ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും കുതിച്ചു.
മുംബൈ ഉയര്‍ത്തിയ 185 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു.
ഇതോടെ ആദ്യ ക്വാളിഫയറില്‍ ഇടം നേടുന്ന ടീമിനായുള്ള ആരാധകരുടെ കാത്തിരിപ്പും അവസാനിച്ചിരിക്കുകയാണ്. പ്ലേ ഓഫിലെത്തിയ ടീമുകളെ പുറത്തായ ടീമുകള്‍ തോല്‍പ്പിക്കാന്‍ തുടങ്ങിയതോടെയാണ് ആദ്യ രണ്ടില്‍ ഇടം നേടുന്ന ടീമിനായുള്ള ആരാധകരുടെ കാത്തിരിപ്പ് നീണ്ടത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് മോശമല്ലാത്ത തുടക്കം ലഭിച്ചു. ആദ്യ വിക്കറ്റില്‍ 45 റണ്‍സിന്റെ കൂട്ടുകെട്ടാണ് റിയാന്‍ റിക്കല്‍ടണും രോഹിത് ശര്‍മയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ആറാം ഓവറിലെ ആദ്യ പന്തില്‍ റിക്കല്‍ടണെ മടക്കി മാര്‍ക്കോ യാന്‍സെന്‍ ആദ്യ രക്തം ചിന്തി. 20 പന്തില്‍ 27 റണ്‍സാണ് താരം സ്വന്തമാക്കിയത്.
അധികം വൈകാതെ രോഹിത് ശര്‍മയെയും ടീമിന് നഷ്ടമായി. 21 പന്ത് നേരിട്ട് 24 റണ്‍സ് മാത്രമാണ് താരം നേടിയത്. പിന്നാലെയെത്തിയ തിലക് വര്‍മ നാല് പന്തില്‍ ഒറ്റ റണ്‍സുമായി തിരിച്ചുനടന്നു.
സൂര്യകുമാര്‍ യാദവിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കവെ വില്‍ ജാക്‌സിനെ മടക്കി വൈശാഖ് വിജയ് കുമാര്‍ അടുത്ത ബ്രേക് ത്രൂ സമ്മാനിച്ചു. എട്ട് പന്തില്‍ 17 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
സൂര്യയ്‌ക്കൊപ്പം ചെറുത്തുനിന്ന ഹര്‍ദിക് പാണ്ഡ്യയെയും നമന്‍ ധിറിനെയും പഞ്ചാബ് മടക്കി. പാണ്ഡ്യ 15 പന്തില്‍ 26 റണ്‍സും നമന്‍ ധിര്‍ 12 പന്തില്‍ 20 റണ്‍സും നേടി മടങ്ങി.
മത്സരത്തിന്റെ അവസാന പന്തില്‍ അര്‍ഷ്ദീപ് സിങ്ങിന് വിക്കറ്റ് നല്‍കിയാണ് സൂര്യ മടങ്ങിയത്. 39 പന്ത് നേരിട്ട് 57 റണ്‍സാണ് താരം അടിച്ചെടുത്തത്. ആറ് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സെന്‍, വൈശാഖ് വിജയ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഹര്‍പ്രീത് ബ്രാര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് അഞ്ചാം ഓവറില്‍ തന്നെ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ നഷ്ടമായി. ടീം സ്‌കോര്‍ 34ല്‍ നില്‍ക്കവെ 16 പന്തില്‍ 13 റണ്‍സ് നേടിയാണ് പ്രഭ്‌സിമ്രാന്‍ തിരിച്ചുനടന്നത്. ജസ്പ്രീത് ബുംറയുടെ പന്തില്‍ അശ്വിനി കുമാറിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
വണ്‍ ഡൗണായെത്തിയ ജോഷ് ഇംഗ്ലിസും പ്രിയാന്‍ഷ് ആര്യയും ക്രീസില്‍ ഉറച്ചുനിന്നതോടെ സ്‌കോര്‍ ബോര്‍ഡിന് ജിവന്‍ ലഭിച്ചു. രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും പഞ്ചാബ് ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്.
ടീം സ്‌കോര്‍ 143ല്‍ നില്‍ക്കവെ പ്രിയാന്‍ഷിനെ പുറത്താക്കി മിച്ചല്‍ സാന്റ്‌നര്‍ കൂട്ടുകെട്ട് പൊളിച്ചു. സൂര്യകുമാറിന്റെ കൈകളിലൊതുങ്ങി പുറത്താകും മുമ്പ് 35 പന്തില്‍ 62 റണ്‍സ് താരം അടിച്ചെടുത്തിരുന്നു.
വിജയത്തിന് 14 റണ്‍സകലെ ജോഷ് ഇംഗ്ലിസിനെയും പഞ്ചാബിന് നഷ്ടമായി. 42 പന്ത് നേരിട്ട് മൂന്ന് സിക്‌സറും ഒമ്പത് ഫോറും അടക്കം 73 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
എന്നാല്‍ ഇതിനോടകം തന്നെ വിജയതീരത്തെത്തിയ അത്ഭുതങ്ങള്‍ക്കൊന്നും അവസരം നല്‍കാതെ വിജയിച്ചുകയറി. ,സിക്‌സര്‍ നേടി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്.
മുംബൈയ്ക്കായി മിച്ചല്‍ സാന്റ്‌നര്‍ രണ്ടും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും സ്വന്തമാക്കി.