ഗുഡ് ബൈ ക്യാപ്പിറ്റല്‍സ്; സൂര്യതേജസില്‍ മുംബൈ, പ്ലേ ഓഫിന്
IPL
ഗുഡ് ബൈ ക്യാപ്പിറ്റല്‍സ്; സൂര്യതേജസില്‍ മുംബൈ, പ്ലേ ഓഫിന്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st May 2025, 11:23 pm

 

ദല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലേക്ക്. മുംബൈ വാഖംഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 59 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ സ്വന്തമാക്കിയത്.

സൂര്യകുമാര്‍ യാദവിന്റെ കരുത്തില്‍ മുംബൈ ഉയര്‍ത്തിയ 181 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന് 121 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടമായി. അഞ്ച് പന്തില്‍ അഞ്ച് റണ്‍സുമായാണ് രോഹിത് മടങ്ങിയത്.

ക്വിക് ഫയറുമായി സ്‌കോര്‍ ഉയര്‍ത്തിയ വില്‍ ജാക്‌സിനെയും റിയാന്‍ റിക്കല്‍ടണെയും അധികനേരം ക്രീസില്‍ നിര്‍ത്താതെ ദല്‍ഹി ബൗളര്‍മാര്‍ തിരിച്ചയച്ചു. വില്‍ ജാക്‌സ് 13 പന്തില്‍ 21 റണ്‍സും റിക്കല്‍ടണ്‍ 18 പന്തില്‍ 25 റണ്‍സും സ്വന്തമാക്കിയാണ് മടങ്ങിയത്.

പിന്നാലെയെത്തിയ സൂര്യ – തിലക് സഖ്യത്തെ വമ്പന്‍ ഷോട്ടുകളുതിര്‍ക്കാനോ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിക്കാനോ അനുവദിക്കാതെ ദല്‍ഹി ബൗളര്‍മാര്‍ വിരുതുകാട്ടി. ടീം സ്‌കോര്‍ 113ല്‍ നില്‍ക്കവെ അഞ്ചാം വിക്കറ്റായി തിലക് വര്‍മയെയും ദല്‍ഹി പുറത്താക്കി. 27 പന്തില്‍ 27 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.

ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ സ്‌കോര്‍ ബോര്‍ഡിനെ അധികം ബുദ്ധിമുട്ടിക്കാതെ വന്നതുപോലെ തിരിച്ചുപോയി. അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് പാണ്ഡ്യയ്ക്ക് നേടാനായത്.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സ്‌കൈ കൂടുതല്‍ ആക്രമണകാരിയായി. ഒരു വശത്ത് നിന്ന് സൂര്യയും മറുവശത്ത് നിന്ന് നമന്‍ ധിറും ബൗളര്‍മാരെ അടിച്ചുകൂട്ടി.

അവസാന രണ്ട് ഓവറുകളിലാണ് ദല്‍ഹി ബൗളര്‍മാര്‍ ശരിക്കും അടിവാങ്ങിക്കൂട്ടിയത്. 18 ഓവര്‍ അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 എന്ന നിലയില്‍ നിന്നും 20ാം ഓവര്‍ അവസാനിക്കുമ്പോള്‍ 180ന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞു.

മുകേഷ് കുമാര്‍ എറിഞ്ഞ 19ാം ഓവറില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറും അടക്കം 27 റണ്‍സ് പിറന്നപ്പോള്‍ ദുഷ്മന്ത ചമീരയുടെ അവസാന ഓവറില്‍ രണ്ട് സിക്‌സറും രണ്ട് ഫോറും അടക്കം 21 റണ്‍സും പിറന്നു.

ഒടുവില്‍ നിശ്ചിത ഓവറില്‍ മുംബൈ 180/5 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. സ്‌കൈ 43 പന്തില്‍ പുറത്താകാതെ 73 റണ്‍സ് നേടിയപ്പോള്‍ എട്ട് പന്തില്‍ 24 റണ്‍സുമായി നമന്‍ ധിര്‍ പുറത്താകാതെ നിന്നു.

ക്യാപ്പിറ്റല്‍സിനായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് ആഗ്രഹിച്ച തുടക്കമല്ല ലഭിച്ചത്. 30 റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ ദല്‍ഹിയുടെ ടോപ് ഓര്‍ഡര്‍ കൂടാരം കയറി.

ഏഴ് പന്തില്‍ ആറ് റണ്ണടിച്ച ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയെ മടക്കിക്കൊണ്ടാണ് മുംബൈ വേട്ടയാരംഭിച്ചത്. ദീപക് ചഹറിന്റെ പന്തില്‍ മിച്ചല്‍ സാന്റ്‌നറിന് ക്യാച്ച് നല്‍കിക്കൊണ്ടായിരുന്നു ഫാഫ് പുറത്തായത്.

11 റണ്‍സടിച്ച രാഹുലിനെ ട്രെന്റ് ബോള്‍ട്ട് റിയാന്‍ റിക്കല്‍ടണിന്റെ കൈകളിലെത്തിച്ചപ്പോള്‍ അഭിഷേക് പോരലിനെ ഒരു മികച്ച സ്റ്റംപിങ്ങിലൂടെ റിക്കല്‍ടണ്‍ തിരിച്ചയച്ചു.

നാലാം വിക്കറ്റില്‍ സമീര്‍ റിസ്വിയും വിപ്രജ് നിഗവും ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ മുംബൈ ബൗളര്‍മാര്‍ മൊമെന്റം കൈവെടിയാതെ കാത്തു.

സമീര്‍ റിസ്വി 35 പന്തില്‍ 39 റണ്‍സും വിപ്രജ് നിഗം 11 പന്തില്‍ 20 റണ്‍സും നേടി മടങ്ങി. ആരാധകര്‍ പ്രതീക്ഷ വെച്ച ട്രിസ്റ്റണ്‍ സ്റ്റബ്‌സിനും അശുതോഷ് ശര്‍മയ്ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല.

ഒടുവില്‍ 19ാം ഓവറിലെ രണ്ടാം പന്തില്‍ അവസാന വിക്കറ്റും നഷ്ടപ്പെടുത്തി ക്യാപ്പിറ്റല്‍സ് മത്സരവും പ്ലേ ഓഫ് മോഹങ്ങളും അടിയറവ് വെച്ചു.

 

മുംബൈ ഇന്ത്യന്‍സിനായി മിച്ചല്‍ സാന്റ്‌നറും ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട്, ദീപക് ചഹര്‍, കരണ്‍ ശര്‍മ, വില്‍ ജാക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

 

Content Highlight: IPL 2025: Mumbai Indians defeated Delhi Capitals, qualified for playoffs