ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിന്റെ വിജയമാണ് സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്.
കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്‌സ് രണ്ട് പന്തും രണ്ട് വിക്കറ്റും ശേഷിക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.
കൊല്‍ക്കത്തയ്‌ക്കെതിരെ പുറത്താകാതെ തുടര്‍ന്നതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ധോണി സ്വന്തമാക്കിയിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ നൂറ് മത്സരങ്ങളില്‍ നോട്ട്ഔട്ടായി തുടര്‍ന്ന ആദ്യ താരമെന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്.
അതേസമയം, കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തന്നെയാണ് സൂപ്പര്‍ കിങ്‌സ് തുടരുന്നത്. ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം തന്നെ പുറത്തായ സൂപ്പര്‍ കിങ്‌സ് ഈ വിജയത്തിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്കും ഭീഷണി സൃഷ്ടിച്ചു.
നിലവില്‍ 12 മത്സരത്തില്‍ നിന്നും മൂന്ന് വിജയവും ഒമ്പത് പരാജയവുമായി ആറ് പോയിന്റാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനുള്ളത്. ഒമ്പതാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിനും 12 മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റാണെങ്കിലും നെറ്റ് റണ്‍ റേറ്റാണ് ഇരു ടീമുകളെയും വേര്‍തിരിക്കുന്നത്.
മാര്‍ച്ച് 12നാണ് സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയമാണ് വേദി.
Content Highlight: IPL 2025: MS Dhoni becomes the 1st batter to complete 100 not out matches in IPL history