ഐ.പി.എല്‍ 2025ന്റെ രണ്ടാം ക്വാളിഫയറില്‍ ടോസ് ഭാഗ്യം തുണച്ചത് പഞ്ചാബ് കിങ്‌സിനെ. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രേയസ് അയ്യര്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടാണ് പഞ്ചാബ് കിങ്‌സ് രണ്ടാം ക്വാളിഫയറിനെത്തിയത്. അതേസമയം എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്താണ് മുംബൈ ഫൈനല്‍ ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്നത്.
മത്സരം ഷെഡ്യൂള്‍ ചെയ്യപ്പെട്ട അഹമ്മദാബാദില്‍ മുംബൈ ഇന്ത്യന്‍സിന്റെ ട്രാക്ക് റെക്കോഡുകള്‍ ഒട്ടും മികച്ചതല്ല. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ഏറ്റവും മോശം വിജയശതമാനമുള്ള ഗ്രൗണ്ടുകളിലൊന്നാണ് അഹമ്മദാബാദ്. ഇവിടെ വെറും 16.7 മാത്രമാണ് മുംബൈ ഇന്ത്യന്‍സിന്റെ വിജയശതമാനം.
അതേസമയം, പഞ്ചാബ് കിങ്‌സിന്റെ ഭാഗ്യ ഗ്രൗണ്ടുകളിലൊന്നാണ് ഗുജറാത്ത് എന്നതും ശ്രദ്ധേയമാണ്. ഇവിടെ ഏറ്റവുമധികം വിജയശതമാനമുള്ളതും പഞ്ചാബ് കിങ്‌സിനാണ്.
ഇതിന് പുറമെ ഈ ഗ്രൗണ്ടില്‍ പ്ലേ ഓഫ് മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകളുടെ വിജയശതമാനവും തീരെ കുറവാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് 16.7 ശതമാനം മാത്രം വിജയവും ചെയ്‌സ് ചെയ്തിറങ്ങുന്ന ടീമിന് 83.3 ശതമാനവുമാണ് അഹമ്മദാബാദ് വിജയം സമ്മാനിച്ചിരിക്കുന്നത്. ഈ രണ്ട് കണക്കുകളും മുംബൈ ഇന്ത്യന്‍സിന് പ്രതികൂലമാണ്.
ഇതിനൊപ്പം മുംബൈ ആരാധകരെ വീണ്ടും നിരാശയിലേക്ക് തള്ളിയിട്ട് മത്സരത്തിന് മഴ ഭീഷണയായി എത്തിയിരിക്കുകയാണ്. ഏതെങ്കിലും സാഹചര്യത്തില്‍ മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോയിന്റ് പട്ടികയില്‍ മേലെയുള്ള പഞ്ചാബ് ഫൈനല്‍ കളിക്കും.