ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ പടുകൂറ്റന്‍ ടോട്ടലാണ് പഞ്ചാബ് കിങ്‌സ് അടിച്ചെടുത്തത്. ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടി.
പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ അര്‍ധ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യര്‍, ശശാങ്ക് സിങ് എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെയും ബലത്തിലാണ് ടീം മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
ഈ ഇന്നിങ്‌സിന് പിന്നാലെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ 230+ റണ്‍സ് നേടിയ ടീമുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും പഞ്ചാബ് കിങ്‌സിനായി. ഇത് ഏഴാം തവണയാണ് പഞ്ചാബ് 230+ റണ്‍സ് സ്വന്തമാക്കുന്നത്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 230+ റണ്‍സ് നേടുന്ന ടീം
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ തുടക്കത്തിലേ നഷ്ടമായിരുന്നു. നാല് പന്തില്‍ ഒറ്റ റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്.
രണ്ടാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിനെ ഒപ്പം കൂട്ടി പ്രഭ്‌സിമ്രാന്‍ സിങ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 48 റണ്‍സ് നീണ്ട കൂട്ടുകെട്ട് തകര്‍ത്ത് ആകാശ് സിങ്ങാണ് സൂപ്പര്‍ ജയന്റ്‌സിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. 14 പന്തില്‍ 30 റണ്‍സ് നേടിയായിരുന്നു താരത്തിന്റെ മടക്കം.
നാലാം നമ്പറിലെത്തിയ ശ്രേയസ് അയ്യരും പ്രഭ്‌സിമ്രാനൊപ്പം ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറയാതെ നോക്കി. ടീം സ്‌കോര്‍ 128ല്‍ നില്‍ക്കവെ 25 പന്തില്‍ 45 റണ്‍സുമായി തിളങ്ങിയ ക്യാപ്റ്റനെ പഞ്ചാബിന് നഷ്ടമായി. ദിഗ്വേഷ് രാഥിയാണ് വിക്കറ്റ് നേടിയത്.
പിന്നാലെയെത്തിയ നേഹല്‍ വധേര ഒമ്പത് പന്തില്‍ 16 റണ്‍സടിച്ച് മടങ്ങിയെങ്കിലും ശശാങ്ക് സിങ്ങിനൊപ്പം മറ്റൊരു കൂട്ടുകെട്ടും പ്രഭ്‌സിമ്രാന്‍ പടുത്തുയര്‍ത്തി.
ഒടുവില്‍ 48 പന്തില്‍ 91 റണ്‍സുമായി താരം മടങ്ങി. ദിഗ്വേഷ് രാഥിയുടെ പന്തില്‍ നിക്കോളാസ് പൂരന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. ആറ് ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.