ഈ സീസണില്‍ ടീമിന് ആദ്യ കിരീടം നേടികൊടുക്കണമെന്നാണ് ആഗ്രഹം; തുറന്ന് പറഞ്ഞ് പഞ്ചാബ് താരം
IPL
ഈ സീസണില്‍ ടീമിന് ആദ്യ കിരീടം നേടികൊടുക്കണമെന്നാണ് ആഗ്രഹം; തുറന്ന് പറഞ്ഞ് പഞ്ചാബ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st June 2025, 4:53 pm

ഐ.പി.എല്‍ 2025ല്‍ രണ്ടാം ക്വാളിഫയര്‍ മത്സരമാണ് നടക്കാനിരിക്കുന്നത്. രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യന്‍സുമാണ് നേരിടുക. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ജയിക്കുന്നവര്‍ ആര്‍.സി.ബിക്കെതിരെ കിരീടത്തിനായി പോരിനിറങ്ങും. പഞ്ചാബ് കന്നി കിരീടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ മുംബൈയ്ക്ക് ഉന്നം ആറാം കിരീടമാണ്. എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയാണ് മുംബൈ ഫൈനലിലെ സ്ഥാനം തേടിയിറങ്ങുന്നത്. അതേസമയം, പഞ്ചാബ് കിങ്സ് ഒന്നാം ക്വാളിഫയറില്‍ ബെംഗളൂരുവിനോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയാണ് മുംബൈക്കെതിരെ കളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നത്.

ഇപ്പോള്‍ മത്സരത്തിന് മുന്നോടിയായി തന്റെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിങ്. മുംബൈക്കെതിരെ വാംഖഡെയില്‍ കളിച്ച അരങ്ങേറ്റ മത്സരമാണ് തന്റെ ഏറ്റവും മികച്ച മത്സരമായി കരുതുന്നതെന്ന് പഞ്ചാബ് താരം പറഞ്ഞു.

പഞ്ചാബിനെ ഐ.പി.എല്ലിലെ ആദ്യ കിരീടം നേടാന്‍ സഹായിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ജിയോ ഹോട്ട്സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു അര്‍ഷ്ദീപ് സിങ്.

‘സമ്മര്‍ദഘട്ടത്തില്‍ പന്തേല്‍പ്പിക്കുമ്പോള്‍ ടീമിന് എന്നില്‍ ഉള്ള വിശ്വാസത്തില്‍ സന്തോഷമുണ്ട്. അത്തരം സമയങ്ങളില്‍ ആ നിമിഷം ആസ്വദിക്കാനും ടീമിന് നല്ല ഫലങ്ങള്‍ നല്‍കാനും ഞാന്‍ ശ്രമിക്കാറുണ്ട്. ചില അവസരങ്ങളില്‍ ഇത് സംഭവിക്കാറില്ല, പക്ഷേ, അടുത്ത മത്സരത്തില്‍ അവസരം ലഭിക്കുമ്പോള്‍ ടീമിനായി പരമാവധി ചെയ്യാറുണ്ട്.

മുംബൈക്കെതിരെ വാംഖഡെയില്‍ കളിച്ച അരങ്ങേറ്റ മത്സരമാണ് ഞാന്‍ എന്റെ ഏറ്റവും മികച്ച മത്സരമായി കരുതുന്നത്. ആ മത്സരത്തില്‍ ഞാന്‍ നാല് വിക്കറ്റ് നേടിയിരുന്നു. അത് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ സീസണില്‍ പഞ്ചാബിനെ ഐ.പി.എല്ലിലെ ആദ്യ കിരീടം നേടാന്‍ സഹായിക്കാനും വരും വര്‍ഷങ്ങളില്‍ ടീമിനായി മികച്ച പ്രകടനം നടത്തി ഒരു പാരമ്പര്യം സൃഷ്ടിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു,’ അര്‍ഷ്ദീപ് പറഞ്ഞു

പഞ്ചാബ് കിങ്‌സിനായി മികച്ച പ്രകടനമാണ് അര്‍ഷ്ദീപ് സിങ് നടത്തിക്കൊണ്ടിരിക്കുന്നത്. 15 മത്സരത്തില്‍ നിന്ന് 18 വിക്കറ്റുകള്‍ നേടി ടീമിന്റെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതാണ് ഇടം കൈയ്യന്‍ ബൗളര്‍. 8.63 എക്കോണമിയിലാണ് താരം ഈ സീസണില്‍ പന്തെറിഞ്ഞത്.

Content Highlight: IPL 2025: PBKS vs Mi: Arshdeep Singh says he looking forward to help to win first title the  Punjab Kings in ongoing IPL season