ഐ.പി.എല്‍ 2025യ്ക്ക് തിരശീല വീഴാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇനിയുള്ളത് ഫൈനലും രണ്ടാം ക്വാളിഫയറുമാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇതിനോടകം തന്നെ ഐ.പി.എല്ലിന്റെ കലാശപ്പോരിന് യോഗ്യത നേടിയിട്ടുണ്ട്. ഇന്ന് നടക്കാനിരിക്കുന്ന ക്വാളിഫയര്‍ രണ്ടാണ് രണ്ടാം ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുക.
പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യന്‍സുമാണ് ഇന്ന് നടക്കുന്ന മത്സരത്തില്‍ ഏറ്റുമുട്ടാനിരിക്കുന്നത്. പഞ്ചാബ് കന്നി കിരീടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ മുംബൈയ്ക്ക് ഉന്നം ആറാം കിരീടമാണ്. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.
എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയാണ് മുംബൈ ഫൈനലിലെ സ്ഥാനം തേടിയിറങ്ങുന്നത്. തുടക്കത്തിലെ തിരിച്ചടികള്‍ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയതും താരങ്ങള്‍ എല്ലാവരും മികച്ച പ്രകടനങ്ങള്‍ നടത്തുന്നതും മുംബൈയ്ക്ക് പ്രതീക്ഷ നല്‍കുന്നു.
അതേസമയം, പഞ്ചാബ് കിങ്സ് ഒന്നാം ക്വാളിഫയറില്‍ ബെംഗളൂരുവിനോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയത് ടീമിന് വലിയ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. മുംബൈയെക്കാള്‍ അധിക സമയം തയ്യാറെടുപ്പുകള്‍ക്ക് ലഭിച്ചത് ശ്രേയസിന്റെ സംഘത്തിന് മുതല്‍ കൂട്ടായേക്കാം.
ഇന്ന് കന്നി കിരീടത്തിന് ഒരു പടി കൂടി അടുക്കുകയെന്ന ലക്ഷ്യത്തില്‍ അഹമ്മദാബാദ് ഇറങ്ങുമ്പോള്‍ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരിനെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. ടി – 20 കരിയറില്‍ 6500 റണ്‍സ് എന്ന നാഴികകല്ലില്‍ എത്താനാണ് ശ്രേയസിന് അവസരമുള്ളത്. ഇതിനായി താരത്തിന് വെറും പത്ത് റണ്‍സ് മാത്രമാണ് വേണ്ടത്.
ടി – 20 ക്രിക്കറ്റില്‍ ഇതുവരെ 238 മത്സരങ്ങളില്‍ നിന്നായി 232 ഇന്നിങ്സുകളില്‍ നിന്ന് ശ്രേയസ് 6490 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഈ ഫോര്‍മാറ്റില്‍ താരത്തിന് മൂന്ന് സെഞ്ച്വറിയും 42 അര്‍ധ സെഞ്ച്വറിയുമാണുള്ളത്. പഞ്ചാബ് നായകന് ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റില്‍ 33.80 ശരാശരിയും 136.00 സ്‌ട്രൈക്ക് റേറ്റുമുണ്ട്.
പതിനെട്ടാം സീസണില്‍ പഞ്ചാബിന്റെ കുപ്പായത്തില്‍ ബാറ്റ് കൊണ്ട് മികച്ച പ്രകടനമാണ് താരം നടത്തുന്നത്. 15 മത്സരങ്ങളില്‍ അഞ്ച് അര്‍ധ സെഞ്ച്വറികളടക്കം ശ്രേയസ് 516 റണ്‍സെടുത്തിട്ടുണ്ട്. 46.91 ആവറേജും 170.86 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് ചെയ്യുന്നത്.
Content Highlight: IPL 2025: PBKS vs MI: Shreyas Iyer needs 10 runs to reach 6500 runs T20 cricket