ജയ്പൂരിലെ സ്റ്റോയ്നിസ് കൊടുങ്കാറ്റ്; റെക്കോഡ് നേട്ടത്തില്‍ ഇനി മറ്റൊരു ഓസ്ട്രേലിയനൊപ്പം
IPL
ജയ്പൂരിലെ സ്റ്റോയ്നിസ് കൊടുങ്കാറ്റ്; റെക്കോഡ് നേട്ടത്തില്‍ ഇനി മറ്റൊരു ഓസ്ട്രേലിയനൊപ്പം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th May 2025, 7:41 am

ഐ.പി.എല്‍ 2025ല്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി ദല്‍ഹി ക്യാപിറ്റല്‍സ്. ജയ്പ്പൂരില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ദല്‍ഹി വിജയം സ്വന്തമാക്കിയത്. യുവതാരം സമീര്‍ റിസ്വിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ക്യാപിറ്റല്‍സ് അവസാന മത്സരം വിജയിച്ച് കയറിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് കിങ്സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എടുത്തിരുന്നു. ഡെത്ത് ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയ്നിസിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് പഞ്ചാബ് സ്‌കോര്‍ 200 കടത്തിയത്.

ദല്‍ഹിക്കെതിരെ ഓസ്ട്രേലിയന്‍ താരം 16 പന്തില്‍ 44 റണ്‍സ് എടുത്താണ് മിന്നും പ്രകടനം നടത്തിയത്. നാല് സിക്സും മൂന്ന് ഫോറും അടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്സ്. 275 എന്ന അതുഗ്രന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സ്റ്റോയ്നിസ് ദല്‍ഹി ബൗളര്‍മാരെ പ്രഹരിച്ചത്. ഏഴാം നമ്പറില്‍ ഇറങ്ങിയായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സ്റ്റോയ്നിസ് സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഏഴാം സ്ഥാനത്തോ അതിന് താഴെയോ ബാറ്റിങ്ങിനിറങ്ങി ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള രണ്ടാമത്തെ താരമാകാനാണ് സ്റ്റോയ്നിസിന് സാധിച്ചത്. ഈ നേട്ടത്തില്‍ മറ്റൊരു ഓസ്ട്രേലിയന്‍ താരവും സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റനുമായ പാറ്റ് കമ്മിന്‍സാണ് മുന്നിലുള്ളത്.

ഐ.പി.എല്ലില്‍ ഏഴാം സ്ഥാനത്തോ അതില്‍ താഴെയോ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള താരം (കുറഞ്ഞത് 15 പന്ത്)

( സ്‌ട്രൈക്ക് റേറ്റ് – താരം – എതിരാളി – വേദി – വര്‍ഷം എന്നെ ക്രമത്തില്‍

373 – പാറ്റ് കമ്മിന്‍സ് – മുംബൈ ഇന്ത്യന്‍സ് – പൂനെ – 2022

275 – മാര്‍ക്കസ് സ്റ്റോയ്നിസ് – ദല്‍ഹി ക്യാപിറ്റല്‍സ് – ജയ്പൂര്‍- 2025

275 – ശശാങ്ക് സിങ് – ഗുജറാത്ത് ടൈറ്റന്‍സ് – അഹമ്മദാബാദ് – 2025

272 – ഹര്‍ഭജന്‍ സിങ് – ഡെക്കാന്‍ ചാര്‍ജേഴ്സ് – നവി മുംബൈ – 2010

കൂടാതെ, ഈ സീസണില്‍ 19 – 20 ഓവറില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള താരമാകാനും ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ക്കായി. ഈ ഓവറുകളില്‍ താരത്തിന് 309 സ്‌ട്രൈക്ക് റേറ്റാണുള്ളത്.

ഐ.പി.എല്‍ 2025ല്‍ 19 – 20 ഓവറില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള താരം, സ്‌ട്രൈക്ക് റേറ്റ്

മാര്‍ക്കസ് സ്റ്റോയ്നിസ് – 309

നമന്‍ ധിര്‍ – 271

ടിം ഡേവിഡ് – 258

റിങ്കു സിങ് – 255

സ്റ്റോയ്നിസിന് പുറമെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മികച്ച പ്രകടനം നടത്തി. 34 പന്തില്‍ 53 റണ്‍സ് എടുത്താണ് പഞ്ചാബ് നായകന്‍ ടീമിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.

Content Highlight: IPL 2025: PBKS vs DC: Marcus Stoinis became the second batter to have highest strike rate in at 7 or lower in IPL Innings