മാക്‌സ്‌വെല്ലിന്റെ പ്രകടനങ്ങള്‍ വളരെ മോശം, ഒരു യഥാര്‍ത്ഥ ഓള്‍റൗണ്ടറായി നിന്നാണിത്; രൂക്ഷ വിമര്‍ശനവുമായി ഡൗള്‍
IPL
മാക്‌സ്‌വെല്ലിന്റെ പ്രകടനങ്ങള്‍ വളരെ മോശം, ഒരു യഥാര്‍ത്ഥ ഓള്‍റൗണ്ടറായി നിന്നാണിത്; രൂക്ഷ വിമര്‍ശനവുമായി ഡൗള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th April 2025, 11:49 am

ഐ.പി.എല്ലിലെ ലോ സ്‌കോറിങ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സ് വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം ഹോം സ്റ്റേഡിയമായ മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

പഞ്ചാബ് കിങ്സ് ഉയര്‍ത്തിയ 112 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 95ന് പുറത്താവുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എളുപ്പം വിജയിക്കുമെന്ന് കരുതിയ മത്സരത്തില്‍ നാല് വിക്കറ്റുമായി തിളങ്ങിയ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ കരുത്തില്‍ പഞ്ചാബ് വിജയം നേടുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് കിങ്സിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. പവര്‍പ്ലേയില്‍ തന്നെ നാല് വിക്കറ്റുകള്‍ ടീമിന് നഷ്ടപ്പെട്ടിരുന്നു. ശ്രേയസ് അയ്യര്‍ അടക്കമുള്ള മുന്നേറ്റ നിര താളം കണ്ടെത്താന്‍ സാധിക്കാതെ പാടുപെട്ടതോടെ പഞ്ചാബിന്റെ സ്‌കോറിലും അത് പ്രതിഫലിച്ചു.

15 പന്തില്‍ 30 റണ്‍സെടുത്ത പ്രഭ് സിമ്രാന്‍ സിങ്ങും 12 പന്തില്‍ 22 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയും മാത്രമാണ് പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. ബാറ്റിങ്ങില്‍ മോശം പ്രകടനം തുടരുന്ന ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ കൊല്‍ക്കത്തക്കെതിരെയും നിരാശപ്പെടുത്തി. പത്ത് പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് താരം നേടിയത്.

ഇപ്പോള്‍ താരത്തിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് താരം സൈമണ്‍ ഡൗള്‍. താന്‍ ഇപ്പോഴാണ് മാക്‌സ്‌വെല്ലിന്റെ പ്രകടനങ്ങള്‍ നോക്കുന്നതെന്നും അവ ശരിക്കും മോശമാണെന്നും ഡൗള്‍ പറഞ്ഞു. ബൗളിങ് അദ്ദേഹത്തിന്റെ രണ്ടാമത്തെ കഴിവാണെന്ന് എന്നാണ് സാധാരണയായി പറയാറുള്ളതെന്നും അദ്ദേഹത്തെ ഒരു ബൗളിങ് ഓപ്ഷനായി മാത്രം ടീമില്‍ നിലനിര്‍ത്തുന്നത് വളരെ രസകരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ക്രിക് ബസ്സില്‍ സംസാരിക്കുകയായിരുന്നു സൈമണ്‍ ഡൗള്‍.

‘ഞാന്‍ ഇപ്പോഴാണ് മാക്‌സ്‌വെല്ലിന്റെ പ്രകടനങ്ങള്‍ നോക്കുന്നത്. അവ എത്ര മോശമാണെന്ന് എനിക്ക് മനസിലായിരുന്നില്ല. അവ ശരിക്കും മോശമാണ്. ഒരു യഥാര്‍ത്ഥ ഓള്‍റൗണ്ടറായി തെരഞ്ഞെടുക്കപ്പെട്ട ഒരാളില്‍ നിന്നാണ് ഇത്. ബൗളിങ് അദ്ദേഹത്തിന്റെ രണ്ടാമത്തെ കഴിവാണെന്ന് എന്നാണ് സാധാരണയായി പറയാറുള്ളത്.

116 എന്ന സ്‌ട്രൈക്ക് റേറ്റ്, 13 ഇന്നിങ്‌സുകളില്‍ നിന്ന് 6 ശരാശരിയില്‍ 86 റണ്‍സ് എന്നത് ശരിക്കും ശരാശരി കാര്യങ്ങളാണ്. അവ ഭയങ്കര മോശം സംഖ്യകളാണ്. അദ്ദേഹത്തെ ഒരു ബൗളിങ് ഓപ്ഷനായി മാത്രം ടീമില്‍ നിലനിര്‍ത്തുന്നത് വളരെ രസകരമാണ്,’ ഡൗള്‍ പറഞ്ഞു.

അതേസമയം, ബൗളിങ്ങില്‍ പഞ്ചാബ് കിങ്‌സിനായി ഭേദപ്പെട്ട പ്രകടനമാണ് മാക്‌സ്‌വെല്‍ കാഴ്ച വെക്കുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ നാല് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഐ.പി.എല്‍ 2025ല്‍ 27.50 ആവറേജും 8.46 എക്കോണമിയുമാണ് താരത്തിന്റെ പേരിലുള്ളത്.

Content Highlight: IPL 2025: PBKS vs KKR: Former New Zealand Simon Doull talks about Punjab Kings all rounder Glenn Maxwell