ഐ.പി.എല്‍ രണ്ടാം ക്വാളിഫയര്‍ മത്സരം അഹമ്മദാബാദില്‍ തുടരുകയാണ്. ആദ്യ ക്വാളിഫയര്‍ പരാജയപ്പെട്ട പഞ്ചാബ് കിങ്‌സ് എലിമിനേറ്റര്‍ വിജയിച്ചെത്തിയ മുംബൈ ഇന്ത്യന്‍സിനെയാണ് നേരിടുന്നത്. ഈ മാച്ചില്‍ വിജയിക്കുന്ന ടീം കിരീടപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ കളത്തിലിറങ്ങും.
മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയച്ചു. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ മുംബൈയുടെ ഓപ്പണിങ് കൂട്ടുകെട്ടിന് ഇത്തവണ തിളങ്ങാന്‍ സാധിച്ചില്ല. രോഹിത് ശര്‍മയെ എട്ട് റണ്‍സിന് മടക്കി മാര്‍കസ് സ്‌റ്റോയ്‌നിസ് ആദ്യ രക്തം ചിന്തി.
വണ്‍ ഡൗണായെത്തിയ തിലക് വര്‍മയെ ഒപ്പം കൂട്ടി മികച്ച രീതിയില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കവെ ജോണി ബെയര്‍സ്‌റ്റോയുടെ വിക്കറ്റും പഞ്ചാബ് സ്വന്തമാക്കി. 24 പന്ത് നേരിട്ട് 38 റണ്‍സാണ് താരം അടിച്ചെടുത്തത്.
പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവ് മൂന്നാം വിക്കറ്റില്‍ തിലക് വര്‍മയെ ഒപ്പം കൂട്ടി ഒരിക്കല്‍ക്കൂടി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. മൂന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി മുന്നേറവെ സൂര്യയെ നേഹല്‍ വധേരയുടെ കൈകളിലെത്തിച്ച് യൂസി ചഹല്‍ ടീമിന് അടുത്ത ബ്രേക് ത്രൂ സമ്മാനിച്ചു. 26 പന്ത് നേരിട്ട് 44 റണ്‍സുമായാണ് സ്‌കൈ മടങ്ങിയത്.
എന്നാല്‍ പുറത്താകും മുമ്പ് തന്നെ ഒരു ഐതിഹാസിക നേട്ടം തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്താണ് സ്‌കൈ കളം വിട്ടത്. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന നോണ്‍ ഓപ്പണര്‍ എന്ന റെക്കോഡാണ് സ്‌കൈ അടിച്ചെടുത്തത്.
അതേസമയം, നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 146 എന്ന നിലയിലാണ് മുംബൈ. നാല് പന്തില്‍ രണ്ട് റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി നമന്‍ ധിറുമാണ് ക്രീസില്‍.
മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, രാജ് ബാവ, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, റീസ് ടോപ്‌ലി.