കിരീടമില്ലെങ്കിലും സീസണ്‍ കീഴടക്കി പഞ്ചാബ്, കൂട്ടായി ഗുജറാത്തും! ഇക്കാര്യത്തില്‍ ഇവര്‍ തുല്യര്‍
IPL
കിരീടമില്ലെങ്കിലും സീസണ്‍ കീഴടക്കി പഞ്ചാബ്, കൂട്ടായി ഗുജറാത്തും! ഇക്കാര്യത്തില്‍ ഇവര്‍ തുല്യര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th June 2025, 4:33 pm

പുതിയ കിരീടാവകാശികളുമായി ഐ.പി.എല്‍ 2025ന് തിരശീല വീണിരിക്കുന്നു. 18 വര്‍ഷത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കന്നി കിരീടത്തില്‍ മുത്തമിട്ടു. കിരീടമില്ലാത്ത രണ്ടു ടീമുകള്‍ മാറ്റുരച്ച ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു ടൂര്‍ണമെന്റിന്റെ എട്ടാം ചാമ്പ്യനായത്.

ഇതോടെ ടീമിന്റെ സൂപ്പര്‍ താരമായ വിരാടിന്റെ കാത്തിരിപ്പിനും അറുതിയായി. കരിയറിലെ എല്ലാ നേട്ടങ്ങളും സ്വന്തം പേരിലെഴുതിയിട്ടും കിട്ടാക്കനിയായി തുടര്‍ന്ന ഐ.പി.എല്‍ കപ്പെന്ന 18ാം നമ്പറുകാരന്റെ സ്വപ്നമാണ് സഫലമായത്. എന്നാല്‍ പഞ്ചാബ് കിങ്‌സിന്റെ ആദ്യ കിരീടമോഹം പൊലിയുകയും ചെയ്തു.

കിരീടമില്ലെങ്കിലും എന്നും ഓര്‍ത്തിരിക്കാനും എക്കാലത്തെയും മികച്ചതെന്ന് അടയാളപ്പെടുത്താനും കഴിയുന്ന ഒരു സീസണാണ് പഞ്ചാബ് കിങ്‌സിന് കടന്നു പോകുന്നത്. 11 വര്‍ഷത്തിന് ശേഷം ആദ്യമായി ഫൈനലില്‍ എത്താനായി എന്നതാണ് പഞ്ചാബിന്റെ ഏറ്റവും വലിയ പോസറ്റീവ്. കൂടാതെ ഒരു സീസണില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ടീമെന്ന അപൂര്‍വ റെക്കോഡും ടീമിന് സ്വന്തം പേരില്‍ ചേര്‍ക്കാനായി.

ഇതിന് പുറമെ മറ്റൊരു നേട്ടവും പഞ്ചാബ് ഈ സീസണില്‍ കുറിച്ചിട്ടുണ്ട്. ഒരു സീസണില്‍ ടി – 20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ 200+ സ്‌കോര്‍ നേടുന്ന ടീം എന്ന നേട്ടമാണ് പഞ്ചാബ് എഴുതി ചേര്‍ത്തത്. ഈ നേട്ടത്തില്‍ പഞ്ചാബ് മാത്രമല്ലയുള്ളത്, കൂട്ടായി ഗുജറാത്ത് ടൈറ്റന്‍സുമുണ്ട്. ഇരുവരും ഈ സീസണില്‍ 8 തവണ 200+ റണ്‍സ് സ്‌കോര്‍ ചെയ്താണ് ഈ ലിസ്റ്റില്‍ തലപ്പത്തെത്തിയത്.

ഒരു സീസണില്‍ ടി – 20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ 200+ സ്‌കോര്‍ നേടിയ ടീമുകള്‍

(ടീം – എണ്ണം – ടൂര്‍ണമെന്റ് – വര്‍ഷം എന്നീ ക്രമത്തില്‍)

പഞ്ചാബ് കിങ്സ് – 8 – ഐ.പി.എല്‍ – 2025 *

ഗുജറാത്ത് ടൈറ്റന്‍സ് – 8 – ഐ.പി.എല്‍ – 2025

ബര്‍മിങ്ങ്ഹാം ബിയേഴ്‌സ് – 7 – വിറ്റാലിറ്റി ബ്ലാസ്റ്റ് – 2022

മുംബൈ ഇന്ത്യന്‍സ് – 6 – ഐ.പി.എല്‍ – 2023

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 6 – ഐ.പി.എല്‍ – 2024

പഞ്ചാബ് കിങ്സ് ഫൈനലില്‍ കളിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫില്‍ പുറത്താവുകയായിരുന്നു. മികച്ച പ്രകടനം നടത്തിയിരുന്ന ടീം എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിന് മുമ്പിലാണ് വീണത്.

Content Highlight: IPL 2025: Punjab Kings and Gujarat Titans became the teams to score most 200+ totals in T20 competition