മുംബൈയുടെ താണ്ഡവത്തില്‍ രാജസ്ഥാന്‍ ചാരം; രോഹിത്ത് ഇനി മുംബൈയുടെ ഒരേയൊരു രാജാവ്!
IPL
മുംബൈയുടെ താണ്ഡവത്തില്‍ രാജസ്ഥാന്‍ ചാരം; രോഹിത്ത് ഇനി മുംബൈയുടെ ഒരേയൊരു രാജാവ്!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd May 2025, 8:08 am

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന (വ്യാഴം) മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ വിജയം. സ്വന്തം തട്ടകമായ സവായി മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 100 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ ഐ.പി.എല്‍ 2025ല്‍ പുറത്താകുന്ന രണ്ടാമത്തെ ടീമായിരിക്കുകയാണ് രാജസ്ഥാന്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ രാജസ്ഥാന്‍ 16.1 ഓവറില്‍ 117 റണ്‍സിന് പുറത്താകുകയായിരുന്നു.

ഐ.പി.എല്ലില്‍ 17 തവണ 200+ റണ്‍സ് ഡിഫന്റ് ചെയ്യാനിറങ്ങിയ മുംബൈ ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല. മാത്രമല്ല സീസണില്‍ മോശം തുടക്കം നേരിട്ടെങ്കിലും തുടര്‍ച്ചയായി ആറ് മത്സരം വിജയിച്ച് മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

മുംബൈയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനമാണ് ഓപ്പണര്‍മാരായ റയാന്‍ റിക്കിള്‍ട്ടനും രോഹിത് ശര്‍മയും കാഴ്ചവെച്ചത്. രോഹിത് 36 പന്തില്‍ 53 റണ്‍സ് നേടി പരാഗിന്റെ ഇരയായപ്പോള്‍ റയാന്‍ 38 പന്തില്‍ 61 റണ്‍സും നേടി. ശേഷം ഇറങ്ങിയ സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും 23 പന്തില്‍ 48 റണ്‍സ് വീതം നേടി ശക്തമായി തിരിച്ചടിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

വിജയത്തോടെ തന്റെ ഐ.പി.എല്‍ കരിയറിലെ 46ാം അര്‍ധ സെഞ്ച്വറിയില്‍ ഒരു തകര്‍പ്പന്‍ നേട്ടവും രോഹിത് സ്വന്തമാക്കിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ടി-20യില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏക താരമാകാനാണ് രോഹിത്തിന് സാധിച്ചത്. 6024 റണ്‍സാണ് താരം മുംബൈക്ക് വേണ്ടി നിലവില്‍ നേടിയത്. മാത്രമല്ല മുംബൈക്ക് വേണ്ടി ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരവും രോഹിത്താണ്.

മുംബൈക്ക് ഇന്ത്യന്‍സിന് വേണ്ടി ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ് എന്ന ക്രമത്തില്‍

രോഹിത് ശര്‍മ – 6024

കിറോണ്‍ പൊള്ളാര്‍ഡ് – 3915

സൂര്യകുമാര്‍ യാധവ് – 3508

സൂപ്പര്‍ പേസ്‌റായ ട്രെന്‍ന്റ് ബോള്‍ട്ടിന്റെയും കരണ്‍ ശര്‍മയുടെയും മിന്നും പ്രകടനത്തിലാണ് രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞത്. 2.1 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. കരണ്‍ 4 ഓവറില്‍ 23 റണ്‍സും വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടി. ജസ്പ്രീത് ബുംറ നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനവും നടത്തി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ദീപക് ചഹറും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

രാജസ്ഥാന്‍നിരയില്‍ ജോഫ്രാ ആര്‍ച്ചറിനു മാത്രമാണ് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചത്. 27 പന്തില്‍ 33 റണ്‍സ് ആണ് താരം നേടിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 14 കാരന്‍ വൈഭവ് സൂര്യവംശി പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ യശസ്വി ജെയ്‌സ്വാള്‍ 13 റണ്‍സിനും മടങ്ങി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 16 റണ്‍സിനും കൂടാരം കയറിയതോടെ രാജസ്ഥാനിനെ സമ്മര്‍ദം വരിഞ്ഞുമുറുക്കുകയായിരുന്നു. പിന്നീടങ്ങോട്ട് മുംബൈ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടേയിരുന്നു.

 

Content Highlight: IPL 2025: Mumbai Indian Won Against Rajasthan And Rohit Sharma Complete 6000 T-20 Runs For M.I