ഐ.പി.എല്ലിലെ ലോ സ്‌കോറിങ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സ് വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം ഹോം സ്റ്റേഡിയമായ മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
പഞ്ചാബ് കിങ്സ് ഉയര്‍ത്തിയ 112 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 95ന് പുറത്താവുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എളുപ്പം വിജയിക്കുമെന്ന് കരുതിയ മത്സരത്തില്‍ നാല് വിക്കറ്റുമായി തിളങ്ങിയ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ കരുത്തില്‍ പഞ്ചാബ് വിജയം നേടുകയായിരുന്നു.
𝙏𝙃𝙄𝙎. 𝙄𝙎. 𝘾𝙄𝙉𝙀𝙈𝘼 🎬#PBKS have pulled off one of the greatest thrillers in #TATAIPL history 😮
മത്സരത്തിന് ശേഷം ആവേശജയത്തെ കുറിച്ച് പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യര്‍ സംസാരിച്ചിരുന്നു. ഇത്തരം വിജയങ്ങള്‍ ദഹിക്കാന്‍ പ്രയാസമാണെങ്കിലും അത് തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും 111 റണ്‍സ് പ്രതിരോധിച്ച് 16 റണ്‍സിന് വിജയിച്ചതിനാല്‍ ഞങ്ങള്‍ മാന്യമായ ഒരു സ്‌കോര്‍ നേടിയെന്ന് താന്‍ കരുതുന്നുവെന്നും ശ്രേയസ് പറഞ്ഞു. യൂസി പന്തെറിയാന്‍ വന്നപ്പോള്‍ താരത്തിന്റെ ലെങ്ത് നിയന്ത്രിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നെന്നും പഞ്ചാബ് നായകന്‍ കൂട്ടിച്ചേര്‍ത്തു.
‘ഇത് വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ പ്രയാസമാണ്. യൂസി (യുസ്വേന്ദ്ര ചഹല്‍) പന്തെറിയാന്‍ വരുമ്പോള്‍ അവന്റെ ലെങ്ത് നിയന്ത്രിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇത്തരം വിജയങ്ങള്‍ ദഹിക്കാന്‍ പ്രയാസമാണ്, പക്ഷേ അത് ഞങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
111 റണ്‍സ് പ്രതിരോധിച്ച് 16 റണ്‍സിന് വിജയിച്ചതിനാല്‍ ഞങ്ങള്‍ മാന്യമായ ഒരു സ്‌കോര്‍ നേടിയെന്ന് ഞാന്‍ കരുതുന്നു. എല്ലാ ബൗളര്‍മാരോടും സ്റ്റംപിന് സമീപം പന്തെറിയാന്‍ ഞാന്‍ പറഞ്ഞു,’ ശ്രേയസ് പറഞ്ഞു.
കൊല്‍ക്കത്തക്കെതിരെയായ മത്സരത്തില്‍ എവിടെയാണ് തങ്ങള്‍ക്ക് അനുകൂലമായതെന്നും ശ്രേയസ് പറഞ്ഞു. രണ്ട് ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത് കളി തങ്ങള്‍ക്ക് അനുകൂലമാക്കിയെന്നും രഹാനെയും ആംഗ്രിഷും കൊല്‍ക്കത്തക്കായി മികച്ച പ്രകടനം പുറത്തെടുത്തുവെന്നും താരം പറഞ്ഞു.
‘രണ്ട് ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍, കളിയുടെ മൊമെന്റം ഞങ്ങളിലേക്ക് മാറി. എന്നിരുന്നാലും, അവരുടെ രണ്ട് ബാറ്റര്‍മാര്‍ (രഹാനെയും ആംഗ്രിഷും) പ്രധാനപ്പെട്ട റണ്‍സ് കൂട്ടിച്ചേര്‍ത്തു. ചഹല്‍ വന്നപ്പോള്‍, അദ്ദേഹം പന്ത് തിരിക്കാന്‍ തുടങ്ങി, ഞാന്‍ ഫീല്‍ഡര്‍മാരെ ബാറ്റിനടുത്ത് നിര്‍ത്താന്‍ തീരുമാനിച്ചു. അവസാനം ഞങ്ങള്‍ക്ക് ഫലം ലഭിച്ചു,’ ശ്രേയസ് പറഞ്ഞു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് കിങ്സിന് തൊട്ടതെല്ലാം പിഴച്ചു. പവര്‍പ്ലേയില്‍ തന്നെ നാല് വിക്കറ്റുകള്‍ ടീമിന് നഷ്ടപ്പെട്ടിരുന്നു. ശ്രേയസ് അയ്യര്‍ അടക്കമുള്ള മുന്നേറ്റ നിര താളം കണ്ടെത്താന്‍ സാധിക്കാതെ പാടുപെട്ടതോടെ പഞ്ചാബിന്റെ സ്‌കോറിലും അത് പ്രതിഫലിച്ചു.
15 പന്തില്‍ 30 റണ്‍സെടുത്ത പ്രഭ് സിമ്രാന്‍ സിങ്ങും 12 പന്തില്‍ 22 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയും മാത്രമാണ് പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പൂജ്യത്തിനും പുറത്തായതും ടീമിന് തിരിച്ചടിയായി.
മൂന്ന് വിക്കറ്റെടുത്ത യുവതാരം ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയുമാണ് പഞ്ചാബ് ബാറ്റിങ് നിരയെ തകര്‍ത്തത്. ആന്റിക് നോര്‍ക്യയും വൈഭവ് അറോറയും ഓരോ വിക്കറ്റ് വീതവും നേടി.
ടീം സ്‌കോര്‍ 62ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ രഹാനെയുടെ വിക്കറ്റ് വീഴ്ത്തി ചഹലാണ് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. പിന്നാലെ മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന ആംഗ്രിഷിന്റെ വിക്കറ്റും ചഹല്‍ വീഴ്ത്തി. റിങ്കു സിങ്ങിന്റെയും രമണ്‍ദീപ് സിങ്ങിന്റെയുമാണ് ചഹല്‍ നേടിയ മറ്റ് രണ്ട് വിക്കറ്റുകള്‍.
മത്സരത്തില്‍ നാല് ഓവറില്‍ ഏഴ് എക്കോണമിയില്‍ പന്തെറിഞ്ഞ ചഹല്‍ 28 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. താരത്തിന് പുറമെ മാര്‍ക്കോ യാന്‍സന്‍ മൂന്ന് വിക്കറ്റ് നേടി. ഗ്ലെന്‍ മാക്സ്വെല്‍, അര്‍ഷ്ദീപ് സിങ്, സേവ്യര്‍ ബാര്‍ട്ലെറ്റ് എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.
Content Highlight: IPL 2025: PBKS vs KKR: Punjab Kings skipper Shreyas Iyer talks about the win against Kolkata Knight Riders