ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് ഫൈനലില്‍. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ പഞ്ചാബ് കിങ്‌സ് മറികടന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ അപരാജിത പോരാട്ടമാണ് പഞ്ചാബ് കിങ്‌സിന് വിജയവും ഫൈനല്‍ ബെര്‍ത്തും സമ്മാനിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിലേ രോഹിത് ശര്‍മയെ നഷ്ടമായിരുന്നു. ഏഴ് പന്തില്‍ എട്ട് റണ്‍സടിച്ചാണ് ഹിറ്റ്മാന്‍ മടങ്ങിയത്.
രോഹിത് പുറത്തായതിന് പിന്നാലെ തിലക് വര്‍മ ക്രീസിലെത്തി. സൂപ്പര്‍ താരം ജോണി ബെയര്‍സ്റ്റോക്കൊപ്പം രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറിയുമായി തിലക് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
ടീം സ്‌കോര്‍ 70ല്‍ നില്‍ക്കവെ ബെയര്‍സ്റ്റോയെ മടക്കി വൈശാഖ് വിജയ്കുമാര്‍ അടുത്ത പ്രഹരമേല്‍പ്പിച്ചു. 24 പന്തില്‍ 38 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന് ക്യാച്ച് നല്‍കി താരം തിരിച്ചുനടന്നു.
നാലാം നമ്പറില്‍ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് തിലക് വര്‍മയ്ക്കൊപ്പം മറ്റൊരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 70ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 142ലാണ്. സൂര്യയെ മടക്കി യൂസ്വേന്ദ്ര ചഹലാണ് പാര്‍ട്ണര്‍ഷിപ്പ് പൊളിച്ചത്. 26 പന്തില്‍ 44 റണ്‍സുമായി നില്‍ക്കവെ നേഹല്‍ വധേരയ്ക്ക് ക്യാച്ച് നല്‍കി സ്‌കൈ മടങ്ങി.
തൊട്ടുത്ത ഓവറില്‍ തിലക് വര്‍മയും മടങ്ങി. 29 പന്തില്‍ 44 റണ്‍സാണ് താരം സ്വന്തമാക്കിയത്.
18 പന്തില്‍ 37 റണ്‍സുമായി നമന്‍ ധിര്‍ തകര്‍ത്തടിച്ചതോടെ മുംബൈ സ്‌കോര്‍ ബോര്‍ഡ് വീണ്ടും വേഗത്തില്‍ ചലിച്ചു. 15 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്സും മുംബൈ സ്‌കോര്‍ 200 കടത്തുന്നതില്‍ സഹായകമായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 203ലെത്തി.
പഞ്ചാബിനായി അസ്മത്തുള്ള ഒമര്‍സായ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കൈല്‍ ജാമൈസണ്‍, യൂസ്വേന്ദ്ര ചഹല്‍, വൈശാഖ് വിജയ് കുമാര്‍, മാര്‍കസ് സ്റ്റോയ്നിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനും തുടക്കം പാളിയിരുന്നു. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് ഒമ്പത് പന്ത് നേരിട്ട് ആറ് റണ്‍സുമായി മടങ്ങി. വണ്‍ ഡൗണായെത്തിയ ജോഷ് ഇംഗ്ലിസ് പ്രിയാന്‍ഷ് ആര്യയെ ഒപ്പം കൂട്ടി പതിയെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
അഞ്ചാം ഓവറില്‍ 20 റണ്‍സടിച്ചാണ് ഇംഗ്ലീസ് മത്സരം ചൂടുപിടിപ്പിച്ചത്. തന്റെ ആദ്യ ഓവര്‍ പന്തെറിയാനെത്തിയ ജസ്പ്രീത് ബുംറയെ രണ്ട് സിക്‌സറിനും രണ്ട് ഫോറിനും അതിര്‍ത്തി കടത്തിയാണ് ഇംഗ്ലിസ് വരവേറ്റത്.
ആറാം ഓവറിലെ ആദ്യ പന്തില്‍ തന്നെ മുംബൈയുടെ വണ്ടര്‍ കിഡ് അശ്വിനി കുമാര്‍ പ്രിയാന്‍ഷിനെ മടക്കി കൂട്ടുകെട്ട് പൊളിച്ചു. ഹര്‍ദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ പത്ത് പന്തില്‍ 20 റണ്‍സാണ് താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
അധികം വൈകാതെ ജോഷ് ഇംഗ്ലിസിനെ മടക്കി ഹര്‍ദിക് പഞ്ചാബിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. 21 പന്തില്‍ 18 റണ്‍സാണ് താരം സ്വന്തമാക്കിയത്.
നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും നേഹല്‍ വധേരയും ചേര്‍ന്ന് പഞ്ചാബിനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
അവസാന രണ്ട് ഓവറില്‍ 23 റണ്‍സാണ് പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അശ്വിനി കുമാര്‍ എറിഞ്ഞ 19ാം ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സറിന് പറത്തിയ ശ്രേയസ് അയ്യര്‍ മത്സരം അത്യന്തം ആവേശത്തിലേക്ക് വഴി മാറ്റി.
Pressure’s loud. Those maximums were louder 🚀
🎥 Captain Shreyas Iyer puts #PBKS on the brink of a seat in the GRAND FINAL ❤
രണ്ടാം പന്ത് നോ ബോളായതോടെ ലഭിച്ച ഫ്രീ ഹിറ്റ് ഡെലിവെറിയും ശ്രേയസ് സിക്‌സറിന് തൂക്കി. ആ ഓവറില്‍ രണ്ട് സിക്‌സര്‍ കൂടി നേടിയ ശ്രേയസ് പഞ്ചാബിനെ അനായാസം വിജയത്തിലേക്ക് നയിക്കുകയായിരുന്നു.