ജീവന്‍മരണ പോരാട്ടത്തില്‍ സ്‌പെഷ്യല്‍ മൈല്‍സ്റ്റോണ്‍ പിന്നിടാന്‍ ശ്രേയസ്; വേണ്ടത് ഇത്ര മാത്രം...
IPL
ജീവന്‍മരണ പോരാട്ടത്തില്‍ സ്‌പെഷ്യല്‍ മൈല്‍സ്റ്റോണ്‍ പിന്നിടാന്‍ ശ്രേയസ്; വേണ്ടത് ഇത്ര മാത്രം...
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th May 2025, 3:02 pm

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ജയ്പൂര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പോയിന്റ് ടേബിള്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

നിലവില്‍ ഐ.പി.എല്ലില്‍ 13 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 17 പോയിന്റുള്ള പഞ്ചാബ് രണ്ടാം സ്ഥാനത്താണ്. അതേസമയം, നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് 13 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും അഞ്ച് തോല്‍വിയുമായി 16 പോയിന്റാണുള്ളത്.

ജീവന്‍ മരണ പോരാട്ടത്തില്‍ കളത്തിലിറങ്ങുമ്പോള്‍ പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യരിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. ടി – 20 കരിയറില്‍ 6500 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടാനാണ് ശ്രേയസിന് അവസരമുള്ളത്. ഈ നേട്ടത്തില്‍ എത്താന്‍ താരത്തിന് 38 റണ്‍സാണ് വേണ്ടത്.

നിലവില്‍ കുട്ടി ക്രിക്കറ്റില്‍ 236 മത്സരങ്ങളിലെ 230 ഇന്നിങ്സുകളില്‍ നിന്ന് 6462 റണ്‍സ് എടുത്തിട്ടുണ്ട്. ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ താരത്തിന് മൂന്ന് സെഞ്ച്വറികളും 42 അര്‍ധ സെഞ്ച്വറികളുമുണ്ട്. 33.83 ആവറേജും 135. 95 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിന് ഈ ഫോര്‍മാറ്റില്‍ ഉള്ളത്.

ശ്രേയസിന്റെ ടി-20 കരിയറിലെ 3615 റണ്‍സും ഐ.പി.എല്ലില്‍ നിന്നാണ് നേടിയത്. ടൂര്‍ണമെന്റില്‍ 129 മത്സരങ്ങളില്‍ ഇറങ്ങിയാണ് താരം ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്. പതിനെട്ട് സീസണുകളില്‍ 33.78 ആവറേജും 132.12 സ്‌ട്രൈക്ക് റേറ്റുമാണ് പഞ്ചാബ് നായകനുള്ളത്.

പതിനെട്ടാം സീസണില്‍ ക്യാപ്റ്റനായും കളിക്കാരനായും മികച്ച പ്രകടനമാണ് ശ്രേയസ് നടത്തുന്നത്. 13 മത്സരങ്ങളില്‍ നിന്ന് 488 റണ്‍സാണ് താരം ഇതുവരെ ഈ സീസണില്‍ അടിച്ചെടുത്തത്. 48.80 ആവറേജിലും 172.43 സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്ത ഇന്ത്യന്‍ താരം അഞ്ച് അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.

Content Highlight: IPL 2025: PBKS vs MI: Punjab Kings captain Shreyas Iyer needs 38 runs to reach 6500 runs in T20 cricket