18 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് പ്ലേ ബോള്‍ഡ് ആര്‍മി കിരീടത്തില്‍ മുത്തമിട്ടത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും വിരാട് കോഹ്ലിയുടെ കരുത്തില്‍ 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. 35 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 43 റണ്‍സാണ് വിരാട് കോഹ്ലി നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടാന്‍ സാധിച്ചത്.
ടൂര്‍ണമെന്റില്‍ ബെംഗളൂരുവിനെ കിരീടത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ബാറ്റര്‍ ഫില്‍ സാള്‍ട്ട്. വെടിക്കെട്ട് പ്രകടനം കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന താരം സീസണിലെ 13 മത്സരങ്ങളില്‍ നിന്ന് 403 റണ്‍സാണ് താരം അടിച്ചെടുത്തത്. 65 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പടെ 33.58 എന്ന ആവറേജിലാണ് താരം ബാറ്റ് വീശിയത്. 175.98 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. നാല് അര്‍ധ സെഞ്ച്വറിയുള്‍പ്പെടെയാണ് താരത്തിന്റെ ബാറ്റിങ്. സീസണില്‍ ബെംഗളൂരുവിന് വേണ്ടി 48 ഫോറും 22 സിക്‌സും നേടാന്‍ സാള്‍ട്ടിന് സാധിച്ചു.
ഇതോടെ ഐ.പി.എല്‍ 2025ല്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സാള്‍ട്ടിന് സാധിച്ചിരിക്കുകയാണ്. സീസണില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി പേഴ്‌സന്റേജ് നേടുന്ന താരമാകാനാണ് സാള്‍ട്ടിന് സാധിച്ചത് (മിനിമം 300 റണ്‍സ്). ഈ നേട്ടത്തില്‍ വിന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പൂരനെ മറികടക്കാനും താരത്തിന് സാധിച്ചു. ക്രിക്കറ്റ് ആരാധകരെ നിരാശയിലാക്കി പൂരന്‍ അന്താരഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചിരിക്കുകയാണ്.
ഐ.പി.എല്‍ 2025ല്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി പേഴ്‌സന്റേജ് നേടുന്ന താരം, ശതമാനം
ഫില്‍ സാള്‍ട്ട് (ബെംഗളൂരു) – 80.03 %
നിക്കോളാസ് പൂരന്‍ (ലഖ്‌നൗ) – 80.01 %
അഭിഷേക് ശര്‍മ (ഹൈദരാബാദ്) – 80.01 %
പ്രിയാന്‍ഷ് ആര്യ (പഞ്ചാബ്) – 77.08 %
ട്രാവിസ് ഹെഡ്ഡ് (ഹൈദരാബാദ്) – 77.05 %
റിയാന്‍ റിക്കില്‍ട്ടണ്‍ (മുംബൈ) – 74.07 %
പ്രഭ്‌സിമ്രാന്‍ സിങ് – (പഞ്ചാബ്) – 73.05 %
Content Highlight: IPL 2025: Phil Salt In Great Record Achievement In IPL 2025