കിരീടം മോഹിക്കുന്നവര്‍ക്ക് തിരിച്ചടി; ഐ.പി.എല്‍ പൂര്‍ത്തീകരിക്കാന്‍ സൗത്ത് ആഫ്രിക്കക്കാരില്ല
IPL
കിരീടം മോഹിക്കുന്നവര്‍ക്ക് തിരിച്ചടി; ഐ.പി.എല്‍ പൂര്‍ത്തീകരിക്കാന്‍ സൗത്ത് ആഫ്രിക്കക്കാരില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th May 2025, 11:45 am

ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് താത്കാലികമായി നിര്‍ത്തിവെച്ച ഐ.പി.എല്‍ മെയ് 17ന് പുനരാരംഭിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഐ.പി.എല്‍ 2025ന്റെ ‘സെക്കന്‍ഡ് ഫേസിലെ’ ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങുന്നത്.

ടൂര്‍ണമെന്റ് പുനരാംഭിക്കുമ്പോള്‍ ടീമുകള്‍ക്ക് തിരിച്ചടിയായി സൗത്ത് ആഫ്രിക്കന്‍ താരങ്ങളുടെ ലഭ്യത. പ്രോട്ടിയാസ് താരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മെയ് 26ന് തന്നെ നാട്ടിലേക്ക് മടങ്ങാനാണ് സാധ്യത. ജൂണ്‍ 11ന് തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് താരങ്ങള്‍ നേരത്തെ മടങ്ങുന്നത്.

ഐ,പി.എല്‍ ഫൈനലിന് ശേഷം നാട്ടിലേക്ക് മടങ്ങാനായിരുന്നു താരങ്ങള്‍ നേരത്തെ പദ്ധതിയിട്ടിരുന്നത്. ഇന്ത്യ – പാക് സംഘര്‍ഷങ്ങളെ തുടര്‍ന്ന് ടൂര്‍ണമെന്റ് നിര്‍ത്തി വെക്കുന്നതിന് മുമ്പ് മെയ് 25നായിരുന്നു ഫൈനല്‍ മത്സരം നിശ്ചയിച്ചിരുന്നത്.

എന്നാല്‍ പുതിയ ഷെഡ്യൂള്‍ പ്രകാരം മെയ് 17 ന് പുനരാരംഭിക്കുന്ന ടൂര്‍ണമെന്റ് ജൂണ്‍ മൂന്നിനാണ് അവസാനിക്കുക. മെയ് 29 മുതല്‍ പ്ലേ ഓഫ് മത്സരങ്ങളും ജൂണ്‍ മൂന്നിന് ഫൈനലും എന്ന രീതിയിലാണ് ഐ.പി.എല്‍ ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

സൗത്ത് ആഫ്രിക്കക്ക് ജൂണ്‍ മൂന്ന് മുതല്‍ ആറ് വരെ സിംബാബ്വെയ്ക്കെതിരെ ഒരു സന്നാഹ മത്സരമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ടൂര്‍ണമെന്റ് അവസാനിക്കുന്നതിന് മുമ്പ് താരങ്ങളെ തിരിച്ച് വിളിക്കാന്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ (സി.എസ്.എ) തീരുമാനം.

മെയ് 26 ന് തന്റെ കളിക്കാരെ ദേശീയ ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രോട്ടിയസ് മുഖ്യ പരിശീലകന്‍ ശുക്രി കോണ്‍റാഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ടീമിന്റെ സമയപരിധിയില്‍ മാറ്റമില്ലെന്നും മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ താരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങണമെന്നും കോണ്‍റാഡ് പറഞ്ഞു.

‘ഞങ്ങളുടെ കാഴ്ചപ്പാടില്‍ നിന്ന് ഒന്നും മാറിയിട്ടില്ല. ഉന്നത തലത്തിലുള്ളവര്‍ക്കിടയില്‍ നടക്കുന്ന സംഭാഷണമാണിത്. നിലവിലുള്ള സാഹചര്യത്തില്‍ ഞങ്ങള്‍ അതില്‍ നിന്ന് പിന്മാറുന്നില്ല. 26 ന് ഞങ്ങളുടെ കളിക്കാരെ തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു, അത് ഫലപ്രാപ്തിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു,’ കോണ്‍റാഡ് പറഞ്ഞു.

ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കളിക്കാര്‍ മെയ് 26നകം തിരിച്ചെത്തണമെന്ന് സി.എസ്.എയുടെ ക്രിക്കറ്റ് ഡയറക്ടര്‍ എനോക്ക് എന്‍ക്വെയും പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് സി.എസ്.എ ഡയറക്ടര്‍ ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങള്‍ ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്, ഐ.പി.എല്ലുമായും ബി.സി.സി.ഐയുമായും ഞങ്ങള്‍ ഇത് അന്തിമമാക്കുകയാണ്. ഡബ്ല്യു.ടി.സി തയ്യാറെടുപ്പുകളുടെ കാര്യത്തില്‍ ഞങ്ങളുടെ യഥാര്‍ത്ഥ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുകയാണ്.

ടെസ്റ്റ് ടീമിലേക്ക് താരങ്ങള്‍ക്ക് തിരിച്ചുവരാനുള്ള അവസാന ദിവസം മെയ് 26ാണ്. ഡബ്ല്യു.ടി.സി ഫൈനലിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. അതിനാല്‍ യഥാര്‍ത്ഥ പദ്ധതികളില്‍ മാറ്റമില്ല. എല്ലാവരും ഒരേ നിലപാടിലാണെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞ ഒന്നോ രണ്ടോ ദിവസമായി ഞങ്ങള്‍ അവരുമായി സംസാരിക്കുന്നുണ്ട്,’ എന്‍ക്വെ പറഞ്ഞു.

 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള 15 അംഗ ടീമിനെ സി.എസ്.എ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടീമിലെ ഏഴ് അംഗങ്ങള്‍ ഐ.പി.എല്ലില്‍ കളിക്കുന്നവരാണ്. ഡി.സിയുടെ ട്രിസ്റ്റന്‍ സ്റ്റബ്‌സ്, പി.ബി.കെ.എസിന്റെ മാര്‍ക്കോ യാന്‍സന്‍, ജി.ടി കാഗിസോ റബാഡ, ആര്‍.സി.ബിയുടെ ലുങ്കി എന്‍ഗിഡി, എസ്.ആര്‍.എച്ചിന്റെ വിയാന്‍ മുള്‍ഡര്‍, എല്‍.എസ്.ജിയുടെ എയ്ഡന്‍ മാര്‍ക്രം, എംഐയുടെ കോര്‍ബിന്‍ ബോഷ്, റയാന്‍ റിക്കില്‍ട്ടണ്‍ എന്നിവരാണ് ടീമില്‍ ഇടം പിടിച്ചവര്‍.

ഈ താരങ്ങള്‍ നേരത്തെ മടങ്ങിയാല്‍ ടീമുകള്‍ക്ക് വലിയ തിരിച്ചടിയാകും. ഐ.പി.എല്‍ കിരീടം സ്വന്തമാക്കാന്‍ സ്വപനം കാണുന്ന ടീമുകള്‍ക്ക് ഈ താരങ്ങളുടെ വിടവ് പ്രതിസന്ധിയുണ്ടാക്കും. പല ഓസ്ട്രേലിയന്‍ താരങ്ങളും ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ഉണ്ടാവില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Content Highlight: IPL 2025: Proteas Players may return to South Africa on May 26 from IPL