ഐ.പി.എല്ലിലെ കിരീടനേട്ടം ആറായി ഉയര്‍ത്താനുള്ള തേരോട്ടത്തില്‍ ഒരു വലിയ പടി കൂടി മുംബൈ ഇന്ത്യന്‍സ് മുമ്പോട്ട് വെച്ചിരിക്കുകയാണ്. എലിമിനേറ്ററില്‍ കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ രണ്ടാം ക്വാളിഫയറിന് ടിക്കറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് 208ല്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, റിച്ചാര്‍ഡ് ഗ്ലീസണ്‍, മിച്ചല്‍ സാന്റ്നര്‍ എന്നിവരുടെ മികച്ച ബൗളിങ് പ്രകടനത്തിന്റെ കരുത്തിലാണ് പള്‍ട്ടാന്‍സ് ടൈറ്റന്‍സിനെ വിജയലക്ഷ്യം കടക്കാന്‍ അനുവദിക്കാതെ തളച്ചിട്ടത്.
സീനിയര്‍ ബൗളര്‍മാര്‍ക്കൊപ്പം ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ ഇടംകയ്യന്‍ പേസര്‍ അശ്വിനി കുമാറും മികച്ച പ്രകടനം പുറത്തെടുത്ത് കയ്യടി നേടിയിരുന്നു. 3.3 ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും താരം സ്വന്തമാക്കി. ബുംറയ്ക്ക് ശേഷം എലിമിനേറ്ററില്‍ ഏറ്റവും മികച്ച എക്കോണമിയും അശ്വിനി കുമാറിന്റേതായിരുന്നു.
ഇപ്പോള്‍ അശ്വിനിയെ കുറിച്ച് സംസാരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനെ. അശ്വിനി കുമാര്‍ വളരെ മികച്ച ബൗളറാണെന്നും ബുംറയടക്കമുള്ള സീനിയേഴ്‌സില്‍ നിന്നും അവന്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘അവന്‍ വളരെ മികച്ച താരമാണ്. ഈ സീസണില്‍ ഞങ്ങള്‍ നല്‍കിയ ചലഞ്ചുകളെല്ലാം തന്നെ വളരെ മനോഹരമായാണ് അവന്‍ പൂര്‍ത്തിയാക്കിയത്. ആഭ്യന്തര തലത്തില്‍ ഏറെ മത്സരങ്ങളൊന്നും തന്നെ കളിച്ചില്ലെങ്കിലും അവനെ കണ്ട നിമിഷം മുതല്‍ തന്നെ അവന്റെ കഴിവ് എത്രത്തോളമുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായിരുന്നു.
കണ്‍ഫ്യൂഷനുകള്‍ ഒഴിവാക്കാന്‍ അവനായി കാര്യങ്ങളെല്ലാം സിംപിളായാണ് പ്ലാന്‍ ചെയ്തത്. കൂടാതെ ബൂം (ജസ്പ്രീത് ബുംറ), ദീപക് ചഹര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരില്‍ നിന്നെല്ലാം മികച്ച പിന്തുണയും അവന് ലഭിക്കുന്നുണ്ട്.
സമ്മര്‍ദഘട്ടങ്ങളില്‍ എത്രത്തോളം മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കും എന്നതാണ് ഏറ്റവും പ്രധാനം, എന്നാല്‍ അത് ഏറ്റവും മികച്ച രീതിയില്‍ തന്നെ അവന്‍ കൈകാര്യം ചെയ്യുന്നുണ്ട്.
എതിരാളികള്‍ക്കനുസരിച്ച് തന്ത്രപൂര്‍വമാണ് ഞങ്ങള്‍ അവനെ ഉപയോഗിക്കുന്നത്. അവന്‍ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണ്, അവനില്‍ നിന്ന് ഇനിയുമേറെ പുറത്തുവരാനുണ്ട്. അവനെ നേര്‍വഴിയില്‍ നയിക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ ജയവര്‍ധനെ പറഞ്ഞു.
ഈ സീസണില്‍ കൊല്‍ക്കത്തയ്‌ക്കെതിരെയാണ് താരം തന്റെ ഐ.പി.എല്‍ അരങ്ങേറ്റം കുറിച്ചത്. മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിനി കുമാര്‍ മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായി. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെ വെറും 116ന് എറിഞ്ഞിട്ട മുംബൈ 43 പന്തും എട്ട് വിക്കറ്റും ശേഷിക്കെ വിജയം സ്വന്തമാക്കി. മത്സരത്തിലെ താരവും അശ്വിനി തന്നെയായിരുന്നു.
ആറ് മത്സരത്തില്‍ നിന്നും ഒമ്പത് വിക്കറ്റുകളാണ് അശ്വിനി കുമാര്‍ സ്വന്തമാക്കിയത്. 19.66 ശരാശരിയും 11.00 സ്‌ട്രൈക് റേറ്റിലുമാണ് താരം പന്തെറിയുന്നത്.