ഐ.പി.എല്ലിലെ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്സ്. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ 37 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും സാധിച്ചു.
പഞ്ചാബ് ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മത്സരത്തില്‍ അഞ്ചാമനായി ഇറങ്ങിയ ശശാങ്ക് സിങ് 12 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 23 റണ്‍സാണ് താരം നേടിയത്.191.67 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരത്തെ പുറത്താക്കിയത് രവീന്ദ്ര ജഡേജയായിരുന്നു.
സീസണില്‍ അര്‍ഷ്ദീപ് സിങ്ങിനൊപ്പം പഞ്ചാബ് നിലനിര്‍ത്തിയ മറ്റൊരു താരമായിരുന്നു 33കാരനായ ശശാങ്ക്. സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് അഞ്ചാമനായി ഇറങ്ങി 214 റണ്‍സാണ് താരം നേടിയത്. മാത്രമല്ല 52* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 53.50 എന്ന ആവറേജും താരത്തിനുണ്ട്. 142.67 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരം മികച്ച പ്രകടനമാണ് പഞ്ചാബിന് വേണ്ടി കാഴ്ചവെക്കുന്നത്.
മത്സര ശേഷം മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ ശശാങ്ക് സിങ്ങിനെക്കുറിച്ച് സംസാസാരിച്ചിരുന്നു. മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള ശശാങ്കിന്റെ കഴിവിനെക്കുറിച്ച് പ്രഗ്യാന്‍ സംസാരിച്ചു. വളരെ കുറച്ച് കളിക്കാര്‍ക്ക് മാത്രമേ ശശാങ്കിനെപ്പോലെ കളിക്കാന്‍ കഴിയുകയുള്ളൂ എന്നും കുറച്ച് പന്തുകള്‍ മാത്രമാണ് ലഭിക്കുന്നതെങ്കിലും സ്ഥിരമായി ശശാങ്ക് റണ്‍സ് നേടുന്നുവെന്നും പ്രഗ്യാന്‍ പറഞ്ഞു.
‘കുറച്ച് കളിക്കാര്‍ക്ക് മാത്രമേ അവനെപ്പോലെ (ശശാങ്ക് സിങ്) കളിക്കാന്‍ കഴിയൂ. അവന്‍ സ്ഥിരമായി മികച്ച ഇന്നിങ്‌സുകള്‍ പുറത്തെടുക്കുന്നു. ശശാങ്കിന് കുറച്ച് പന്തുകള്‍ മാത്രമേ ലഭിക്കൂ, എന്നാല്‍ അവന്‍ എപ്പോഴും റണ്‍സ് നേടുന്നു. ശശാങ്കിനെ നിലനിര്‍ത്താനുള്ള കാരണവും അതുതന്നെയാണ്,’ അദ്ദേഹം പ്രഗ്യാന്‍ ഓജ പറഞ്ഞു.
നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 15 പോയിന്റാണ് പഞ്ചാബ് നേടിയത്. രണ്ടാം സ്ഥാനക്കാരായ പഞ്ചാബ് പ്ലേ ഓഫിലെത്തുമെന്നത് ഉറപ്പാണ്. മെയ് ഒമ്പതിന് നടക്കുന്ന അടുത്ത മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് പഞ്ചാബ് കളത്തിലിറങ്ങുന്നത്.