അവന്‍ റെയ്‌നയെ പോലെയാണ്; പഞ്ചാബ് താരത്തിനെ പ്രശംസിച്ച് ചോപ്ര
IPL
അവന്‍ റെയ്‌നയെ പോലെയാണ്; പഞ്ചാബ് താരത്തിനെ പ്രശംസിച്ച് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th May 2025, 5:07 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിങ്സ് വിജയം സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് റണ്‍സിന്റെ വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്.

മത്സരത്തില്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി 209 റണ്‍സില്‍ ഒതുക്കുകയായിരുന്നു പഞ്ചാബ് കിങ്സ്. ശ്രേയസിന്റെ സംഘം ആര്‍.ആറിനെതിരെ ബാറ്റ് കൊണ്ടും ബൗളുകൊണ്ടും മികച്ച പ്രകടനമാണ് നടത്തിയത്.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തിരുന്നു. പഞ്ചാബിനായി മികച്ച പ്രകടനം പുറത്തെടുത്തത് നേഹല്‍ വധേരയാണ്. 37 പന്തില്‍ 70 റണ്‍സ് എടുത്താണ് താരം ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

റോയല്‍സിനെതിരെ അഞ്ച് വീതം സിക്സും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 189.19 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് വധേര സഞ്ജുവിന്റെ ബൗളര്‍മാരെ അടിച്ചത്.

മത്സരശേഷം നേഹല്‍ വധേരയെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര സംസാരിച്ചിരുന്നു. നേഹല്‍ വധേര വളരെ നന്നായി കളിച്ചുവെന്നും സ്പിന്നിനെതിരെ കളിക്കുമ്പോള്‍ അവന്‍ സുരേഷ് റെയ്നയെ ഓര്‍മിപ്പിക്കുന്നുവെന്നും ചോപ്ര പറഞ്ഞു.

‘നേഹല്‍ വധേര വളരെ നന്നായി കളിച്ചു. വളരെ കഴിവുള്ള താരമാണ് അവന്‍. സ്പിന്നിനെതിരെ കളിക്കുമ്പോള്‍ അവന്‍ സുരേഷ് റെയ്നയെ ഓര്‍മിപ്പിക്കുന്നു. അവന്‍ ചില ഷോട്ടുകള്‍ കളിക്കുന്നതും കാലുകള്‍ ഉപയോഗിക്കുന്ന രീതിയും അദ്ദേഹത്തെപ്പോലെ തോന്നിപ്പിക്കുന്നു,’ ചോപ്ര പറഞ്ഞു.

മത്സരങ്ങളില്‍ വധേര എപ്പോഴും ഇന്നിങ്സുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നുവെന്നും ഒരിക്കലും കളികളില്‍ പിന്നിലാണെന്ന് തോന്നുകയില്ലെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘അവന്‍ എപ്പോഴും കളി നിയന്ത്രണത്തിലാക്കുന്നു. ഒരിക്കലും പിന്നിലാണെന്ന് തോന്നില്ല. സാധാരണയായി നേഹല്‍ കളിയില്‍ അല്‍പ്പം മുന്നിലാണ്. പിന്തുടരുമ്പോഴും ആദ്യം ബാറ്റ് ചെയ്യുമ്പോഴും അവന്‍ ഇന്നിങ്സുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു.

അവന് രാജസ്ഥാനെ ഇഷ്ടമാണെന്നാണ് എനിക്ക് തോന്നുന്നത്. അവസാനമായി അവര്‍ക്കെതിരെ കളിച്ചപ്പോള്‍ അവന്‍ അര്‍ധ സെഞ്ച്വറി നേടി. ഇപ്പോള്‍ 70 റണ്‍സും,’ ചോപ്ര പറഞ്ഞു.

പതിനെട്ടാം സീസണില്‍ പഞ്ചാബ് കിങ്‌സിനായി മികച്ച പ്രകടനമാണ് നേഹല്‍ വധേര നടത്തുന്നത്. 11 മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറികളടക്കം താരം 280 റണ്‍സെടുത്തിട്ടുണ്ട്. 35.00 ശരാശരിയും 157.30 സ്‌ട്രൈക്ക് റേറ്റുമാണ് ഈ സീസണില്‍ പഞ്ചാബ് താരത്തിനുള്ളത്.

Content Highlight: IPL 2025: PBKS vs RR: Akash Chopra compares Nehal Wadhera to Suresh Raina