രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ആഹാ... ഐ.പി.എല്ലില്‍ കളിക്കുമ്പോള്‍ ഓഹോ... ഉഗ്രശേഷിയുള്ള അമിട്ട് നനഞ്ഞ പടക്കമാകുന്ന കാഴ്ച
IPL
രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ആഹാ... ഐ.പി.എല്ലില്‍ കളിക്കുമ്പോള്‍ ഓഹോ... ഉഗ്രശേഷിയുള്ള അമിട്ട് നനഞ്ഞ പടക്കമാകുന്ന കാഴ്ച
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th April 2025, 11:11 pm

ആദ്യ മത്സരത്തിലെ നെയ്ല്‍ ബൈറ്റിങ് ഫിനിഷിന്റെ ആവേശം അടങ്ങുമുമ്പ് തന്നെ സീസണിലെ തങ്ങളുടെ രണ്ടാം എന്‍കൗണ്ടറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുകയാണ് പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത് 201 റണ്‍സാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്.

കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ പ്രിയാന്‍ഷ് ആര്യയുടെയും പ്രഭ്സിമ്രാന്‍ സിങ്ങിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് പഞ്ചാബ് മികച്ച സ്‌കോറിലെത്തിയത്.

യുവതാരങ്ങള്‍ കളം നിറഞ്ഞാടിയ മത്സരത്തില്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ പാടെ നിരാശപ്പെടുത്തി. എട്ട് പന്ത് നേരിട്ട് ഏഴ് റണ്‍സുമായാണ് മാക്സി പുറത്തായത്. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്.

സീസണില്‍ വളരെ മോശം ബാറ്റിങ് പ്രകടനമാണ് താരത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. അഞ്ച് ഇന്നിങ്‌സില്‍ നിന്നും എട്ടില്‍ താഴെ ശരാശരിയില്‍ നേടിയത് വെറും 41 റണ്‍സ്. ഇതില്‍ ഇരട്ടയക്കം കണ്ടത് ഒരിക്കല്‍ മാത്രം.

7, 3, 1, 30, 0 എന്നിങ്ങനെയാണ് സീസണില്‍ താരത്തിന്റെ പ്രകടനം.

 

ഐ.പി.എല്ലില്‍ ഒടുവില്‍ കളിച്ച 20 ഇന്നിങ്‌സില്‍ 13 തവണയും താരം ഒറ്റയക്കത്തിനാണ് മടങ്ങിയത്. എന്നാല്‍ ദേശീയ ടിമിനായി കളിക്കുമ്പോള്‍ മറ്റൊരു മാക്‌സ്‌വെല്ലിനെയാണ് ആരാധകര്‍ക്ക് കാണാനാകുന്നത്. മികച്ച രീതിയില്‍ റണ്‍സുയര്‍ത്തുന്ന താരം മിക്ക മത്സരങ്ങളിലും ടീമിന്റെ രക്ഷകനുമായിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ ടീമിന് വേണ്ടി കളിക്കുമ്പോള്‍, ഒടുവില്‍ കളത്തിലിറങ്ങിയ 20 ഇന്നിങ്‌സില്‍ രണ്ട് തവണ മാത്രമാണ് ഒറ്റയക്കത്തിന് പുറത്തായത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ആദ്യ മത്സരത്തിലും വരുണ്‍ ചക്രവര്‍ത്തിയാണ് താരത്തെ മടക്കിയത്. പത്ത് പന്തില്‍ ഏഴ് റണ്‍സുമായി നില്‍ക്കവെയാണ് മാക്‌സി പുറത്താകുന്നത്.

ഈഡന്‍ ഗാര്‍ഡന്‍സിലേതടക്കം ഇത് അഞ്ചാം തവണയാണ് വരുണ്‍ ചക്രവര്‍ത്തി മാക്സ്‌വെല്ലിനെ പുറത്താക്കുന്നത്. ഏറ്റവുമധികം തവണ ഓസ്ട്രേലിയന്‍ സൂപ്പര്‍ ഓള്‍ റൗണ്ടറെ പുറത്താക്കുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും ചക്രവര്‍ത്തിക്ക് സാധിച്ചു.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ ഗ്ലെന്‍ മാക്സ്‌വെല്ലിനെ പുറത്താക്കിയ താരങ്ങള്‍

(താരം – വിക്കറ്റ് എന്നീ ക്രമത്തില്‍)

രവീന്ദ്ര ജഡേജ – 6

വരുണ്‍ ചക്രവര്‍ത്തി – 5*

അമിത് മിശ്ര – 5

ജസ്പ്രീത് ബുംറ – 5

നേരത്തെ, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് കിങ്‌സിനായി ആദ്യ വിക്കറ്റില്‍ പ്രഭ്‌സിമ്രാനും പ്രിയാന്‍ഷ് ആര്യയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ടീം സ്‌കോര്‍ 120ല്‍ നില്‍ക്കവെ പ്രിയാന്‍ഷിനെ മടക്കി ആന്ദ്രേ റസല്‍ ബ്രേക് ത്രൂ നല്‍കി. 35 പന്തില്‍ 69 റണ്‍സുമായി നില്‍ക്കവെ വൈഭവ് അറോറക്ക് ക്യാച്ച് നല്‍കിയാണ് കളം വിട്ടത്.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനൊപ്പം രണ്ടാം വിക്കറ്റില്‍ 40 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയ ശേഷം പ്രഭ്‌സിമ്രാനും മടങ്ങി. 49 പന്തില്‍ 83 റണ്‍സാണ് പ്രഭ്‌സിമ്രാന്‍ സ്വന്തമാക്കിയത്.

മാക്‌സ്‌വെല്ലും മാര്‍കോ യാന്‍സെനും ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ ശ്രേയസ് അയ്യര്‍ 16 പന്തില്‍ 25 റണ്‍സും ജോഷ് ഇംഗ്ലീസ് ആറ് പന്തില്‍ 11 റണ്‍സുമായും പുറത്താകാതെ നിന്നു.

ഒടുവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 201ലെത്തി.

കൊല്‍ക്കത്തയ്ക്കായി വൈഭവ് അറോറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ആന്ദ്രേ റസലും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

 

Content Highlight: IPL 2025: PBKSW vs KKR: Glenn Maxwell dismissed 13 times for single digit in last 20 IPL innings