ഐ.പി.എല്‍ പതിനെട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. കരുത്തരായ പഞ്ചാബിനെ അവരുടെ തട്ടകമായ മുല്ലാന്‍പൂരില്‍ 60 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ബെംഗളൂരു ക്വാളിഫയറില്‍ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഇതുവരെ ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ സാധിക്കാത്ത ബെംഗളൂരുവിന് കിരീടം ചൂടാന്‍ ഇനി വെറും ഒരു വിജയത്തിന്റെ ദൂരം മാത്രമാണുള്ളത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ പഞ്ചാബിനെ 101 റണ്‍സില്‍ ഒതുക്കുകയായിരുന്നു ബെംഗളൂരു. മറുപടി ബാറ്റിങ്ങില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍.സി.ബി 106 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇത് നാലാം തവണയാണ് ബെംഗളൂരു ഐ.പി.എല്‍ ഫൈനലില്‍ എത്തുന്നത്.
Say Hello to the first 𝐅𝐈𝐍𝐀𝐋𝐈𝐒𝐓𝐒 of #TATAIPL 2025 ❤#RCB fans, how elated are you? 🤩
ബെംഗളൂരുവിന് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവച്ചത് സുയാഷ് ശര്‍മയാണ്. മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് താരം നേടിയത്. മൂന്ന് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് 5.67 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ വിക്കറ്റ് വേട്ട. താരത്തിന് പുറമെ ബെംഗളൂരുവിന്റെ വജ്രായുധമായ സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റ് നേടിയിരുന്നു. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ 18 റണ്‍സിനാണ് ഭുവി പുറത്താക്കിയത്.
ഇതോടെ ഒരു ചരിത്ര നേട്ടമാണ് ഭുവനേശ്വര്‍ സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഫാസ്റ്റ് ബൗളറാകാനാണ് ഭുവിക്ക് സാധിച്ചത്. മാത്രമല്ല ഈ റെക്കോഡ് ലിസ്റ്റില്‍ പഞ്ചാബ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന് താഴെയാണ് ഭുവി.
Rising to the occasion ✨
Suyash Sharma wins the Player of the Match award for his web-spinning spell 🕸️👏
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരങ്ങള്‍
യുസ്വേന്ദ്ര ചഹല്‍ – 219
ഭുവനേശ്വര്‍ കുമാര്‍ – 196
സുനില്‍ നരെയ്ന്‍ – 192
പീയുഷ് ചൗള – 192
ആര്‍. അശ്വിന്‍ – 187
ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തൊട്ടതെല്ലാം പാളിയിരുന്നു. പവര്‍പ്ലേയില്‍ ടീം സ്‌കോര്‍ 50 കടക്കും മുമ്പേ നാല് പേര്‍ കൂടാരം കയറി. 17 പന്തില്‍ 26 റണ്‍സെടുത്ത് ടോപ് സ്‌കോററായ മാര്‍ക്കസ് സ്റ്റോയ്‌നിസാണ് സ്‌കോര്‍ ബോര്‍ഡ് കുറച്ചെങ്കിലും ചലിപ്പിച്ചത്. താരത്തിന് പുറമെ പ്രഭ് സിമ്രാന്‍ സിങ് (10 പന്തില്‍ 18 ), അസ്മത്തുള്ള ഒമര്‍സായി (12 പന്തില്‍ 18) എന്നിവര്‍ ഒഴികെ മറ്റാരും രണ്ടക്കം കടന്നില്ല. മൂന്ന് വിക്കറ്റ് നേടിയ സുയാഷ് ശര്‍മയാണ് ബൗളിങ്ങില്‍ ബെംഗളൂരിന് വേണ്ടി മിന്നും പ്രകടനം നടത്തിയത്.
പരാജയപ്പെട്ടെങ്കിലും പഞ്ചാബിന്റെ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല. ശ്രേയസിന്റെ ടീമിന് ഫൈനലില്‍ എത്താന്‍ ഒരു അവസരം കൂടിയുണ്ട്. രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്ററിലെ വിജയികളെ പരാജയപ്പെടുത്തിയാല്‍ പഞ്ചാബിനും കന്നി കിരീടം സ്വപനം കാണാം. ഇന്ന് നടക്കുന്ന എലിമിനേറ്ററില്‍ ഗുജറാത്തും പഞ്ചാബുമാണ് ഏറ്റുമുട്ടുന്നത്.
Content Highlight: IPL 2025: PBKS VS RCB: Bhuvaneshwar Kumar In Great Record Achievement In IPL History