ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ കഴിഞ്ഞ ദിവസം (ബുധന്‍) ഇന്റര്‍നാഷണല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിരമിക്കലിനെ കുറിച്ച് പോസ്റ്റ് ഷെയര്‍ ചെയ്തത്. രോഹിത്തിന്റെ പെട്ടെന്നുള്ള വിരമിക്കല്‍ തീരുമാനത്തില്‍ സീനിയര്‍ താരങ്ങളടക്കം പ്രതികരിച്ചിരുന്നു.
ഇപ്പോള്‍ രോഹിത്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. കപില്‍ദേവിനേയും സുനില്‍ ഗവാസ്‌കറിനേയും പോലെയാണ് രോഹിത് പടിയിറങ്ങിയതെന്നും രോഹിത് ഇന്ത്യയ്ക്ക് വേണ്ടി നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിച്ചെന്നും സിദ്ദു പറഞ്ഞു. മാത്രമല്ല രോഹിത് ഒരു ഗെയിം ചേഞ്ചറാണെന്നും രോഹിത്തിന്റെ ഓര്‍മകള്‍ എന്നും നിലനില്‍ക്കുമെന്നും സിദ്ദു പറഞ്ഞു.
‘കപില്‍ലും ഗവാസ്‌കറും പോയി, ഇപ്പോള്‍ രോഹിത് ശര്‍മ മിന്നുന്ന പ്രകടനത്തോടെയാണ് പുറത്തുപോകുന്നത്. ടി-20യിലും അപ്രതീക്ഷിതമായാണ് അദ്ദേഹം വിരമിച്ചത്. ലോകകപ്പില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ സിക്‌സറുകള്‍ക്ക് പറത്തിയപ്പോള്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഫൈനലില്‍ വിരാട് കോഹ്‌ലി മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിച്ചു. എന്നിട്ടും അവര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.
രോഹിത് ശര്‍മ ഒരു ഗെയിം ചേഞ്ചറാണ്. അദ്ദേഹത്തിന്റെ 12 ടെസ്റ്റ് സെഞ്ച്വറികള്‍ ഒരു വിജയത്തിലേക്ക് നയിച്ചു. അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു, അദ്ദേഹത്തിന്റെ പേര് എപ്പോഴും ഓര്‍മിക്കപ്പെടും. രോഹിത് നമ്മുടെ ഓര്‍മകളില്‍ നിലനില്‍ക്കും. അദ്ദേഹം ഒരു നല്ല മനുഷ്യനുമായിരുന്നു. മുന്‍ കളിക്കാരില്‍ നിന്നും ഇപ്പോഴത്തെ കളിക്കാരില്‍ നിന്നും ലഭിക്കുന്ന ബഹുമാനം രോഹിത് നേടിയിട്ടുണ്ട്,’ സിദ്ധു പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി 2013ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രോഹിത്. 67 ടെസ്റ്റ് മത്സരങ്ങളിലെ 116 ഇന്നിങ്സില്‍ നിന്നും 4301 റണ്‍സ് സ്വന്തമാക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. 212 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ അടക്കം ഫോര്‍മാറ്റില്‍ 40.6 ആവറേജിലാണ് താരം ബാറ്റ് വീശിയത്.
ടെസ്റ്റില്‍ 12 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും രോഹിത് നേടിയിട്ടുണ്ട്. 88 സിക്സറുകളും 473 ഫോറും ഫോര്‍മാറ്റില്‍ രോഹിത് അടിച്ചെടുത്തു. മാത്രമല്ല 24 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച രോഹിത് 12 വിജയവും ഒമ്പത് തോല്‍വിയുമാണ് ഫോര്‍മാറ്റില്‍ വഴങ്ങിയത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും ഇന്ത്യയ്ക്ക് വേണ്ടി മികച്ച സംഭാവനകള്‍ നല്‍കാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്.
നേരത്തെ 2024 ടി-20 ലോകകപ്പില്‍ കിരീടം ചൂടിയതോടെ ഫോര്‍മാറ്റില്‍ നിന്ന് രോഹിത് പടിയിറങ്ങിയിരുന്നു. അന്ന് തന്നോടൊപ്പം സൂപ്പര്‍താരം വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരെ 2023-24 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിക്കാന്‍ രോഹിത് സാധിച്ചിരുന്നു.