എന്തിനാണ് അത്തരം വിളികള്‍, ഗില്‍ അവനായി തന്നെ തുടരട്ടെ; പ്രതികരണവുമായി പാര്‍ത്ഥീവ് പട്ടേല്‍
IPL
എന്തിനാണ് അത്തരം വിളികള്‍, ഗില്‍ അവനായി തന്നെ തുടരട്ടെ; പ്രതികരണവുമായി പാര്‍ത്ഥീവ് പട്ടേല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th May 2025, 11:00 am

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. ക്യാപ്പിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടായ ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് നേടിയെടുത്തത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തിരുന്നു. തുടക്കം പതറിയ ക്യാപിറ്റല്‍സ് സെഞ്ച്വറിയുമായി തിളങ്ങിയ കെ.എല്‍ രാഹുലിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

മറുപടി ബാറ്റിങ്ങില്‍ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ മറികടന്നാണ് ടൈറ്റന്‍സ് വിജയം നേടിയെടുത്തത്. മത്സരത്തില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ സെഞ്ച്വറിയോളം പോന്ന ഇന്നിങ്ങ്‌സുമായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ക്യാപിറ്റല്‍സിനെതിര 53 പന്തില്‍ 93 റണ്‍സാണ് ഗില്‍ നേടിയെടുത്തത്. ഏഴ് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ബാറ്റിങ്. 175.47 സ്‌ട്രൈക്ക് റേറ്റിലാണ് ഗുജറാത്ത് നായകന്‍ ദല്‍ഹിക്കെതിരെ ബാറ്റേന്തിയത്.

ഐ.പി.എല്ലിലും ഇന്ത്യന്‍ ക്രിക്കറ്റിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കുന്ന ശുഭ്മന്‍ ഗില്ലിനെ ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും പ്രിന്‍സ് എന്ന് വിളിക്കാറുണ്ട്. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഗുജറാത്തിന്റെ കോച്ചിങ് സ്റ്റാഫുമായ പാര്‍ത്ഥീവ് പട്ടേല്‍.

ശുഭ്മന്‍ ഗില്ലിനെ ‘പ്രിന്‍സ്’ എന്ന് വിളിക്കുന്നതിനു പകരം അവന്‍ അവനായി തന്നെ തുടരട്ടെ എന്നും കമന്ററി ബോക്‌സില്‍ നിന്നാണ് ആ പേര് വന്നതെന്നും പാര്‍ത്ഥീവ് പറഞ്ഞു. ഗില്‍ അധികം സംസാരിക്കില്ലെന്നും ഡ്രസിങ് റൂമില്‍ അവന്റെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ശുഭ്മന്‍ ഗില്ലിനെ ‘പ്രിന്‍സ്’ എന്ന് വിളിക്കുന്നതിനു പകരം അവന്‍ അവനായി തന്നെ തുടരട്ടെ. കമന്ററി ബോക്‌സില്‍ നിന്ന് നിങ്ങളാണ് അദ്ദേഹത്തിന് ഈ പേര് നല്‍കിയത്.

അവന്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയും ഡ്രസിങ് റൂമില്‍ തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്നു. ഗില്‍ അധികം സംസാരിക്കില്ല, പക്ഷേ അവന്റെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്,’ പാര്‍ത്ഥീവ് പട്ടേല്‍ പറഞ്ഞു.

ഗില്‍ തന്റെ ബാറ്റിങ്ങിനെ ഗൗരവമായി കാണുന്നുവെന്നും മത്സരത്തിനായുള്ള താരമെടുക്കുന്ന തയ്യാറെടുപ്പുകള്‍ മൂലമാണ് റിസള്‍ട്ട് ഉണ്ടാകുന്നതെന്നും പാര്‍ത്ഥീവ് പറഞ്ഞു. ഗുജറാത്തിന്റെ അടുത്ത ലക്ഷ്യം മികച്ച രണ്ട് ടീമുകളില്‍ ഒന്നായി ഫിനിഷ് ചെയ്യുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘അവന്‍ തന്റെ ബാറ്റിങ്ങില്‍ നന്നായി കഠിനാധ്വാനം ചെയ്യുന്നു. ഗില്‍ തന്റെ ബാറ്റിങ്ങിനെ ഗൗരവമായി കാണുന്നു, ഒരു മത്സരത്തിനായി അവന്‍ എങ്ങനെ തയ്യാറെടുക്കുന്നുവെന്ന് ഞങ്ങള്‍ കാണാറുണ്ട്. അത്തരം തയ്യാറെടുപ്പുകള്‍ മൂലമാണ് നമ്മള്‍ കാണുന്ന റിസള്‍ട്ട് ഉണ്ടാകുന്നത്

ഞങ്ങളുടെ അടുത്ത ലക്ഷ്യം മികച്ച രണ്ട് ടീമുകളില്‍ ഒന്നായി ഫിനിഷ് ചെയ്യുക എന്നതാണ്, അടുത്ത രണ്ട് മത്സരങ്ങളില്‍ വിജയിച്ചാല്‍ നമുക്ക് നമ്മുടെ ലക്ഷ്യം കൈവരിക്കാന്‍ കഴിയും,’ പാര്‍ത്ഥീവ് പട്ടേല്‍ പറഞ്ഞു.

Content Highlight: IPL 2025: Parthiv Patel talks about calling Shubhman Gill as prince