ഐ.പി.എല്‍ 2025ലെ 27ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 245 റണ്‍സ് പടുത്തുയര്‍ത്തിയാണ് പഞ്ചാബ് കിങ്‌സ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. സണ്‍റൈസേഴ്‌സിന്റെ തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അടക്കമുള്ള താരങ്ങളുടെ മികവിലാണ് പഞ്ചാബ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ടോസ് നേടിയ പഞ്ചാബ് നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും അടിത്തറയിട്ട ഇന്നിങ്‌സ് ശ്രേയസ് അയ്യര്‍ കെട്ടിപ്പൊക്കുകയും മാര്‍ക്കസ് സ്റ്റോയ്‌നിസ് തന്റെ തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ അവസാനിപ്പിക്കുകയുമായിരുന്നു.
മുഹമ്മദ് ഷമിയെറിഞ്ഞ അവസാന ഓവറില്‍ നേരിട്ട അഞ്ച് പന്തില്‍ നിന്നും നാല് സിക്‌സര്‍ ഉള്‍പ്പടെ 26 റണ്‍സാണ് സ്റ്റോയ്‌നിസ് അടിച്ചെടുത്തത്. ഇതോടെ നാല് ഓവറില്‍ നിന്നും 75 റണ്‍സ് ഷമിക്ക് വിട്ടുകൊടുക്കേണ്ടി വന്നു.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും മാര്‍കസ് സ്‌റ്റോയ്‌നിസിന്റെ പേരില്‍ കുറിക്കപ്പെട്ടു. 20ാം ഓവറുകളില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റുള്ള താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
(താരം – റണ്‍സ് – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)
മാര്‍കസ് സ്‌റ്റോയ്‌നിസ് – 209 – 302.90*
രോഹിത് ശര്‍മ – 257 – 282.4
എ.ബി. ഡി വില്ലിയേഴ്‌സ് – 225 – 255.7
എം.എസ്. ധോണി – 835 – 245.59
ഹര്‍ദിക് പാണ്ഡ്യ – 263 – 242.62
അതേസമയം, പഞ്ചാബ് ഉയര്‍ത്തിയ 246 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് അതിവേഗം വിജയത്തിലേക്ക് കുതിക്കുകയാണ്. നിലവില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 186 എന്ന നിലയിലാണ് ഓറഞ്ച് ആര്‍മി.
സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയുടെ ഇന്നിങ്‌സിന്റെ ബലത്തിലാണ് സണ്‍റൈസേഴ്‌സ് വിജയലക്ഷ്യം മറികടക്കാന്‍ ഒരുങ്ങുന്നത്. 40ാം പന്തില്‍ സെഞ്ച്വറി നേടിയ താരം നിലവില്‍ 44 പന്തില്‍ നിന്നും 108 റണ്‍സാണ് നേടിയത്. നാല് പന്തില്‍ മൂന്ന് റണ്‍സുമായി ഹെന്‌റിക് ക്ലാസനാണ് ഒപ്പമുള്ളത്. 37 പന്തില്‍ 66 റണ്‍സടിച്ച ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.