മെയ് എട്ടിന് പഞ്ചാബ് കിങ്സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് കളിക്കാരെയും കാണികളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും സുരക്ഷിതമായി സ്റ്റേഡിയത്തിന് പുറത്ത് എത്തിക്കുക ആയിരുന്നു. പിന്നാലെ ഒരാഴ്ചത്തേക്ക് ഐ.പി.എല്‍ താത്കലികമായി ബി.സി.സി.ഐ നിര്‍ത്തിവച്ചിരുന്നു. പുതുക്കിയ ഷെഡ്യൂള്‍ ബി.സി.സി.ഐ ഉടന്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ഇപ്പോള്‍ പഞ്ചാബ് കിങ്‌സിന്റെ സി.ഇ.ഒ റിക്കി പോണ്ടിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ്. സംഘര്‍ഷ സാഹചര്യത്തില്‍ പോണ്ടിങ് ടീമില്‍ തന്നെ തുടരാന്‍ തീരുമാനിച്ചതായെന്ന് സതീഷ് മേനോന്‍ പറഞ്ഞു. മാത്രമല്ല പോണ്ടിങ് ഓസ്ട്രേലിയന്‍ വിദേശ കളിക്കാരോട് സംസാരിക്കുകയും അവരോട് ടീമില്‍ തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആരോണ്‍ ആര്‍ഡി, മാര്‍ക്കസ് സ്‌റ്റോയിനിസ്, മിച്ചല്‍ ഓവണ്‍, ജോഷ് ഇംഗ്ലിസ്, സേവിയര്‍ ബാര്‍ട്‌ലറ്റ്, എന്നിവരാണ് പഞ്ചാബിന്റെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍.
‘പോണ്ടിങ് അങ്ങനെയാണ്. അദ്ദേഹത്തിന് മാത്രമേ അത് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. അദ്ദേഹം ടീമില്‍ തുടരാന്‍ തീരുമാനിച്ചത് മാത്രമല്ല, മടങ്ങാന്‍ ഒരുങ്ങിയ അവരുടെ വിദേശ കളിക്കാരോട് ഒരു പ്രചോദനാത്മക പ്രസംഗം നടത്തുകയും ഇന്ത്യയില്‍ എല്ലാവരും സേഫ് ആയിരിക്കുമെന്ന് പറയുകയും ചെയ്തു. അതിനാല്‍ തന്നെ അവര്‍ എല്ലാം ടീമില്‍ ഉണ്ടാകും,’ പഞ്ചാബ് കിങ്‌സ് സി.ഇ.ഒ സതീഷ് മേനോന്‍ പി.ടി.ഐയോട് പറഞ്ഞു.
അതേസമയം ഇന്ത്യയും പാകിസ്ഥാനും കഴിഞ്ഞ ദിവസം വെടി നിര്‍ത്തല്‍ കരാറില്‍ എത്തിയിരുന്നു. ഇതോടെ ഐ.പി.എല്‍ എത്രയും പെട്ടെന്ന് പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സീസണില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ തെക്കേ ഇന്ത്യയിലെ വേദികളില്‍ നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഐ.പി.എല്ലില്‍ 16 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ഇതിനായി ബി.സി.സി.ഐ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് നഗരങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചയ്ക്ക് ശേഷം ഐ.പി.എല്‍ വീണ്ടും ആരംഭിക്കുമ്പോള്‍ മറ്റ് ഓസീസ് താരങ്ങള്‍ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നതായിരിക്കും ഏറ്റവും വലിയ ചോദ്യമെന്നാണ് ദി വെസ്റ്റ് ഓസ്ട്രേലിയ റിപ്പോര്‍ട്ട് ഉന്നയിക്കുന്നത്.