് അര്‍ത്ഥമാക്കിയത്.

ആ ഗെയ്മുകളില്‍ ഒരു കോഡ് ടൈപ്പ് ചെയ്താല്‍ വേഗത്തില്‍ ഓടാന്‍ സാധിക്കും. ഇതാണ് ഒരു ചീറ്റ് കോഡ്. മോഡേണ്‍ ഡേ ക്രിക്കറ്റില്‍ ജസ്പ്രീത് ബുംറ ഒരു ക്യാപ്റ്റന്‍ ശരിക്കുമുള്ളതിനേക്കാള്‍ മികച്ചതാണെന്ന് തോന്നിപ്പിക്കുന്നു. പെര്‍ഫെക്ട് യോര്‍ക്കറുകളും സ്ലോവര്‍ ബോളുകളും മനോഹരമായി എറിയാന്‍ സാധിക്കും എന്നത് അവന്റെ കഴിവിനെ വ്യക്തമാക്കുന്നതാണ്. മത്സരത്തിന്റെ തുടക്കം മുതല്‍ക്കുതന്നെ മുംബൈ യോര്‍ക്കറുകളെ ആശ്രയിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്,’ അശ്വിന്‍ പറഞ്ഞു.

 

സീസണില്‍ 11 മത്സരത്തില്‍ നിന്നും 18 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 15.33 ശരാശരിയിലും 6.36 എന്ന മികച്ച എക്കോണമിയിലുമാണ് താരം പന്തെറിയുന്നത്.

നേരത്തെ ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ട പഞ്ചാബ് കിങ്സിനെതിരെ രണ്ടാം ക്വാളിഫയറാണ് മുംബൈയ്ക്ക് കളിക്കാനുള്ളത്. ജൂണ്‍ ഒന്നിന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡയത്തിലാണ് മത്സരം.

 

Content Highlight: IPL 2025: R Ashwin praises Jasprit Bumrah