ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിന് പുറത്തേക്കുള്ള വഴിയൊരുക്കിയിരുന്നു. സ്വന്തം തട്ടകമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 38 റണ്‍സിന്റെ വിജയവുമായാണ് ടൈറ്റന്‍സ് ഓറഞ്ച് ആര്‍മിയെ തകര്‍ത്തെറിഞ്ഞത്.
ടൈറ്റന്‍സ് ഉയര്‍ത്തിയ 225 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സണ്‍റൈസേഴ്സ് 186/6 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.
മത്സരത്തില്‍ വിജയം സ്വന്തമാക്കാന്‍ സാധിച്ചെങ്കിലും സൂപ്പര്‍ താരം റാഷിദ് ഖാന്റെ പ്രകടനത്തില്‍ ആരാധകര്‍ ഏറെ നിരാശരാണ്. വിക്കറ്റുകള്‍ നേടാനോ ബ്രേക് ത്രൂകള്‍ സമ്മാനിക്കാനോ സാധിക്കാതെ കഷ്ടപ്പെടുന്ന അഫ്ഗാനിസ്ഥാന്റെ സൂപ്പര്‍ ഓള്‍ റൗണ്ടറെയാണ് സീസണില്‍ ആരാധകര്‍ കാണുന്നത്.
സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ താരം 50 റണ്‍സാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടാനും സാധിച്ചില്ല. സണ്‍റൈസേഴ്‌സ് ഇന്നിങ്‌സിലെ 19ാം ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് മൂന്ന് സിക്‌സറടക്കം 21 റാഷിദ് ഖാനെതിരെ അടിച്ചുകൂട്ടിയത്.
റാഷിദ് ഖാന്റെ മോശം പ്രകടനങ്ങളെ കുറിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ് ടീമിന്റെ സഹപരിശീലകന്‍ പാര്‍ത്ഥിവ് പട്ടേലിനോട് സംസാരിച്ചിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ടോക് ഷോയിലാണ് ഹര്‍ഭജന്‍ പാര്‍ത്ഥിവ് പട്ടേലിനോട് റാഷിദ് ഖാന്റെ ബൗളിങ് പ്രകടനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയത്.
റാഷിദ് ഖാന്റെ പ്രകടനം തുടരെ തുടരെ മോശമാവുകയാണെന്നും ഇത് മറികടക്കാന്‍ എന്ത് നടപടികളാണ് ടീം സ്വീകരിക്കുന്നതെന്നുമായിരുന്നു ടര്‍ബണേറ്ററിന്റെ ചോദ്യം.
ഇതിന് ‘റാഷിദ് ഖാന്‍ ഒരിക്കലും സ്വയം തെളിയിക്കേണ്ടതില്ല. അവന്‍ നെറ്റ്‌സില്‍ മികച്ച രീതിയിലാണ് പന്തെറിയുന്നത്. തന്റെ മികച്ച പ്രകടനത്തിലേക്ക് മടങ്ങിവരാന്‍ ഒരു മത്സരം മാത്രമാണ് അവന്‍ അകലെയുള്ളത്. ഈ സീസണിലെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മത്സരത്തില്‍ റാഷിദ് തിരിച്ചുവരുമെന്ന് നമുക്കെല്ലാമറിയാം,’ എന്നായിരുന്നു പാര്‍ത്ഥിവ് പട്ടേലിന്റെ മറുപടി.
സീസണില്‍ കളിച്ച പത്ത് മത്സരത്തില്‍ നിന്നും ഏഴ് വിക്കറ്റുകള്‍ മാത്രമാണ് താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്. 50.28 എന്ന മോശം ശരാശരിയും 9.51 എക്കോണമിയുമാണ് അഫ്ഗാന്റെ മിസ്റ്ററി സ്പിന്നര്‍ക്ക് ഈ സീസണിലുള്ളത്.
അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ ടൈറ്റന്‍സ് പ്ലേ ഓഫിലേക്ക് വീണ്ടും ഒരു അടി കൂടി വെച്ചിരിക്കുകയാണ്. പത്ത് മത്സരത്തില്‍ നിന്നും ഏഴ് വിജയത്തോടെ നിലവില്‍ രണ്ടാം സ്ഥാനത്താണ് ടൈറ്റന്‍സ്. 11 മത്സരത്തില്‍ നിന്നും ഏഴ് വിജയം നേടിയ മുംബൈ ഇന്ത്യന്‍സാണ് രണ്ടാമത്.
മെയ് ആറിനാണ് ഗില്ലും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയമാണ് വേദി.