2025 ഐ.പി.എല്ലില്‍ പ്ലേ ഓഫിലേക്ക് കുതിച്ച് മുംബൈ ഇന്ത്യന്‍സ്. സ്വന്തം തട്ടകമായ വാഖംഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 59 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഉയര്‍ത്തിയ 181 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 121 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മുംബൈയുടെ വിജയം.
മത്സര ശേഷം മുംബൈ ഇന്ത്യന്‍സിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു സംസാരിച്ചിരുന്നു. മുംബൈ വിജയിച്ചുതുടങ്ങിയാല്‍ അവരെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ഇന്ത്യന്‍ ടീമിന്റെ പകുതിയോളം ആളുകള്‍ മുംബൈക്ക് വേണ്ടിയാണ് കളിക്കുന്നതെന്നും സിദ്ദു പറഞ്ഞു. മാത്രമല്ല ആദ്യ നാല് മത്സരങ്ങളില്‍ പരാജയപ്പെട്ടാണ് മുംബൈ അവസാന എട്ട് മത്സരങ്ങളിലെ എഴിലും വിജയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മുംബൈ ഇന്ത്യന്‍സ് ജയിക്കാന്‍ തുടങ്ങിയാല്‍, അവരെ തടയാന്‍ ആര്‍ക്കും കഴിയില്ല. ഇന്ത്യന്‍ ടീമിന്റെ പകുതിയും അവര്‍ക്കുവേണ്ടിയാണ് കളിക്കുന്നത്. അവസാന എട്ട് മത്സരങ്ങളില്‍ ഏഴെണ്ണത്തില്‍ ജയിക്കുന്നതിന് മുമ്പ് അവര്‍ നാല് മത്സരങ്ങള്‍ പരാജയപ്പെട്ടിരുന്നു. മുംബൈക്ക് മാത്രമേ അത് ചെയ്യാന്‍ സാധിക്കൂ,’ സിദ്ദു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച കളിക്കാരടങ്ങുന്ന ശക്തമായ നിരയാണ് മുംബൈക്ക് ഉള്ളത്. മാത്രമല്ല 2024ലെ ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത ടീം അംഗങ്ങളാണ് താരങ്ങള്‍. ഇതോടെ ആറാം ഐ.പി.എല്‍ കിരീടത്തിലേക്ക് ശക്തമായ പ്രതീക്ഷകളാണ് ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് നല്‍കുന്നത്.
നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും അഞ്ച് പരാജയവും ഉള്‍പ്പെടെ 16 പോയിന്റുമായി നാലാം സ്ഥാനത്തുള്ള മുംബൈ തങ്ങളുടെ ആറാം കിരീടം ലക്ഷ്യം വെക്കുമ്പോള്‍, വരാനിരിക്കുന്ന മത്സരങ്ങള്‍ക്ക് വേണ്ടി വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും. നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് 18 പോയിന്റാണ് നേടിയത്. രണ്ടാം സ്ഥാനത്ത് ബെംഗളൂരുവും മൂന്നാം സ്ഥാനത്ത് പഞ്ചാബുമാണ്.