ഐ.പി.എല്ലില്‍ രണ്ടാം ജയം തേടിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരിക്കല്‍ക്കൂടി സ്വന്തം മണ്ണിലെത്തിയത്. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുത്തു.
മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ആരാധകരെയും കമന്റേറ്റര്‍മാരെയും ചിരിയിലാഴ്ത്തിയ സംഭവത്തിനാണ് ഉപ്പല്‍ സാക്ഷ്യം വഹിച്ചത്. ഗ്രൗണ്ടിലെ പരസ്യ ചിത്രത്തില്‍ പോയ പന്ത് കാണാതെ പോയ ഇഷാന്‍ കിഷന്റെ കണ്‍ഫ്യൂഷനാണ് ചിരിക്ക് വഴിയൊരുക്കിയത്.
ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ പ്രഭ്‌സിമ്രാന്‍ സിങ് ഫോറെന്നുറപ്പിച്ച ഷോട്ട് ഇഷാന്‍ കിഷന്‍ തടഞ്ഞുനിര്‍ത്തിയിരുന്നു. ഗ്രൗണ്ടിലെ പരസ്യചിത്രത്തിലാണ് പന്ത് പോയി നിന്നത്. പരസ്യത്തിന്റെ വെളുത്ത ഭാഗത്ത് നിന്ന പന്ത് കാണാതെ ഇഷാന്‍ കിഷന്‍ ചുറ്റും അന്വേഷിക്കുകയായിരുന്നു. താന്‍ തടുത്തിട്ട പന്ത് പെട്ടെന്ന് എവിടെപ്പോയെന്ന സകല കണ്‍ഫ്യൂഷനും താരത്തിന്റെ മുഖത്തുണ്ടായിരുന്നു.
ഒടുവില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സെത്തിയാണ് പന്ത് വിക്കറ്റ് കീപ്പര്‍ക്ക് നല്‍കിയത്. പന്തെടുത്ത ശേഷം ഇഷാനെ നോക്കി തന്റെ അതൃപ്തി പ്രകടമാക്കാനും കമ്മിന്‍സ് മറന്നില്ല.
അതേസമയം, എട്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ് പഞ്ചാബ് കിങ്‌സ് ബാറ്റിങ് തുടരുന്നത്. പ്രിയാന്‍ഷ് ആര്യ (13 പന്തില്‍ 36), പ്രഭ്‌സിമ്രാന്‍ സിങ് (23 പന്തില്‍ 42) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് ഇതുവരെ നഷ്ടമായത്.