കത്തിക്കയറാന്‍ ബെംഗളൂരു; പഞ്ചാബിനെ ഇന്ന് മലര്‍ത്തിയടിച്ചേക്കും; കാരണം ദാ ഈ റെക്കോഡ് തന്നെ!
IPL
കത്തിക്കയറാന്‍ ബെംഗളൂരു; പഞ്ചാബിനെ ഇന്ന് മലര്‍ത്തിയടിച്ചേക്കും; കാരണം ദാ ഈ റെക്കോഡ് തന്നെ!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th May 2025, 10:58 am

ഐ.പി.എല്‍ 2025ലെ  ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. മഹാരാജാ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ഐ.പി.എല്‍ അതിന്റെ ആവേശകരമായ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മത്സരത്തിനായി വലിയ കാത്തിരിപ്പിലാണ് ആരാധകര്‍.

പഞ്ചാബും ബെംഗളൂരുവും തങ്ങളുടെ കന്നി കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. മത്സരത്തില്‍ ഏത് ടീം തോല്‍വി വഴങ്ങിയാലും എലിമിനേറ്ററില്‍ വിജയിക്കുന്ന ടീമുമായി ഒരു അവസരം കൂടെ ഉണ്ടാകും. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ലഖ്നൗവിനെതിരെ നേടിയ കൂറ്റന്‍ വിജയത്തിന്റെ ആത്മവിശ്വാസവും ജോഷ് ഹേസല്‍വുഡ്ഡിന്റെ തിരിച്ചുവരവും ബെംഗളൂരുവിന് ശുഭ സൂചനയാണ്.

ഇതിനെല്ലാം പുറമെ ഒരു വമ്പന്‍ റെക്കോഡില്‍ വിജയക്കുതിപ്പ് തുടരാന്‍ ബെംഗളൂരുവിന് കഴിയും. പഞ്ചാബിന്റെ തട്ടകത്തില്‍ ഇന്ന് ബെംഗളൂരുവിന് വിജയിക്കാന്‍ സാധിച്ചാല്‍ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ എവേ മത്സരങ്ങള്‍ വിജയിക്കുന്ന ടീമെന്ന റെക്കോഡില്‍ ആധിപത്യം സ്ഥാപിക്കാനാണ് ബെംഗളൂരുവിന് സാധിക്കുക. ലഖ്‌നൗവിനെതിരെ അവരുടെ തട്ടകത്തില്‍ വിജയക്കൊടി പാറിച്ച ആര്‍.സി.ബി തങ്ങളുടെ ഏഴാം എവേ വിജയമാണ് നേടിയത്.

ഇന്ന് പഞ്ചാബിനെതിരെ വിജയിച്ചാല്‍ ഈ നേട്ടത്തില്‍ ഒരു വിജയം കൂടെ ചേര്‍ക്കാന്‍ ബെംഗളൂരുവിന് കഴിയും. ലീഗ് ഘട്ടത്തില്‍ ആദ്യ കൊല്‍ക്കത്തയേയും പിന്നീട് ചെന്നൈ, മുംബൈ, രാജസ്ഥാന്‍, പഞ്ചാബ്, ദല്‍ഹി, ലഖ്‌നൗ എന്നിവരെ പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിന് സീസണിലെ എല്ലാ എവേ മത്സരങ്ങളിലും വിജയിക്കാന്‍ സാധിച്ചത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഇരുവരും 35 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. അതില്‍ പഞ്ചാബ് 18 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ ബെംഗളൂരു 17 മത്സരങ്ങളിലാണ് വിജയം നേടിയത്.

എന്നാല്‍ പഞ്ചാബ് ബാറ്റിങ്ങിലും ബൗളിങ്ങിലും വലിയ ആത്മവിശ്വാസത്തിലാണ്. ശ്രേയസ് അയ്യര്‍ എന്ന മികച്ച ക്യാപ്റ്റന്റെ കീഴില്‍ പഞ്ചാബും ഫൈനലില്‍ എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എലിമിനേറ്ററില്‍ ഗുജറാത്തും മുംബൈയും കരുത്തുള്ളവരാണന്നും മറക്കാന്‍ സാധിക്കില്ല. ആറാം കിരീടത്തിലേക്ക് കണ്ണുവെക്കുന്ന മുംബൈയും രണ്ടാം കിരീടം ലക്ഷ്യമിടുന്ന ഗുജറാത്തും വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്.

Content Highlight: IPL 2025: PBKS VS RCB: Bengaluru is the only team to win all away matches in an IPL season