ഈ സീസണില്‍ പാടെ നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. കളിച്ച 12 മത്സരത്തില്‍ ഒമ്പതിലും പരാജയപ്പെട്ട ടീം നിലവില്‍ പത്താം സ്ഥാനത്താണ്.
ഒടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കളിച്ച മത്സരത്തില്‍ സൂപ്പര്‍ കിങ്‌സ് വിജയിച്ചിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്സ് രണ്ട് പന്തും രണ്ട് വിക്കറ്റും ശേഷിക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.
യുവതാരം ഡെവാള്‍ഡ് ബ്രെവിസ് (25 പന്തില്‍ 52), ഇംപാക്ട് പ്ലെയര്‍ ശിവം ദുബെ (40 പന്തില്‍ 45), അരങ്ങേറ്റക്കാരന്‍ ഉര്‍വില്‍ പട്ടേല്‍ (11 പന്തില്‍ 31) എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് സൂപ്പര്‍ കിങ്സ് സീസണിലെ മൂന്നാം വിജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ എം.എസ്. ധോണി 18 പന്തില്‍ പുറത്താകാതെ 17 റണ്‍സും സ്വന്തമാക്കിയിരുന്നു.
ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് ധോണിയെ തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ 225 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്. 202 വിജയം നേടിയ ദിനേഷ് കാര്‍ത്തിക് മാത്രമാണ് ഇരുന്നൂറിലധികം ടി-20 വിജയങ്ങള്‍ തന്റെ പേരിലുള്ള ഏക വിക്കറ്റ് കീപ്പര്‍.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം മത്സരങ്ങള്‍ വിജയിച്ച വിക്കറ്റ് കീപ്പര്‍മാര്‍
നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നോട്ട്ഔട്ടായി തുടര്‍ന്നതോടെ മറ്റൊരു റെക്കോഡും ധോണി സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലില്‍ നൂറ് മത്സരങ്ങളില്‍ നോട്ട്ഔട്ടായി തുടര്‍ന്ന ആദ്യ താരമെന്ന റെക്കോഡാണ് ധോണി തന്റെ പേരില്‍ കുറിച്ചത്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ നോട്ട്ഔട്ടായ താരങ്ങള്‍
(താരം – എത്ര മത്സരങ്ങളില്‍ നോട്ട്ഔട്ട് എന്നീ ക്രമത്തില്‍)
എം.എസ്. ധോണി – 100*
രവീന്ദ്ര ജഡേജ – 80
കെയ്റോണ്‍ പൊള്ളാര്‍ഡ് – 52
ദിനേഷ് കാര്‍ത്തിക് – 50
ഡേവിഡ് മില്ലര്‍ – 49
ഡ്വെയ്ന്‍ ബ്രാവോ – 44
യൂസുഫ് പത്താന്‍ – 44
ഹര്‍ദിക് പാണ്ഡ്യ – 42
വിരാട് കോഹ്‌ലി – 40
എ.ബി. ഡി വില്ലിയേഴ്സ് – 40
അതേസമയം, കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ വിജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തന്നെയാണ് സൂപ്പര്‍ കിങ്സ് തുടരുന്നത്. ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം തന്നെ പുറത്തായ സൂപ്പര്‍ കിങ്സ് ഈ വിജയത്തിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്കും ഭീഷണി സൃഷ്ടിച്ചു.
നിലവില്‍ 12 മത്സരത്തില്‍ നിന്നും മൂന്ന് വിജയവും ഒമ്പത് പരാജയവുമായി ആറ് പോയിന്റാണ് ചെന്നൈ സൂപ്പര്‍ കിങ്സിനുള്ളത്. ഒമ്പതാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിനും 12 മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റാണെങ്കിലും നെറ്റ് റണ്‍ റേറ്റാണ് ഇരു ടീമുകളെയും വേര്‍തിരിക്കുന്നത്.
Content Highlight: IPL 2025: MS Dhoni becomes the 1st wicket keeper to win 225 T20 matches