സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി സീസണിലെ അഞ്ചാം ജയമാഘോഷിച്ച് മുംബൈ ഇന്ത്യന്‍സ്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ഇഷാന്‍ കിഷന്റെ പുറത്താകല്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ മത്സരത്തില്‍ 26 പന്ത് ശേഷിക്കവെയായിരുന്നു മുംബൈയുടെ വിജയം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കത്തിലേ പിഴച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെ ഒരിക്കല്‍ക്കൂടി തിളങ്ങാന്‍ സാധിക്കാതെ പോയി. നാല് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെയാണ് പുറത്തായത്.
വണ്‍ ഡൗണായെത്തിയ ഇഷാന്‍ കിഷന്‍ വീണ്ടും നിരാശപ്പെടുത്തി. നാല് പന്തില്‍ ഒറ്റ റണ്‍സ് നേടിയാണ് ഇഷാന്‍ മടങ്ങിയത്. ദീപക് ചഹറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍ടണിന് ക്യാച്ച് നല്‍കിയായിരുന്നു താരം തിരിച്ചുനടന്നത്.
ബൗളര്‍ പോലും അപ്പീല്‍ ചെയ്യാത്ത സാഹചര്യത്തില്‍ ഔട്ട് എന്ന് സ്വയം തീരുമാനിച്ചുറപ്പിച്ച ഇഷാന്‍ തിരികെ ഡ്രസ്സിങ് റൂമിലേക്ക് തിരികെ നടക്കുകയായിരുന്നു.
എന്നാല്‍ ശേഷം അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ല എന്ന് വ്യക്തമാവുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ പോലും താത്പര്യം കാണിക്കാതിരുന്ന ക്യാച്ചില്‍ യഥാര്‍ത്ഥത്തില്‍ ഔട്ടാകാതെയാണ് ഇഷാന്‍ കിഷന്‍ ഔട്ടായത്.
Fairplay or facepalm? 🤯
Ishan Kishan walks… but UltraEdge says ‘not out!’ What just happened?!
എട്ട് പന്തില്‍ എട്ട് റണ്‍സുമായി അഭിഷേക് ശര്‍മയും ആറ് പന്തില്‍ രണ്ട് റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും മടങ്ങിയതോടെ 14 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് ഹോം ടീം കൂപ്പുകുത്തി.
എന്നാല്‍ അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ ഹെന്‌റിക് ക്ലാസന്‍ തോറ്റുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. അനികേത് വര്‍മ 12 റണ്‍സിന് പുറത്തായെങ്കിലും ഇംപാക്ട് പ്ലെയറായെത്തിയ അഭിനവ് മനോഹറിനെ ഒപ്പം കൂട്ടി താരം സ്‌കോര്‍ ഉയര്‍ത്തി.
10/10 for that innovative shot! 🔥
15/10 for doing it against Bumrah! 🙌
ആറാം വിക്കറ്റില്‍ 99 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും ഹോം ടീമിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. ടീം സ്‌കോര്‍ 35ല്‍ നില്‍ക്കവെ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് തകരുന്നത് 134ലാണ്.
അധികം വൈകാതെ അഭിനവ് മനോഹറും മടങ്ങി. 37 പന്തില്‍ 43 റണ്‍സുമായി നില്‍ക്കവെ ഹിറ്റ് വിക്കറ്റായാണ് താരം പുറത്തായത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഓറഞ്ച് ആര്‍മി 143ലെത്തി.
മുംബൈ ഇന്ത്യന്‍സിനായി ട്രെന്റ് ബോള്‍ട്ട് നാല് വിക്കറ്റ് നേടിയപ്പോള്‍ ദീപക് ചഹര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ജസ്പ്രീത് ബുംറയും ഹര്‍ദിക് പാണ്ഡ്യയുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് റിയാന്‍ റിക്കല്‍ടണെ തുടക്കത്തിലേ നഷ്ടമായിരുന്നു. എട്ട് പന്തില്‍ 11 റണ്‍സുമായി നില്‍ക്കവെ ജയ്‌ദേവ് ഉനദ്കട്ടിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
What a start! Unadkat strikes gold in his very first over, removing the dangerous Rickelton!
എന്നാല്‍ വണ്‍ ഡൗണായെത്തിയ വില്‍ ജാക്‌സിനെ ഒപ്പം കൂട്ടി രോഹിത് ശര്‍മ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും മുംബൈ ഇന്നിങ്‌സില്‍ നിര്‍ണായകമായത്.
ടീം സ്‌കോര്‍ 77ല്‍ നില്‍ക്കവെ വില്‍ ജാക്‌സിനെ മടക്കി സീഷന്‍ അന്‍സാരി കൂട്ടുകെട്ട് പൊളിച്ചു. 19 പന്തില്‍ 22 റണ്‍സ് നേടിയാണ് വില്‍ ജാക്‌സ് മടങ്ങിയത്.
വില്‍ ജാക്‌സ് പുറത്തായെങ്കിലും സൂര്യകുമാറിനെ ഒപ്പം കൂട്ടി രോഹിത് ടീമിനെ വിജയ തീരത്തേക്ക് അടുപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയുമായാണ് ഹിറ്റ്മാന്‍ തിളങ്ങിയത്.
46 പന്തില്‍ 70 റണ്‍സുമായി രോഹിത് മടങ്ങുമ്പോള്‍ വിജയത്തിന് വെറും 14 റണ്‍സ് മാത്രമകലെയായിരുന്നു മുംബൈ. സൂര്യകുമാറിന്റെ പ്രകടനകത്തില്‍ വെറും ആറ് പന്തില്‍ ടീം വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.
സൂര്യ 19 പന്തില്‍ പുറത്താകാതെ 40 റണ്‍സ് നേടിയപ്പോള്‍ രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി തിലക് വര്‍മ വിന്നിങ് ഷോട്ടിന് സാക്ഷിയായി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്നു.
ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും മുംബൈ ഇന്ത്യന്‍സിനായി. ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും നാല് തോല്‍വിയുമായി പത്ത് പോയിന്റാണ് ടീമിനുള്ളത്.
ഏപ്രില്‍ 27നാണ് മുംബൈയുടെ അടുത്ത മത്സരം. ലഖ്‌നൗ ആണ് എതിരാളികള്‍.