സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് പഞ്ചാബ് കിങ്‌സ്. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ 37 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
പഞ്ചാബ് ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ പുലര്‍ത്തിയ ആധിപത്യമാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. ഈ ജയത്തിന് ശേഷവും ടീം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്.
🔝 performance at the 🔝 of the mountains! 🗻@PunjabKingsIPL extend their winning run with a picture-perfect victory at a picturesque venue ❤
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ തുടക്കത്തിലേ നഷ്ടമായിരുന്നു. നാല് പന്തില്‍ ഒറ്റ റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്.
രണ്ടാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിനെ ഒപ്പം കൂട്ടി പ്രഭ്‌സിമ്രാന്‍ സിങ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 48 റണ്‍സ് നീണ്ട കൂട്ടുകെട്ട് തകര്‍ത്ത് ആകാശ് സിങ്ങാണ് സൂപ്പര്‍ ജയന്റ്‌സിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. 14 പന്തില്‍ 30 റണ്‍സ് നേടിയായിരുന്നു താരത്തിന്റെ മടക്കം.
നാലാം നമ്പറിലെത്തിയ ശ്രേയസ് അയ്യരും പ്രഭ്‌സിമ്രാനൊപ്പം ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറയാതെ നോക്കി. ടീം സ്‌കോര്‍ 128ല്‍ നില്‍ക്കവെ 25 പന്തില്‍ 45 റണ്‍സുമായി തിളങ്ങിയ ക്യാപ്റ്റനെ പഞ്ചാബിന് നഷ്ടമായി. ദിഗ്വേഷ് രാഥിയാണ് വിക്കറ്റ് നേടിയത്.
പിന്നാലെയെത്തിയ നേഹല്‍ വധേര ഒമ്പത് പന്തില്‍ 16 റണ്‍സടിച്ച് മടങ്ങിയെങ്കിലും ശശാങ്ക് സിങ്ങിനൊപ്പം മറ്റൊരു കൂട്ടുകെട്ടും പ്രഭ്‌സിമ്രാന്‍ പടുത്തുയര്‍ത്തി.
ഒടുവില്‍ 48 പന്തില്‍ 91 റണ്‍സുമായി താരം മടങ്ങി. ദിഗ്വേഷ് രാഥിയുടെ പന്തില്‍ നിക്കോളാസ് പൂരന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. ആറ് ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
സൂപ്പര്‍ ജയന്റ്‌സിനായി ആകാശ് സിങ്, ദിഗ്വേഷ് രാഥി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പ്രിന്‍സ് യാദവ് ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സിന് തുടക്കം പാളി. സൂപ്പര്‍ താരം ഏയ്ഡന്‍ മര്‍ക്രം അഞ്ച് പന്തില്‍ ഒറ്റ റണ്‍സ് പോലും നേടാതെ മടങ്ങി. അധികം വൈകാതെ ഏയ്ഡന്‍ മര്‍ക്രവും പുറത്തായി. പത്ത് പന്തില്‍ 13 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. മൂന്നാം ഓവറില്‍ അര്‍ഷ്ദീപ് സിങ്ങാണ് ഇരുവരെയും മടക്കിയത്.
16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ട സൂപ്പര്‍ ജയന്റ്‌സിന് അടുത്ത പ്രഹരമേല്‍പ്പിച്ച് നിക്കോളാസ് പൂരനെയും അര്‍ഷ്ദീപ് മടക്കി. അഞ്ച് പന്തില്‍ ആറ് റണ്‍സ് നേടി നില്‍ക്കവെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് അര്‍ഷ്ദീപ് പൂരന്റെ വിക്കറ്റ് നേടിയത്.
പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി എണ്ണം പറഞ്ഞ മൂന്ന് ലഖ്‌നൗ താരങ്ങളെ മടക്കി. അസ്മത്തുള്ള ഒമര്‍സായ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മാര്‍കോ യാന്‍സെനും യൂസി ചഹലും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: IPL 2025: Punjab Kings defeated Lucknow Super Giants