ഐ.പി.എല്ലില്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സുമാണ് ഏറ്റുമുട്ടുന്നത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ എട്ടാം സ്ഥാനത്താണ് നിലവില്‍ രാജസ്ഥാന്‍.
അതേസമയം അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ രണ്ടാം സ്ഥാനത്താണ് ദല്‍ഹി. പോയിന്റ് ടേബിളില്‍ മുന്നേറാന്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് വിജയം അനിവാര്യമാണ്. ഇരുവരും ഏറ്റുമുട്ടുമ്പോള്‍ തകര്‍പ്പന്‍ മത്സരം തന്നെയായിരിക്കും ഇന്ന് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുക.
രാജസ്ഥാന്‍ റോയല്‍സിന്റെ ഇടം കയ്യന്‍ ബാറ്റര്‍ നിതീഷ് റാണ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളില്‍ പരിക്ക് പറ്റിയ സഞ്ജുവിന് പകരം ക്യാപ്റ്റന്‍ സ്ഥാനം റിയാന്‍ പരാഗിനെ ഏല്‍പ്പിച്ചതിനെക്കുറിച്ചും തന്റെ പ്രകടനത്തെക്കുറിച്ചും താരം സംസാരിച്ചിരുന്നു. ടീം ആവശ്യപ്പെടുന്ന എന്തും ചെയ്യുമെന്നും എപ്പോഴും മികച്ച പ്രകടനം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും റാണ പറഞ്ഞു.
‘അവര്‍ എന്നെ സമീപിച്ചിരുന്നെങ്കില്‍ ഞാന്‍ സന്തോഷത്തോടെ നായകസ്ഥാനം ഏറ്റെടുക്കുമായിരുന്നു. എന്നാല്‍ ആത്യന്തികമായി ടീമിന് ഏറ്റവും നല്ലത് അതാണ്. മാനേജ്‌മെന്റ് ശരിയായ തീരുമാനമെടുത്തുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.
കളത്തില്‍ കാര്യങ്ങള്‍ പലപ്പോഴും വ്യത്യസ്തമായിരിക്കും. ചില സമയങ്ങളില്‍, മത്സരത്തിന്റെ സാഹചര്യം ഒരു പ്രത്യേക സമീപനം ആവശ്യപ്പെടുന്നു. ഐ.പി.എല്‍ പോലുള്ള ഒരു ഫോര്‍മാറ്റില്‍ ഇടത്-വലത് ബാറ്റിങ് കോമ്പിനേഷന്‍ ഉണ്ടായിരിക്കേണ്ടത് നിര്‍ണായകമാണ്. എനിക്ക് ബാറ്റ് ചെയ്യാന്‍ അധികം അവസരങ്ങള്‍ ലഭിക്കാത്ത ചില മത്സരങ്ങളുണ്ടായിരുന്നു.
എന്റെ പരമാവധി നല്‍കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. തുടക്കത്തില്‍ ഞാന്‍ താഴെ നിന്ന് ബാറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമോ എന്ന് അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ സമ്മതിച്ചു, ഒടുവില്‍ 80 റണ്‍സ് സ്‌കോര്‍ ചെയ്തു. അതിനാല്‍ ടീമിന് ആവശ്യമുള്ളത് നല്‍കുന്നതില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതിന് ഞാന്‍ എപ്പോഴും തയ്യാറാണ്,’ റാണ പറഞ്ഞു.
Content Highlight: IPL 2025: Nitish Rana Talking About Captaincy And His Performance