ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പഞ്ചാബ് കിങ്‌സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മഹാരാജ യാദവേദ്രാ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനാണ് പഞ്ചാബ് വിജയിച്ചു കയറിയത്.
മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് പഞ്ചാബ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ആദ്യ ഇന്നിങ്‌സില്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട പഞ്ചാബിനെ കരകയറ്റിയത് 24കാരനായ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയാണ്. ഐ.പി.എല്‍ കരിയറിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. 40 പന്തില്‍ നിന്ന് ഒമ്പത് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 102 റണ്‍സ് നേടിയാണ് താരം പുറത്തായത്.
ഇപ്പോള്‍ താരത്തിന്റെ ഈ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്ജോത് സിങ് സിദ്ദു. വിരാട് കോഹ്‌ലിയെപ്പോലെയുള്ള ബാറ്റര്‍മാര്‍ 160 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശുന്നതെന്നും എവന്നാല്‍ പ്രിയാന്‍ഷ് ഏതാണ്ട് 250 പ്രഹരശേഷിയിലാണ് ബാറ്റ് വീശുന്നതെന്നും മുന്‍ താരം പറഞ്ഞു. മാത്രമല്ല പ്രിയാന്‍ഷ് ഉറപ്പായും ഇന്ത്യന്‍ ടീമില്‍ കയറുമെന്നും സിദ്ദു പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിക്കുകയായിരുന്നു സിദ്ദു.
‘വിരാട് കോഹ്ലിയും മറ്റ് ബാറ്റര്‍മാരും 160 സ്ട്രൈക്ക് റേറ്റിലാണ് റണ്‍സ് നേടുന്നത്. പ്രിയാന്‍ഷ് ആര്യയുടെ സ്ട്രൈക്ക് റേറ്റ് ഏകദേശം 250 ആയിരുന്നു. ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ കാണും, 100 ശതമാനവും അവന്‍ ഇന്ത്യന്‍ ടീമിലെത്തും,’ നവജോത് സിങ് സിദ്ദു സ്റ്റാര്‍ സ്പോര്‍ട്‌സില്‍ പറഞ്ഞു.
നേരിട്ട 39ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാകാനും, ഐ.പി.എല്ലില്‍ വേഗതയേറിയ സെഞ്ച്വറി നേടുന്ന ആദ്യത്തെ അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ താരമാകാനും, ചെന്നൈക്കെതിരെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന താരമാകാനും പ്രിയാന്‍ഷിന് സാധിച്ചിരുന്നു.