അവന്‍ ബുദ്ധിമാനായ ബൗളര്‍, ലൈനും ലങ്തും ഉപയോഗിച്ച് ബാറ്റര്‍മാരെ തോല്‍പ്പിക്കും; യുവ താരത്തെക്കുറിച്ച് പ്രഗ്യാന്‍ ഓജ
2025 IPL
അവന്‍ ബുദ്ധിമാനായ ബൗളര്‍, ലൈനും ലങ്തും ഉപയോഗിച്ച് ബാറ്റര്‍മാരെ തോല്‍പ്പിക്കും; യുവ താരത്തെക്കുറിച്ച് പ്രഗ്യാന്‍ ഓജ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th May 2025, 3:49 pm

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെയാണ് നേരിടുന്നത്. മുംബൈയുടെ തട്ടകമായ വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം.

നിലവില്‍ പോയിന്റ് പട്ടികയില്‍ 11 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 14 പോയിന്റോടെ മുംബൈ ഇന്ത്യന്‍സ് മൂന്നാമതാണ്. അതേസമയം 10 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ നാലാം സ്ഥാനത്താണ് ഗുജറാത്ത്. ഇതോടെ ഇന്ന് നടക്കാനിരിക്കുന്ന മത്സരം ഇരുവര്‍ക്കും നിര്‍ണായകമാണ്.

മത്സരത്തിന് മുമ്പേ ഗുജറാത്ത് ടൈറ്റന്‍സിന്റെ യുവ ഓള്‍ റൗണ്ടര്‍ സായി കിഷോറിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പ്രഖ്യാന്‍ ഓജ. മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നതെന്നും താരത്തിന് ഉയരം ഉപയോഗിച്ച് മികച്ച രീതിയില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും ഓജ പറഞ്ഞു. മാത്രമല്ല ബുദ്ധിപൂര്‍വം പന്തെറിയുന്ന സായിക്ക് എല്ലാ മത്സരങ്ങളിലും എതുകൊണ്ടാണ് നാല് ഓവര്‍ നല്‍കാത്തത് എന്നതിനെക്കുറിച്ച് മുന്‍ താരം ചോദ്യമുന്നയിക്കുകയും ചെയ്തു.

‘സായ് കിഷോറിനെ മറക്കരുത്. ഒരു ബൗളര്‍ എന്ന നിലയില്‍ അവന് പരിമിതികള്‍ ഉണ്ടാകും, ഗുജറാത്ത് ടൈറ്റന്‍സിനായി അദ്ദേഹം അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അവന്‍ തന്റെ ഉയരം പൂര്‍ണമായും ഉപയോഗിക്കുന്നു. അവന്‍ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ്.

മാത്രമല്ല അവന്‍ ഒരു ബുദ്ധിമാനുമായ ബൗളറാണ്. എല്ലാ മത്സരങ്ങളിലും അദ്ദേഹത്തിന് നാല് ഓവറുകള്‍ ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. സായ് കിഷോര്‍ പന്ത് അധികം സ്പിന്‍ ചെയ്യുന്നില്ല, പക്ഷേ തന്റെ ലൈനും ലെങ്തും ഉപയോഗിച്ച് ബാറ്റര്‍മാരെ തോല്‍പ്പിക്കുന്നു,’ പ്രഗ്യാന്‍ ഓജ പറഞ്ഞു.

നിലവില്‍ സീസണിലെ 10 മത്സരങ്ങളില്‍ നിന്ന് 213 റണ്‍സ് വഴങ്ങി 12 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 3/30 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. 17.75 എന്ന ആവറേജിലും 8.43 എക്കോണമിയിലുമാണ് താരം പന്തെറിഞ്ഞത്. തന്റെ ഐ.പി.എല്‍ കരിയറില്‍ ഇതുവരെ 25 വിക്കറ്റുകളാണ് താരം നേടിയത്. 2022ല്‍ ചെന്നൈക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഓള്‍ റൗണ്ടര്‍ നിലവില്‍ ടീമിന് വേണ്ടി മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്.

Content Highlight: IPL 2025: Pragyan Ojha Praises Sai Kishore For Good Bowling In IPL