സീസണില്‍ ശരാശരിക്കും താഴെയുള്ള പ്രകടനമാണ് മാക്‌സ്‌വെല്ലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. തന്റേതായ ദിവസങ്ങളില്‍ ലോകത്തെ ഏതൊരു ബൗളറുടെയും പേടിസ്വപ്‌നമായ മാക്‌സ് വെല്ലിന് സീസണില്‍ ഒരിക്കല്‍പ്പോലും തിളങ്ങാന്‍ സാധിച്ചിട്ടില്ല.
സീസണില്‍ ബാറ്റെടുത്ത അഞ്ച് ഇന്നിങ്സില്‍ നിന്നും എട്ടില്‍ താഴെ ശരാശരിയില്‍ നേടിയത് വെറും 41 റണ്‍സ്. ഇതില്‍ ഇരട്ടയക്കം കണ്ടത് ഒരിക്കല്‍ മാത്രം. 7, 3, 1, 30, 0 എന്നിങ്ങനെയാണ് സീസണില്‍ താരത്തിന്റെ പ്രകടനം.
ഐ.പി.എല്ലില്‍ ഒടുവില്‍ കളിച്ച 20 ഇന്നിങ്സില്‍ 13 തവണയും താരം ഒറ്റയക്കത്തിനാണ് മടങ്ങിയത് എന്നതും ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തിലാണ് ആദ്യ കിരീടം സ്വപ്‌നം കണ്ടിറങ്ങിയ പഞ്ചാബ് കിങ്‌സ് പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്.
ഓസ്‌ട്രേലിയയിലെ ടാസ്മാനിയയില്‍ നിന്നുള്ള താരമാണ് 23കാരനായ മിച്ചല്‍ ഓവന്‍. വലംകയ്യന്‍ ബാറ്ററും വലംകയ്യന്‍ മീഡിയം പേസറുമായ താരം കങ്കാരുക്കളുടെ ഭാവിയില്‍ പ്രധാനിയാകുമെന്നുറപ്പാണ്.
അന്താരാഷ്ട്ര തലത്തില്‍ ഓസ്‌ട്രേലിയക്കായി ഇനിയും അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരം 30 ടി-20 ഇന്നിങ്‌സില്‍ നിന്നും 646 റണ്‍സ് നേടിയിട്ടുണ്ട്. പന്തെറിഞ്ഞ 20 ഇന്നിങ്‌സില്‍ നിന്നും പത്ത് വിക്കറ്റും ഓവന്റെ പേരിലുണ്ട്.
കുട്ടിക്രിക്കറ്റില്‍ മൂന്ന് വിവിധ ഫ്രാഞ്ചൈസി ടൂര്‍ണമെന്റില്‍ തിളങ്ങിയ താരം ഇപ്പോള്‍ ഐ.പി.എല്ലില്‍ തന്റെ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.
ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറികെയ്ന്‍സിനും എസ്.എ. 20യില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കൗണ്ടര്‍പാര്‍ട്ടായ പാള്‍ റോയല്‍സിലും കളിച്ച താരം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ബാബര്‍ അസമിനൊപ്പം പെഷവാര്‍ സാല്‍മിക്കായും കളത്തിലിറങ്ങിയിട്ടുണ്ട്.
ഈ സീസണില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചുകൊണ്ടിരിക്കവെയാണ് റിക്കി പോണ്ടിങ്ങിന്റെ പഞ്ചാബ് കിങ്‌സിലേക്ക് താരം തട്ടകം മാറ്റുന്നത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം, നിലവില്‍ കളിച്ച പത്ത് മത്സരത്തില്‍ നിന്നും ആറ് ജയവും മൂന്ന് തോല്‍വിയുമായി 13 പോയിന്റോടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് പഞ്ചാബ് കിങ്‌സ്. പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ പഞ്ചാബ് കിങ്‌സിന്റെ പേരും ആരാധകര്‍ തെരഞ്ഞെടുക്കുന്നുണ്ട്.
ഞായറാഴ്ച നടക്കുന്ന ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തിലാണ് പഞ്ചാബ് കിങ്‌സ് കളത്തിലിറങ്ങുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. ധര്‍മശാലയാണ് വേദി.
Content Highlight: IPL 2025: Punjab Kings announced Mitchell Owen as Glenn Maxwell’s replacement