ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെതിരെ 204 റണ്‍സിന്റെ വിജയലക്ഷ്യവുമായി മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരുടേതടക്കമുള്ള മികച്ച ഇന്നിങ്‌സുകളുടെ കരുത്തിലാണ് മുംബൈ മികച്ച സ്‌കോറിലെത്തിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിലേ രോഹിത് ശര്‍മയെ നഷ്ടമായിരുന്നു. ഏഴ് പന്തില്‍ എട്ട് റണ്‍സടിച്ചാണ് ഹിറ്റ്മാന്‍ മടങ്ങിയത്.
ഇതോടെ ഒരു മോശം നേട്ടവും രോഹിത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്‍ നോക്ക്ഔട്ടുകളില്‍ ഏറ്റവും മോശം ബാറ്റിങ് ശരാശരിയുള്ള താരമെന്ന അനാവശ്യ നേട്ടമാണ് രോഹിത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
ഐ.പി.എല്‍ നോക്ക്ഔട്ടുകളില്‍ ഏറ്റവും മോശം ബാറ്റിങ് ശരാശരിയുള്ള താരങ്ങള്‍
രോഹിത് പുറത്തായതിന് പിന്നാലെ തിലക് വര്‍മ ക്രീസിലെത്തി. സൂപ്പര്‍ താരം ജോണി ബെയര്‍സ്‌റ്റോക്കൊപ്പം രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറിയുമായി തിലക് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
ടീം സ്‌കോര്‍ 70ല്‍ നില്‍ക്കവെ ബെയര്‍സ്‌റ്റോയെ മടക്കി വൈശാഖ് വിജയ്കുമാര്‍ അടുത്ത പ്രഹരമേല്‍പ്പിച്ചു. 24 പന്തില്‍ 38 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന് ക്യാച്ച് നല്‍കി താരം തിരിച്ചുനടന്നു.
നാലാം നമ്പറില്‍ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് തിലക് വര്‍മയ്‌ക്കൊപ്പം മറ്റൊരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 70ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 142ലാണ്. സൂര്യയെ മടക്കി യൂസ്വേന്ദ്ര ചഹലാണ് പാര്‍ട്ണര്‍ഷിപ്പ് പൊളിച്ചത്. 26 പന്തില്‍ 44 റണ്‍സുമായി നില്‍ക്കവെ നേഹല്‍ വധേരയ്ക്ക് ക്യാച്ച് നല്‍കി സ്‌കൈ മടങ്ങി.
തൊട്ടുത്ത ഓവറില്‍ തിലക് വര്‍മയും മടങ്ങി. 29 പന്തില്‍ 44 റണ്‍സാണ് താരം സ്വന്തമാക്കിയത്.
18 പന്തില്‍ 37 റണ്‍സുമായി നമന്‍ ധിര്‍ തകര്‍ത്തടിച്ചതോടെ മുംബൈ സ്‌കോര്‍ ബോര്‍ഡ് വീണ്ടും വേഗത്തില്‍ ചലിച്ചു. 15 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സും മുംബൈ സ്‌കോര്‍ 200 കടത്തുന്നതില്‍ സഹായകമായി.
പഞ്ചാബിനായി അസ്മത്തുള്ള ഒമര്‍സായ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കൈല്‍ ജാമൈസണ്‍, യൂസ്വേന്ദ്ര ചഹല്‍, വൈശാഖ് വിജയ് കുമാര്‍, മാര്‍കസ് സ്‌റ്റോയ്‌നിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content highlight: IPL 2025: Qualifier 2: MI vs PBKS: Rohit Sharma hold the unwanted record of lowest batting average in IPL knockouts