പഞ്ചാബ് VS ബെംഗളൂരു: മഴ മൂലം മത്സരം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?
2025 IPL
പഞ്ചാബ് VS ബെംഗളൂരു: മഴ മൂലം മത്സരം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th May 2025, 8:46 am

ഐ.പി.എല്‍ 2025ലെ ഐ.പി.എല്ലിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. മഹാരാജാ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ഐ.പി.എല്‍ അതിന്റെ ആവേശകരമായ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മത്സരത്തിനായി വലിയ കാത്തിരിപ്പിലാണ് ആരാധകര്‍.

നിലവില്‍ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് സീസണില്‍ ഒമ്പത് വിജയമടക്കം +0.372 എന്ന  നെറ്റ് റണ്‍റേറ്റോടെ ഒന്നാം സ്ഥാനത്തും ബെംഗളൂരു ഒമ്പത് വിജയമടക്കം +0.301  നെറ്റ് റണ്‍റേറ്റോടെ രണ്ടാം സ്ഥാനത്തുമാണ്. എന്നാല്‍ ഇന്ന് നടക്കാനിരിക്കുന്ന നിര്‍ണായക മത്സരത്തില്‍ മഴ വില്ലനായി എത്തിയാല്‍ എന്താണ് സംഭവിക്കുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മഴ മൂലം മത്സരം ഉപേക്ഷിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് സിസണിലെ ആദ്യ ഫൈനലിസ്റ്റുകളായി തെരഞ്ഞെടുക്കപ്പെടും. എന്നാല്‍ ബെംഗളൂരു പുറത്താകുകയുമില്ല. മത്സരത്തിന് റിസര്‍ ഡേ ഇല്ലാത്തതിനാല്‍ നാളെ (വെള്ളി) നടക്കുന്ന ഗുജറാത്ത് – മുംബൈ എലിമിനേറ്റര്‍ മത്സരത്തില്‍ വിജയിക്കുന്ന ടീമുമായി ബെംഗളൂരു ഏറ്റുമുട്ടും. മത്സരത്തിലെ വിജയികളാണ് രണ്ടാം ഫൈനലിസ്റ്റുകളായി തെരഞ്ഞെടുക്കപ്പെടുക.

അതേസമയം പഞ്ചാബും ബെംഗളൂരുവും തങ്ങളുടെ കന്നി കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. മത്സരത്തില്‍ ഏത് ടീം തോല്‍വി വഴങ്ങിയാലും എലിമിനേറ്ററില്‍ വിജയിക്കുന്ന ടീമുമായി ഒരു അവസരം കൂടെ ഉണ്ടാകും. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ലഖ്‌നൗവിനെതിരെ നേടിയ കൂറ്റന്‍ വിജയത്തിന്റെ ആത്മവിശ്വാസവും ജോഷ് ഹേസല്‍വുഡ്ഡിന്റെ തിരിച്ചുവരവും ബെംഗളൂരുവിന് ശുഭ സൂചനയാണ്.

എന്നാല്‍ പഞ്ചാബ് ബാറ്റിങ്ങിലും ബൗളിങ്ങിലും വലിയ ആത്മവിശ്വാസത്തിലാണ്. ശ്രേയസ് അയ്യര്‍ എന്ന മികച്ച ക്യാപ്റ്റന്റെ കീഴില്‍ പഞ്ചാബും ഫൈനലില്‍ എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എലിമിനേറ്ററില്‍ ഗുജറാത്തും മുംബൈയും കരുത്തുള്ളവരാണന്നും മറക്കാന്‍ സാധിക്കില്ല. ആറാം കിരീടത്തിലേക്ക് കണ്ണുവെക്കുന്ന മുംബൈയും രണ്ടാം കിരീടം ലക്ഷ്യമിടുന്ന ഗുജറാത്തും വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്.

Content Highlight: IPL 2025: Punjab VS Bengaluru: What will happen if the match is abandoned due to rain?